---
title: "@Business | അടിസ്ഥാന സംരംഭകത്വവും ബിസിനസ് പ്ലാന്‍ വികസന ശില്‍പശാലയും ജൂലായ് 15 ന് "
english_title: "Basic Entrepreneurship and Business Plan Development Workshop on 15th July"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128010/basic-entrepreneurship-and-business-plan-development-workshop-on-15th-july-at-perambra"
published_at: "2023-07-06T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6abc127d28_1_w.jpg"
keywords: []
---

# @Business | അടിസ്ഥാന സംരംഭകത്വവും ബിസിനസ് പ്ലാന്‍ വികസന ശില്‍പശാലയും ജൂലായ് 15 ന് 

> **Lead Summary:** **പേരാമ്പ്ര: **എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് - ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം സംയുക്താഭിമുഖ്യത്തില്‍ ലോക യുവജന നൈപുണ്യ ദിനത്തില്‍ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര: **എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് - ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം സംയുക്താഭിമുഖ്യത്തില്‍ ലോക യുവജന നൈപുണ്യ ദിനത്തില്‍ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന യുവ സംരംഭകര്‍ക്കാണ് ശില്പശാല. യുവജനങ്ങള്‍ക്ക് മികച്ച സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങളും അവസരങ്ങളും കൈവരിക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

ബിസിനസ് പ്ലാന്‍ വികസിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും അറിവും അനുഭവങ്ങളും ശില്പ്ശാലയില്‍ പങ്കുവെയ്ക്കപ്പെടും. സ്വന്തമായും കൂട്ടായും സംരംഭക യൂനിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വയം പര്യാപ്തത നേടുന്നതിനുമുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 ജൂലായ് 15ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഒരു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നത്.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് അവസരം. കൂടാതെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു.

ശില്പശാലയില്‍ സംരംഭകത്വത്തിന്റെ പ്രാധാന്യം, ചെറുകിട - ഇടത്തരം വ്യവസായം പുതുതായി എങ്ങനെ തുടങ്ങാം, പലിശ രഹിത വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ലൈസന്‍സ് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ദ്ധര്‍ ക്ലാസെടുക്കും.

സ്വന്തം പഞ്ചായത്തില്‍ പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരും നിലവിലുള്ള സംരംഭം വിപുലീകരിക്കാന്‍ താത്പര്യമുള്ളവര്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാം.

ജൂലായ് 10 നുള്ളില്‍ 9495760315 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്ട്രര്‍ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128010/basic-entrepreneurship-and-business-plan-development-workshop-on-15th-july-at-perambra)