---
title: "#bridge | രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ കേരളത്തില്‍ നിര്‍മ്മിച്ചത് 62 പാലങ്ങള്‍; മന്ത്രി പി.എ മുഹമ്മദ് റിയാസ് "
english_title: "In two years, the government built 62 bridges in Kerala; Minister PA Muhammad Riaz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127153/in-two-years-the-government-built-62-bridges-in-kerala-minister-pa-muhammad-riaz"
published_at: "2023-07-03T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2e50374655_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #bridge | രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ കേരളത്തില്‍ നിര്‍മ്മിച്ചത് 62 പാലങ്ങള്‍; മന്ത്രി പി.എ മുഹമ്മദ് റിയാസ് 

> **Lead Summary:** **പേരാമ്പ്ര: **കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രണ്ടാമത് അധികാരമേറ്റതിന് ശേഷം 62 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്ന് പൊതുമരമാത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

## Article Content

**പേരാമ്പ്ര: **കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രണ്ടാമത് അധികാരമേറ്റതിന് ശേഷം 62 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്ന് പൊതുമരമാത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

ഒമ്പത് പാലങ്ങളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണെന്നും മൂന്നാം വാര്‍ഷികമാകുമ്പോഴേക്കും 30 പാലങ്ങളുടെ പ്രവൃത്തി കൂടി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍, പുറവൂര്‍, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലൂര്‍ ചെറുപുഴക്ക് കുറുകെ നിര്‍മ്മിച്ച പാറക്കടവത്ത് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 109 പാലങ്ങളുടെ പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണ്. പേരാമ്പ്ര മണ്ഡലത്തില്‍ 33.34 കോടി രൂപുടെ പാലം പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടെണ്ണം കൂടി മണ്ഡലവുമായി ബന്ധപ്പെട്ട് തുടങ്ങാനുണ്ട്. കീഴരിയൂര്‍ പഞ്ചായത്തിനെയും കൊയിലാണ്ടി മുന്‍സിപാലിറ്റിയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലം പ്രവൃത്തി ടെണ്ടര്‍ നടപടിയിലാണെന്നും അകലാപ്പുഴ പാലത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ പഞ്ചാത്തല മേഖലയിലെ വികസന കുതിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാലം മേഖലയിലെ വിപ്ലവം. സമയ ബന്ധിതമായി പാലങ്ങള്‍ തുറന്നുകൊടുക്കാന്‍ സാധിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.

സമയബന്ധിതമായി പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തികരിക്കുന്നതിന് പ്രയത്‌നിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കെ മുരളീധരന്‍ എം.പി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. പാലം വിഭാഗം ഉത്തര മേഖല എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അജിത്ത് സി.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

8.072 കോടി രൂപ ചെലവില്‍ ഇരുവശത്തും നടപ്പാതയുള്‍പ്പെടെയാണ് പാറക്കടവത്ത് പാലം നിര്‍മ്മിച്ചത്. 57 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിച്ചത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, വൈസ് പ്രസിഡന്റ് ടി.പി റീന, ജില്ലാ പഞ്ചായത്തംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്തംഗം പി.ടി അഷ്‌റഫ്, പഞ്ചായത്തഗങ്ങള്‍, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വി കുഞ്ഞിക്കണ്ണന്‍, മുന്‍ എം.എല്‍.എ കെ. കുഞ്ഞമ്മദ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ യു. അനിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ രമ സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിനി എന്‍.വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127153/in-two-years-the-government-built-62-bridges-in-kerala-minister-pa-muhammad-riaz)