---
title: "#flood |ചങ്ങരോത്ത് പലയിടത്തും വെള്ളപൊക്ക ഭീഷണിയില്‍"
english_title: "Many places in perambra Changaroth are under threat of waterlogging"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128031/many-places-in-perambra-changaroth-are-under-threat-of-waterlogging"
published_at: "2023-07-06T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6c51201b7b_waterlogg.jpg"
keywords: []
---

# #flood |ചങ്ങരോത്ത് പലയിടത്തും വെള്ളപൊക്ക ഭീഷണിയില്‍

> **Lead Summary:** **പേരാമ്പ്ര :** മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ പേരാമ്പ്രയുടെ പല മേഖലകളിലും വെള്ളപൊക്ക ഭീഷണിയില്‍.

## Article Content

**പേരാമ്പ്ര :** മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ പേരാമ്പ്രയുടെ പല മേഖലകളിലും വെള്ളപൊക്ക ഭീഷണിയില്‍.

ഇന്ന് മഴയുടെ ശക്തിക്ക് അല്പം കുറവുണ്ടെങ്കിലും മലയോരമേഖലകളില്‍ മഴ തുടരുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഉയരുന്നതിന് കാരണമായിട്ടുണ്ട്.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 5, 9, 10, 11, 12 വാര്‍ഡുകളിലാണ് വെള്ളം കയറി തുടങ്ങിയത്. ഗ്രാമപഞ്ചായത്തില്‍ കടിയങ്ങാട് എല്‍പി സ്‌ക്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.

9 ാം വാര്‍ഡില്‍ മഹിമ ഭാഗത്ത് നാലോളം വീടുകള്‍ വെള്ളപൊക്ക ഭീഷണിയിലാണ്. സമീപത്തെ ചെറുപുഴയില്‍ നിന്നാണ് വെള്ളം കയറുന്നത്.

ഇതില്‍ കിടപ്പുരോഗി ഉള്‍പ്പെടുന്ന ഒരു കുടുംബത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. താഴെ കോവുമ്മല്‍ സുലോചനയുടെ മൂന്നംഗ കുടുംബത്തെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.

ഈ പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന 10 ാം വാര്‍ഡിലും വീടുകളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയിലാണ്. മഹിമ ഭാഗത്ത് റോഡില്‍ വെള്ളം കയറിയ നിലയിലാണ്.

11 ാം വര്‍ഡില്‍ മുണ്ടുപാലം ഭാഗത്ത് തരയന്‍കണ്ടി മീത്തല്‍ രവീന്ദ്രന്റെ വീടും വെള്ളപൊക്ക ഭീഷണിയിലാണ്. കുളക്കണ്ടം റോഡിനോട് ചേര്‍ന്ന് ചെറുപുഴയുടെ സമീപത്തുള്ള ഈ വീടിന്റെ വരാന്തവരെ വെള്ളം ഉയര്‍ന്നു. വൈകിട്ടോടെ വെള്ളം ഇറങ്ങി തുടങ്ങിയത് ആശ്വാസത്തിന് ഇട നല്‍കുന്നു.

12-ാം വാർഡിൽ തന്ത മല ഭാഗത്ത് റോഡിൽ വെള്ളം കയറി ഗതാഗതം ദുഷ്ക്കരമായിരിക്കുകയാണ്. ഇവിടെയും വീടുകളിൽ വെളളം കയറാനുളള സാധ്യതയുണ്ട്.

കടിയങ്ങാട് മാർക്കറ്റ് റോഡിലും വെള്ളം കയറി

5 ാം വാര്‍ഡിന്റെ ഭാഗമായ കുറ്റ്യാടി പുഴയുടെ ഓരമായ ചവറം മൂഴയില്‍ വീടുകളില്‍ വെള്ളം കയറുമെന്ന ഭീതിയിലാണ്.

ഗ്രാമ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രിയിലെ മഴയില്‍ വെള്ളം കയറിയെങ്കിലും ഇന്ന് അതിശക്തമായ മഴ ഇല്ലാത്തതിനെ തുടര്‍ന്ന് വെള്ളം ഒഴഞ്ഞു തുടങ്ങിയത് ആശങ്കക്ക് അല്പം അറുതിയായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128031/many-places-in-perambra-changaroth-are-under-threat-of-waterlogging)