---
title: "# heavyrain | അതിശക്തമായ മഴ;  പേരാമ്പ്ര മേഖലയില്‍ വ്യാപകനാശനഷ്ടം"
english_title: "heavy rain; Widespread damage in Perambra region"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127792/heavy-rain-widespread-damage-in-perambra-region"
published_at: "2023-07-05T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a59e3643901_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# # heavyrain | അതിശക്തമായ മഴ;  പേരാമ്പ്ര മേഖലയില്‍ വ്യാപകനാശനഷ്ടം

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര മേഖലയില്‍ രണ്ടാം ദിവസവും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ഭരണകൂടം പുറപ്പെടുവിച്ചത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര മേഖലയില്‍ രണ്ടാം ദിവസവും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ഭരണകൂടം പുറപ്പെടുവിച്ചത്.

ചൊവ്വാഴ്ച രാവിലെ തുടങ്ങിയ മഴ ബുധനാഴ്ച വൈകിട്ടും തിമര്‍ത്തു പെയ്യുകയാണ്. പല സ്ഥലങ്ങളിലും മഴക്കെടുതി മൂലം വ്യാപകമായ നാശനഷ്ടമാണ് ഉണ്ടാകുന്നത്.

മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം നിരവധി കുടുംബങ്ങളാണ് ദുരിതത്തില്‍ ആയത്. ജൂലൈ ആറ് വരെ ജില്ലയില്‍ ഓറഞ്ച് മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്.

പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീടിനു മുകളില്‍ വീണും മതിലുകള്‍ ഇടിഞ്ഞും വെള്ളം കയറിയും കിണറുകള്‍ ഇടിഞ്ഞു താണും വന്‍ ദുരിതമാണ് ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

പല റോഡുകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതു കാരണം വാഹനയാത്രക്കും ബുദ്ധിമുട്ടായി. മേപ്പയ്യൂര്‍ സ്വദേശിയുടെ കിണര്‍ ഇടിഞ്ഞു താണിരുന്നു. നൊച്ചാട് മൂന്നാം വാര്‍ഡിലെ ചെരിപ്പേരിക്കുന്നില്‍ മണ്ണിടിച്ചിലുണ്ടായി.

മണ്ടോടിച്ചാലില്‍ ബാബുവിന്റെ വീടിനോട് ചേര്‍ന്നാണ് മണ്ണിടിഞ്ഞത്. സമീപത്തെ അംഗന്‍വാടി കെട്ടിടത്തിന്റെ മതിലിലേക്കാണ് മണ്ണ് പതിച്ചത്. സമീപ ഭാഗത്തൊക്കെ ചെറിയ രീതിയില്‍ മണ്ണിടിഞ്ഞിട്ടുണ്ട്.

ബാബുവിന്റെ വീടിന് സമീപത്തുള്ള കുഞ്ഞികൃഷ്ണന്റെ വീടും അപകട ഭീഷണിയിലാണ്. ഇരു കുടുംബങ്ങളോടും മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷവും ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പൊയില്‍ മീത്തല്‍ സത്യനാഥന്റ വീടിന്റെ മുകളില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം ഉണ്ടായി.

ഓടുമേഞ്ഞ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്. കൂരാച്ചുണ്ട് കാളങ്ങാലിയിലും വീടിനു മുകളില്‍ തെങ്ങ് വീണ് നാശനഷ്ടം ഉണ്ടായി.

കായണ്ണ വില്ലേജ് കരികണ്ടൻപാറ ചെമ്പ്ര റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു.

പാലേരി വിലേജിൽ കിണർ ഇടിഞ്ഞു താഴ്ന്നു. വാഴയിൽ അമ്മാളുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നത്. പാലേരി, , നടുവണ്ണൂർ, കൂരാച്ചുണ്ട്, ചെറുവണ്ണൂർ, ചക്കിട്ടപാറ, പന്തലായനി, ഉള്ളിയേരി എന്നീ വീല്ലേജുകളിൽ ഓരോ വീടുകൾക്ക് ഭാഗികമായി നാശ നഷ്ടം സംഭവിച്ചു.

അടിയന്തര സാഹചര്യം ഉണ്ടായാല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ 64 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയതായി കൊയിലാണ്ടി താഹസില്‍ദാര്‍ അറിയിച്ചു. കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍:0496 2623100

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127792/heavy-rain-widespread-damage-in-perambra-region)