---
title: "@UDF | പേരാമ്പ്ര ഗ്രാമപഞ്ചായത്തിനെതിരെ യുഡിഎഫ് സമര പ്രഖ്യാപനം "
english_title: "UDF strike announcement against Perampra Gram Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127991/udf-strike-announcement-against-perambra-gram-panchayath"
published_at: "2023-07-06T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a69c9991543_1_apass.jpg"
keywords: []
---

# @UDF | പേരാമ്പ്ര ഗ്രാമപഞ്ചായത്തിനെതിരെ യുഡിഎഫ് സമര പ്രഖ്യാപനം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്ന് ടൗണിലെ കടകളിലേക്കു വ്യാപിക്കുകയും ലക്ഷങ്ങളുടെ നഷ്ടമുണ്ടാവുകയും ചെയ്തിട്ടും തീപ്പിടുത്തത്തെ കുറിച്ചു അന്വേഷണം നടത്തുവാനോ കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കുവാനോ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് യുഡിഎഫ് ആരോപിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്ന് ടൗണിലെ കടകളിലേക്കു വ്യാപിക്കുകയും ലക്ഷങ്ങളുടെ നഷ്ടമുണ്ടാവുകയും ചെയ്തിട്ടും തീപ്പിടുത്തത്തെ കുറിച്ചു അന്വേഷണം നടത്തുവാനോ കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കുവാനോ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് യുഡിഎഫ് ആരോപിച്ചു.

സിപിഎം നേതൃത്വവും പൊലീസും പഞ്ചായത്തും ഒത്ത് കളിക്കുകയാണെന്നും പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന മാലിന്യ സംഭരണ കേന്ദ്രം അടിയന്തരമായി അവിടെ നിന്ന് മാറ്റണമെന്നും അവര്‍ പറഞ്ഞു.

ഒരു കാരണവശാലും ഇനിയും മാലിന്യം അവിടെ നിക്ഷേപിക്കരതെന്നും അവിടെ തന്നെ നിക്ഷേപിക്കാനാണ് നീക്കമെങ്കില്‍ യുഡിഎഫ് അതിനെ ശക്തമായി എതിര്‍ക്കുമെന്നും യുഡിഎഫ് പറഞ്ഞു.

മാലിന്യ സംഭരണ കേന്ദ്രം ടൗണില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികളും നിയമനടപടികളും സ്വീകരിക്കുവാന്‍ യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് യോഗം തീരുമാനിച്ചു.

മാലിന്യത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്, ശുചീകരണത്തൊഴിലാളികള്‍ പകരക്കാരെ വെച്ച് ജോലി ചെയ്യിക്കുന്നു, അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു, ഇതിനെല്ലാം ഭരണ സമിതിയും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണെന്നും എല്ലാ അഴിമതിക്കും കൂട്ടുനില്ക്കുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.

ഇതിന്റെ ഭാഗമായുള്ള സമരപരിപാടികളുടെ ആദ്യ ഘട്ടമായി ജൂലൈ 13 ന് പേരാമ്പ്രയില്‍ സമര പ്രഖ്യാപന വിശദീകരണ യോഗം നടക്കുമെന്നും യുഡിഎഫ് കമ്മിറ്റി അറിയിച്ചു.

യോഗം മുസ്ലീം ലീഗ് ജില്ലാ സെക്രട്ടി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

രാജന്‍ മരുതേരി, പി.കെ രാഗേഷ്, അര്‍ജുന്‍ കറ്റയാട്ട്, ഇഷാഹി, പി.എസ് സുനില്‍കുമാര്‍, കെ.സി രവീന്ദ്രന്‍, കെ.പി റസാക്ക്, ആര്‍.കെ മുഹമ്മദ്, പി.കെ റഹീം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127991/udf-strike-announcement-against-perambra-gram-panchayath)