---
title: "@ coconut | നാളികേര വിലയിടിവ്; കിസാന്‍ ജനത വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു "
english_title: "Fall in coconut prices; Kisan people staged a dharna in front of the village office at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127637/fall-in-coconut-prices-kisan-people-staged-a-dharna-in-front-of-the-village-office-at-changaroth"
published_at: "2023-07-05T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a51db82fd46_1_kisan.JPG"
keywords: []
---

# @ coconut | നാളികേര വിലയിടിവ്; കിസാന്‍ ജനത വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** **ചങ്ങരോത്ത് : **നാളികേര വിലയിടിവില്‍ പ്രതിഷേധിച്ച് കിസാന്‍ ജനത വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**ചങ്ങരോത്ത് : **നാളികേര വിലയിടിവില്‍ പ്രതിഷേധിച്ച് കിസാന്‍ ജനത വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

സര്‍ക്കാരിന്റെ പച്ചത്തേങ്ങ സംഭരണം തികഞ്ഞ പരാജയമായി മാറിയ സാഹചര്യത്തില്‍ കിലോക്ക് 50/- രൂപ നിരക്കില്‍ എല്ലാ കൃഷിഭവനുകള്‍ മുഖേനയും തേങ്ങ സംഭരിച്ച് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കിസാന്‍ ജനത ആവശ്യപ്പെട്ടു.

നാളികേരത്തിന് പൊതു മാര്‍ക്കറ്റില്‍ വിലയിടിഞ്ഞപ്പോള്‍, 2011 ല്‍ എല്‍ജെഡി നേതാവ് കെ.പി. മോഹനന്‍ കൃഷിവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ എല്ലാ കൃഷിഭവനുകള്‍ മുഖേനയും 35/- രൂപ നിരക്കില്‍ തേങ്ങാ സംഭരണം കാര്യക്ഷമമായി നടപ്പാക്കിയിരുന്നുവെന്നും ഇന്ന് നിത്യോപയോഗ സാധനങ്ങളുടെ വില രണ്ടിരട്ടി വര്‍ദ്ധിച്ചപ്പോള്‍ തേങ്ങ വില അന്നത്തേക്കാള്‍ പകുതിയായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങളുടേയും വില അടിക്കടി താഴുന്നതിനാല്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണുള്ളതെന്നും ഇക്കാര്യത്തില്‍ സമയോചിതമായി സര്‍ക്കാര്‍ ഇടപെട്ട് കൃഷി ഭവനുകള്‍ മുഖാന്തിരം കിലോക്ക് 50/- രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കിസാന്‍ ജനത ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി കൃഷിഭവനുമുന്നില്‍ ധര്‍ണ നടത്തിയത്.

കൂട്ടിയിട്ട തേങ്ങക്കു മീതെ റീത്തു സമര്‍പ്പിച്ചുകൊണ്ട് കിസാന്‍ ജനത ജില്ലാ സെക്രട്ടറി സി.ഡി പ്രകാശ് ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം കിസാന്‍ ജനത വൈസ് പ്രസിഡന്റ്  വി.എന്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു.

കിസാന്‍ ജനത സംസ്ഥാന കമ്മറ്റി അംഗം കെ.ജി. രാമ നാരായണന്‍, പി.സി. സതീഷ്, ഷാജി വട്ടോളി, രമണി ചാത്തോത്ത്, ടി. ശങ്കരന്‍ നായര്‍, പി.എം. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ഷാജന്‍ മാത്യു, എന്‍.പി. ബാലന്‍, മലയില്‍ ഗോപാലക്കുറുപ്പ്, സുരേന്ദ്രന്‍ സൂപ്പിക്കട എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127637/fall-in-coconut-prices-kisan-people-staged-a-dharna-in-front-of-the-village-office-at-changaroth)