---
title: "#road | അമ്പത് ശതമാനം റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി-മന്ത്രി പി.എ മുഹമ്മദ് റിയാസ് "
english_title: "Fifty percent of roads have been upgraded to BM and BC standards-Minister PA Muhammad Riaz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127199/fifty-percent-of-roads-have-been-upgraded-to-bm-and-bc-standards-minister-pa-muhammad-riaz"
published_at: "2023-07-03T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a305c1d2e7c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #road | അമ്പത് ശതമാനം റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി-മന്ത്രി പി.എ മുഹമ്മദ് റിയാസ് 

> **Lead Summary:** **അരിക്കുളം: **സംസ്ഥാനത്ത് പൊതുമരമത്ത് വകുപ്പിന് കീഴിലുള്ള അമ്പത് ശതമാനം റോഡുകളും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

## Article Content

**അരിക്കുളം: **സംസ്ഥാനത്ത് പൊതുമരമത്ത് വകുപ്പിന് കീഴിലുള്ള അമ്പത് ശതമാനം റോഡുകളും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

ദീര്‍ഘകാലം ഈട് നില്‍ക്കുന്ന മികച്ച ഗുണനിലവാരമുള്ള റോഡുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.

ഇതിന്റെ ഭാഗമായാണ് ചെലവ് കൂടിയതും ആധുനിക രീതിയിലുള്ളതുമായ ബിഎം ആന്റ് ബിസി നിലവാരത്തില്‍ റോഡുകള്‍ ടാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

നവീകരിച്ച പേരാമ്പ്ര- ചേനോളി- നൊച്ചാട്- എക്കാട്ടൂര്‍- തറമ്മല്‍ അങ്ങാടി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ 17,174 കിലോ മീറ്റര്‍ പൊതുമരാമത്ത് റോഡുകളും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി.

കേരളത്തിന്റെ പഞ്ചാത്തല വികസനവും ടൂറിസവും പുതിയ തലങ്ങളിലേക്ക് ഉയരുകയാണ്. 2025 ഓടെ ദേശീയപാത ആറുവരിയാക്കുന്നതിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കും.

മലയോര ഹൈവേയും തീരദേശ ഹൈവേയും കേരളത്തില്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 133.68 കിലോ മീറ്റര്‍ മലയോര ഹൈവേയുടെ പ്രവൃത്തി പൂര്‍ത്തിയായി കഴിഞ്ഞെന്നും തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള തീരദേശ പാത യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. റോഡ്‌സ് ഡിവിഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹാഷിം വി.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പേരാമ്പ്ര, നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 8.56 കിലോ മീറ്റര്‍ ദൂരത്തിലാണ് പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്തു നിന്നും തറമ്മലങ്ങാടിവരെ റോഡ് നിര്‍മ്മിച്ചത്.

10 കോടി രൂപ ചെലവില്‍ ആധുനിക രീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് റോഡിന്റെ നിര്‍മ്മാണം. റോഡിനോട് ചേര്‍ന്ന് കലുങ്കുകളും, അഴുക്കുചാലുകളും നിര്‍മ്മിച്ചിട്ടുണ്ട്. ആവശ്യമുള്ളയിടങ്ങളില്‍ സൈന്‍ ബോര്‍ഡുകളും റോഡ് മാര്‍ക്കിംഗുകളും നല്‍കി സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, വിവിധ പഞ്ചായത്തു പ്രസിഡന്റുമാരായ എ.എം സുഗതന്‍ മാസ്റ്റര്‍, ശാരദ പട്ടേരിക്കണ്ടി, ടി.പി ദാമോദരന്‍ മാസ്റ്റര്‍, വി.കെ പ്രമോദ്, വൈസ് പ്രസിഡന്റുമാരായ കെ.പി രജനി, പി.എം കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ അബനീഷ്, പഞ്ചായത്തംഗം വി.പി അശോകന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റോഡ്‌സ് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ജയശ്രീ യു.പി സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രഞ്ജി പി.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127199/fifty-percent-of-roads-have-been-upgraded-to-bm-and-bc-standards-minister-pa-muhammad-riaz)