---
title: "#Road | ചെളിക്കുളമായ റോഡില്‍ ഞാറ്‌നട്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം "
english_title: "Protest by Congress workers on a muddy road at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129695/protest-by-congress-workers-on-a-muddy-road-at-perambra"
published_at: "2023-07-12T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae8bc648846_1_chali.jpg"
keywords: []
---

# #Road | ചെളിക്കുളമായ റോഡില്‍ ഞാറ്‌നട്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം 

> **Lead Summary:** **പേരാമ്പ്ര:** മഴ പെയ്തപ്പോള്‍ ചെളിക്കുളമായി മാറിയ പേരാമ്പ്ര -ചെമ്പ്ര റോഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഞാറ് നട്ട് പ്രതിഷേധിച്ചു.

## Article Content

**പേരാമ്പ്ര:** മഴ പെയ്തപ്പോള്‍ ചെളിക്കുളമായി മാറിയ പേരാമ്പ്ര -ചെമ്പ്ര റോഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഞാറ് നട്ട് പ്രതിഷേധിച്ചു.

പാണ്ടിക്കോട് ക്ഷേത്രത്തിനു സമീപത്തെ വയല്‍പ്രദേശത്ത് ചെളിക്കുളമായി മാറിയ റോഡിലാണ് പുറ്റംപൊയില്‍, പാണ്ടിക്കോട് മേഘല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഞാറുനട്ട് പ്രതിഷേധിച്ചത്.

പ്രതിഷേധ സമരം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. റഷീദ് പുറ്റം പൊയില്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര -ചെമ്പ്രറോഡിന്റെ പണി തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെയായിയെന്നും പണി ഇഴഞ്ഞു നീങ്ങുന്നതിനെതിരായി നിരവധി സമരങ്ങള്‍ നടത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു.

മഴക്കാലമായതോടെയാണ് ഈ ഭാഗത്തെ റോഡ് വലിയ ചെളിക്കുളമായി മാറുകയും കാല്‍ നടയാത്രക്കാരും ഇരുചക്രവാഹനക്കാരും ഏറെ സാഹസപ്പെട്ടാണ് നിത്യവും ഇതിലേകടന്നു പോകുന്നതെന്നും ചെളിക്കുളമായ സ്ഥലത്ത് പാറപ്പൊടിച്ചിടാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ലെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

രണ്ട് വര്‍ഷത്തോളമായ റോഡിന്റെ പണി ഇഴഞ്ഞു നീങ്ങുന്നത് കൊണ്ടാണ് ഈ സ്ഥിതിയിലായതെന്നും സര്‍ക്കാരിന്റ അനാസ്ഥയാണ് ഇതിന് കാരണമെന്നും ഇതിനെതിരെയാണ് റോഡില്‍ ഞാറ് നട്ട് പ്രതിഷേധികാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായതെന്നും അവര്‍ പറഞ്ഞു.

വി.കെ രമേശന്‍, ഇ.എം രാജന്‍, ടി.എന്‍.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.കെ സത്യന്‍, അഷറഫ് ചാലില്‍, കെ.സി രാജീവന്‍, കെ.വീരാന്‍കുട്ടി, എം.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129695/protest-by-congress-workers-on-a-muddy-road-at-perambra)