---
title: "#dialysis |പേരാമ്പ്ര താലൂക്ക് ആശൂപത്രിയില്‍ വിപുലീകരിച്ച ഡയാലിസിസ് സെന്ററിന്റെ പുതിയ ബ്ലോക്കൊരുങ്ങി "
english_title: "A new block of expanded dialysis center is ready at Perampra Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130898/a-new-block-of-expanded-dialysis-center-is-ready-at-perampra-taluk-hospital"
published_at: "2023-07-16T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3eaa587824_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #dialysis |പേരാമ്പ്ര താലൂക്ക് ആശൂപത്രിയില്‍ വിപുലീകരിച്ച ഡയാലിസിസ് സെന്ററിന്റെ പുതിയ ബ്ലോക്കൊരുങ്ങി 

> **Lead Summary:** **പേരാമ്പ്ര: **താലൂക്ക് ആശൂപത്രിയിലെ ഡയാലിസിസ് സെന്റര്‍ വിപുലീകരണത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ബ്ലോക്കൊരുങ്ങി.

## Article Content

**പേരാമ്പ്ര: **താലൂക്ക് ആശൂപത്രിയിലെ ഡയാലിസിസ് സെന്റര്‍ വിപുലീകരണത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ബ്ലോക്കൊരുങ്ങി.

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സാമൂഹ്യ സേവന പദ്ധതിയിലെ (സി.എസ്.ആര്‍.) ഫണ്ടുപയോഗിച്ചാണ് നിലവിലെ കെട്ടിടത്തിന് മുകള്‍ നിലയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിച്ചത്.

പുതിയ ജനറേറ്ററിനും ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കാനുമെല്ലാമായി 42 ലക്ഷം രൂപ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ഇതിന് പുറമെ ചിലവഴിച്ചു. ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്താനും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുക്കാനുമായി 55 ലക്ഷം രൂപ കൂടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.

ഇതും ഉടനെ യാഥാര്‍ഥ്യമാകും.നാളെ രാവിലെ പത്തിന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. വിപുലീകരിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

**

60 പേര്‍ക്ക് കൂടി അവസരം **

സ്വകാര്യ ആശുപത്രികളിലേക്ക് വാഹനം വിളിച്ച് ദീര്‍ഘ യാത്ര.സാമ്പത്തിക പ്രയാസത്തില്‍ വിഷമിക്കുമ്പോള്‍ ഡയാലിസിസ് ചെയ്യാന്‍ പണത്തിന് വേണ്ടിയുള്ള നെട്ടോട്ടം.

പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ ഡയാലിസിസ് സെന്ററില്‍ അവസരം ഒരുങ്ങിയപ്പോള്‍ പല രോഗികള്‍ക്കും ഇതില്‍ നിന്നെല്ലാമുള്ള മോചനമാണ് ലഭിച്ചത്.

വിപുലീകരണത്തിന്റെ ഭാഗമായി പത്ത് പുതിയ ഡയാലിസിസ് യന്ത്രങ്ങള്‍ കൂടി വാങ്ങിയതോടെ 60 പേര്‍ക്ക് കൂടി ഡയാലിസിസ് ചെയ്യാന്‍ സൗകര്യമൊരുങ്ങും. നിലവില്‍ 75 രോഗികളാണ് ഡയാലിസിസ് ചെയ്യുന്നത്.

190 ഓളം രോഗികള്‍ രജിസ്റ്റര്‍ ചെയ്ത് ഡയാലിസിസിനായി ഇവിടെ കാത്തിരിക്കുന്നുണ്ട്. പിന്നിട്ടത് 84,000 ഡയാലിസിസ് ജനകീയ പങ്കാളിത്തത്തോടെ ധനസമാഹരണം നടത്തി 2014-ലാണ് താലൂക്ക് ആശുപത്രിയുടെ ഭാഗമായി പത്ത് യന്ത്രങ്ങളുമായി ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചത്.

എട്ട് വര്‍ഷം പിന്നിടുമ്പോള്‍ 84,000 ഡയാലിസുകള്‍ ഇതിനകം സെന്ററില്‍ ചെയ്തു കഴിഞ്ഞു. കെ.കെ.രാഗേഷ് എം.പി.യുടെ ഫണ്ടില്‍ രണ്ട് യന്ത്രം കൂടി 2016-ല്‍ ലഭിച്ചു. പുതിയ യൂണിറ്റിനായി ലഭിച്ച യന്ത്രങ്ങളില്‍ രണ്ടെണ്ണം നിലവിലുള്ളവ തകരാറായതിനാല്‍ ഇപ്പോള്‍ ഉപയോഗിച്ച് വരുന്നുണ്ട്.

രാവിലെ 7 മുതല്‍ രാത്രി ഒമ്പത് വരെ നീളുന്ന മൂന്ന് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തനം. ഒരു രോഗിക്ക് ആഴ്ചയില്‍ മൂന്ന് തവണയാണ് ഡയാലിസിസ്.

മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എട്ട് ടെക്‌നീഷ്യന്‍മാരും അഞ്ച് നഴ്‌സുമാരുമുള്‍പ്പടെ 18 ജീവനക്കാര്‍ സദാ സേവന സന്നദ്ധരായി സെന്ററിലുണ്ട്. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് ജീവനക്കാരെ നിയമിച്ചത്.

**സ്നേഹസ്പര്‍ശമായി ജനകീയ യജ്ഞം**

കെ.കുഞ്ഞമ്മദ് എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ജനപങ്കാളിത്തത്തോടെ സ്വരൂപിച്ച ഒരു കോടിയും ചേര്‍ന്നാണ് ഡയാലിസിസ് കേന്ദ്രം യാഥാര്‍ഥ്യമാക്കിയത്.

സാമ്പത്തിക സമാഹരണത്തിന് ഒരു മനസോടെ ജനങ്ങള്‍ കൈകോര്‍ത്തു. ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും വീടുകള്‍ കയറിയിറങ്ങി ഫണ്ട് സമാഹരണം പൂര്‍ത്തിയാക്കിയപ്പോള്‍ ചികിത്സാ രംഗത്ത് പുതിയ അധ്യായമായി അത് മാറി.

ഡയബറ്റിക്‌സ് ആന്റ് കാന്‍സര്‍ കെയര്‍ ട്രസ്റ്റിന്റെ കീഴിലാണ് പ്രവര്‍ത്തനം. നിയോജകമണ്ഡലം പരിധിയിലെ പത്ത് പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും ബ്ലോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങളും ട്രസ്റ്റില്‍ അംഗങ്ങളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130898/a-new-block-of-expanded-dialysis-center-is-ready-at-perampra-taluk-hospital)