---
title: "#seed | മുറം പച്ചക്കറി പദ്ധതിയുമായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് "
english_title: "Cheruvannur Gram Panchayath with Muram vegetable project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128283/cheruvannur-gram-panchayath-with-muram-vegetable-project"
published_at: "2023-07-07T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7dbe391130_1_charu.jpg"
keywords: []
---

# #seed | മുറം പച്ചക്കറി പദ്ധതിയുമായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ മുറം പച്ചക്കറി പദ്ധതി പ്രകാരം പച്ചക്കറി കൃഷി നടപ്പിലാക്കുന്നു. കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയില്‍ വിത്തുകള്‍ വിതരണം ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ മുറം പച്ചക്കറി പദ്ധതി പ്രകാരം പച്ചക്കറി കൃഷി നടപ്പിലാക്കുന്നു. കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയില്‍ വിത്തുകള്‍ വിതരണം ചെയ്തു.

പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍.ടി ഷിജിത്ത് നിര്‍വ്വഹിച്ചു. കൃഷി ഓഫിസര്‍ കെ.എ സഫീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് മോഡല്‍ അഗ്രോ സര്‍വീസ് സെന്ററിന്റെ സ്റ്റാളില്‍ ജൈവ വളക്കൂട്ട്, ഇന്റര്‍ മംഗള, കമുക്, പീനട്ട് ബട്ടര്‍ ചൈനീസ് മുസമ്പി, നാഗ്പൂര്‍ ഓറഞ്ച് , വെരിക്കേറ്റഡ് സപ്പോട്ട ഗ്രാഫ്റ്റ്, ആയുര്‍ ജാക്ക്, പ്ലാവ്, മാവ്, ചെറുനാരകം, ലോങ്ങന്‍, മാങ്കോസ്റ്റിന്‍, ചതുരനെല്ലി എന്നിവയുടെ തൈകള്‍, ചാവക്കാട് കുള്ളന്‍ തെങ്ങിന്‍ തൈകള്‍, വിവിധ അലങ്കാര ചെടികള്‍ എന്നിവ വില്പനയ്ക്ക് ഉണ്ടായിരിക്കും.

പരിപാടിയോടനുബന്ധിച്ച് കേരള കര്‍ഷകന്‍ വരിക്കാരെ ചേര്‍ക്കല്‍, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് ബോധവത്ക്കരണ പരിപാടി എന്നിവയും നടക്കും.

കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡിയില്‍ ലഭ്യമാകുന്നതിനായി ഭാരത് സര്‍ക്കാര്‍ കൃഷി മന്ത്രാലയവും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന എസ്എംഎഎം പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നടത്താവുന്നതാണ്.

പ്രസ്തുത പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയില്‍ യന്ത്രങ്ങള്‍ സ്വന്തമാക്കാം. സബ്‌സിഡി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ബാങ്ക് പാസ് ബുക്ക്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ലൈസന്‍സ്, ഫോട്ടോ, ഭൂമിയുടെ നികുതി ശീട്ട്, എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്.

അഗ്രോ സര്‍വീസ് സെന്ററിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ മിനി ട്രാക്ടര്‍, കാട് വെട്ടല്‍ തുടങ്ങിയ കാര്‍ഷിക സേവന രജിസ്‌ട്രേഷന്‍, തെങ്ങിന്‍ തൈ ബുക്കിംഗ് സ്വീകരിക്കല്‍, കര്‍ഷക സഭ എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എ.കെ ഉമ്മര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128283/cheruvannur-gram-panchayath-with-muram-vegetable-project)