---
title: "@Vellakkettu | റോഡിലെ വെള്ളക്കെട്ട് വഴിയാത്രക്കാരും പരിസരവാസികളും ദുരിതത്തില്‍ "
english_title: "Vellkattu on the road is causing distress to passers-by and the residents of the area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128049/vellkattu-on-the-road-is-causing-distress-to-passers-by-and-the-residents-of-the-area"
published_at: "2023-07-06T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6d6d38c2ec_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# @Vellakkettu | റോഡിലെ വെള്ളക്കെട്ട് വഴിയാത്രക്കാരും പരിസരവാസികളും ദുരിതത്തില്‍ 

> **Lead Summary:** ** പേരാമ്പ്ര**: ചാനിയം കടവ് റോഡ് നിര്‍മ്മാണത്തിലെ അപാകത മൂലം റോഡില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നത് ഇരുചക്രവാഹന യാത്രക്കാര്‍ക്കും വഴിയാത്രക്കാരും ദുരിതത്തില്‍.

## Article Content

** പേരാമ്പ്ര**: ചാനിയം കടവ് റോഡ് നിര്‍മ്മാണത്തിലെ അപാകത മൂലം റോഡില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നത് ഇരുചക്രവാഹന യാത്രക്കാര്‍ക്കും വഴിയാത്രക്കാരും ദുരിതത്തില്‍.

എരവട്ടൂര്‍ നാരിക്കിലാപുഴ പള്ളിക്ക് സമീപത്ത് കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. റോഡിന് ഇരുവശത്തുമുള്ള കാനകള്‍ മാലിന്യങ്ങളും മണ്ണും നിറഞ്ഞ് മൂടിയതും റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും വെള്ളം കെട്ടി നില്ക്കാന്‍ ഇടയാക്കിയത്.

നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. നിര്‍മ്മാണ സമയത്ത് തന്നെ നാട്ടുകാര്‍ അപാകത ചൂണ്ടിക്കാട്ടിയിട്ടും ഉത്തരവാദിത്തപ്പെട്ട അധികൃതര്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് തയ്യാറായിരുന്നില്ല.

കഴിഞ്ഞ മഴക്കാലങ്ങളിലൊക്കെ വെള്ളം കയറുകയും അത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വേണ്ടത്ര ഗൗരവത്തില്‍ പരിഹാരം കാണുന്നതിന് തയ്യാറായിട്ടില്ല.

നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അടക്കം കാല്‍നടയായി സഞ്ചരിക്കുന്ന ഈറോഡ് തകരുന്നതിനും ഈ വെള്ളക്കെട്ട് കാരണമാവും. കൂടാതെ പള്ളിയില്‍ വരുന്നവര്‍ക്ക് കയറാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

വെള്ളക്കെട്ടിന് എത്രയും വേഗം ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി അധികൃതര്‍ തയ്യാറാവാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് എരവട്ടൂര്‍ ശാഖ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി.

ആര്‍.എം നിഷാദ് അദ്ധ്യക്ഷത വഹിച്ചു. സഫീര്‍ മഠത്തില്‍, ഷഫീഖ് പുതിയോട്ടില്‍, പി.കെ അന്‍സാര്‍, മഹറൂഫ് എ.എം, ഷാമില്‍ പി, കെ.വി ഫസല്‍, സുഹൈല്‍ മൂര്‍ക്കത്ത്, എന്‍.കെ ബിലാല്‍, സാദിഖ് മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128049/vellkattu-on-the-road-is-causing-distress-to-passers-by-and-the-residents-of-the-area)