---
title: "കുരുന്നുകള്‍ക്ക് വിസ്മയമായി സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് "
english_title: "School leader election as a surprise for children"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127779/school-leader-election-as-a-surprise-for-children"
published_at: "2023-07-05T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a58b0455fcf_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കുരുന്നുകള്‍ക്ക് വിസ്മയമായി സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 

> **Lead Summary:** **ചിങ്ങപുരം: **വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ നടന്ന സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.

## Article Content

**ചിങ്ങപുരം: **വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ നടന്ന സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.

വരണാധികാരിക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് മുതല്‍ സൂക്ഷ്മപരിശോധന വ്യത്യസ്ഥത നിറഞ്ഞ പ്രചാരണ പ്രവര്‍ത്തനങ്ങള്‍, കലാശക്കൊട്ട്, നിശബ്ദ പ്രചാരണം, പോളിംഗ് ബൂത്ത്, തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ പോളിംഗ് ഓഫീസര്‍മാര്‍, ഇലക്ഷന്‍ ഏജന്റുമാര്‍, ക്രമസമാധാന പാലനത്തിന് നിയമപാലകര്‍, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വോട്ടര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്, റിപ്പോര്‍ട്ടിംഗിനായി കുട്ടി മാധ്യമ പ്രവര്‍ത്തകര്‍, തുടങ്ങി യഥാര്‍ത്ഥ തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കൊണ്ട് പൂര്‍ണ്ണമായും കുട്ടികളുടെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

പ്രിസൈഡിംഗ് ഓഫീസര്‍ സാവന്ത് ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പോളിംങ് ഓഫീസര്‍മാരും, അര്‍വിന്‍ ഹാരിയുടെ നേതൃത്വത്തിലുള്ള ക്രമസമാധാന പാലകരും, വേദികയുടെ നേതൃത്വത്തിലുള്ള പോളിംഗ് ഏജന്റുമാരും തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കി.

വോട്ടെണ്ണി പ്രത്യേക അസംബ്ലിയില്‍ ഫല പ്രഖ്യാപനം നടത്തി. ആര്‍.കെ ഹംന മറിയത്തെ സ്‌കൂള്‍ ലീഡറായും, എസ്.ശ്രീരസ്യയെ ഡെപ്യൂട്ടി ലീഡറായും, എസ്. പാര്‍വണയെ വിദ്യാരംഗം ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രധാനാധ്യാപിക എന്‍.ടി.കെ. സീനത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. പി.ടി.എ.പ്രസിഡന്റ് പി.കെ. തുഷാര ഉപഹാര സമര്‍പ്പണം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127779/school-leader-election-as-a-surprise-for-children)