---
title: "#Kaliyan| കര്‍ക്കിടകത്തിന്റെ വരവ് അറിയിച്ച് കൊണ്ടെത്തുന്ന കലിയന് കൊടുക്കല്‍ ചടങ്ങ് ആഘോഷമാക്കി നാട്ടുകാര്‍ "
english_title: "#Locals #celebrated the #ceremony  #Kaliyan kodukkal at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131082/locals-celebrated-the-ceremony-kaliyanu-kodukkal-at-perambra"
published_at: "2023-07-17T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4dfcd87031_1_kaliyan.jpg"
keywords: []
---

# #Kaliyan| കര്‍ക്കിടകത്തിന്റെ വരവ് അറിയിച്ച് കൊണ്ടെത്തുന്ന കലിയന് കൊടുക്കല്‍ ചടങ്ങ് ആഘോഷമാക്കി നാട്ടുകാര്‍ 

> **Lead Summary:** ** പേരാമ്പ്ര: **കര്‍ക്കിടകത്തിന്റെ വരവ് അറിയിച്ച് കൊണ്ടെത്തുന്ന കലിയന് കൊടുക്കല്‍ ചടങ്ങ് ആഘോഷമാക്കി നാട്ടുകാര്‍.

## Article Content

** പേരാമ്പ്ര: **കര്‍ക്കിടകത്തിന്റെ വരവ് അറിയിച്ച് കൊണ്ടെത്തുന്ന കലിയന് കൊടുക്കല്‍ ചടങ്ങ് ആഘോഷമാക്കി നാട്ടുകാര്‍.

'കലിയാ കലിയാ കൂയ്.... ചക്കേം മാങ്ങേം തന്നേച്ചു പോണേ.... ' കര്‍ക്കിടകത്തിന്റെ വരവ് അറിയിച്ച് കൊണ്ടെത്തുന്ന കലിയന് കൊടുക്കല്‍ ചടങ്ങില്‍ പങ്ക് ചേരാന്‍ മിഥുനമാസത്തിലെ അവസാന ദിവസം നാട്ടുകാര്‍ മുഴുവന്‍ കണിയാംകണ്ടി വീട്ടില്‍ ഒത്തുചേരും.

ഇവിടന്നു തയ്യാറാക്കിയ സാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇരുനൂറ്റി അന്‍പതോളം മീറ്റര്‍ ദൂരത്തുള്ള വിളയാട്ടൂര്‍ മൂട്ടപറമ്പിലെ പ്ലാവിന്‍ ചുവട്ടിലെത്തിയതിനു ശേഷമാണ് ഇവര്‍ കലിയന് കൊടുക്കല്‍ ചടങ്ങ് നടത്തുക.

ഇത് പത്ത് വര്‍ഷത്തോളമായി തുടങ്ങിയ ആഘോഷമാണ്. പഞ്ഞമാസത്തിലെ കഷ്ടപാടുകള്‍ അകറ്റാന്‍ വടക്കെ മലബാറില്‍ ആഘോഷിക്കുന്ന ഒരു ചടങ്ങാണ് കലിയന് കൊടുക്കല്‍.

കലി തുള്ളുന്ന കാലവര്‍ഷത്തില്‍ കഷ്പ്പാടുകളെല്ലം ഇല്ലാതാക്കി ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവാന്‍ വേണ്ടി നടത്തുന്ന ആചാരമാണിത്.

സന്ധ്യ മയങ്ങിയാല്‍ ഓലച്ചൂട്ട് കത്തിച്ച് വെള്ളം നിറച്ച കിണ്ടിയും നിലവിളക്കും കൈയ്യിലേന്തി നാട്ടുകാര്‍ മുഴുവന്‍ കണിയാംകണ്ടി വീട്ടിന് ചുറ്റും വലം വെച്ചാണ് കലിയന് കൊടുക്കാന്‍ പുറപ്പെടുക.

വഴതട്ട കൊണ്ടുള്ള കൂട, ഏണി, കോണി, ആല, പ്ലാവില കൊണ്ട് ഉണ്ടാക്കിയ മൂരി ,പശു വിഭവങ്ങളായ ചക്ക, മാങ്ങ, ഉണങ്ങല്‍ ചോറ്, തേങ്ങാ പൂള്, കറുത്ത ഗുരിതി, ചുവന്ന ഗുരുതി തുടങ്ങിയ സാധനങ്ങള്‍ മുറത്തിലെ നാക്കിലയില്‍ ഒരുക്കിവെച്ച് കയ്യില്‍ പിടിക്കും.

വാഴചപ്പ് ശരീരത്തില്‍ പൊതിഞ്ഞ് കലിയന്‍ സങ്കല്‍പ്പമായി വേഷം കെട്ടിയ ഒരാള്‍ മുന്നിലും ഉണ്ടാവും.'കലിയാ കലിയാ കൂയ്.... ചക്കേം മാങ്ങേം തന്നേച്ചു പോണേ.... കൂയ് '' എന്ന് ഉച്ചത്തില്‍ വിളിച്ച് കൊണ്ട് വീടിന് ചുറ്റും ഓടും.

ഒടുവില്‍ കയ്യിലുള്ള വിഭവങ്ങളും ഉപകരണങ്ങളുമെല്ലാം മൂട്ട പറമ്പിലെ പ്ലാവിന്‍ ചുവട്ടില്‍ ഘോഷയാത്രയായി ചെന്നാണ് കലിയന് സമര്‍പ്പിക്കുന്നത്.

ഏണി പ്ലാവില്‍ ചാരിവെയ്ക്കും, കത്തിച്ച ഓലച്ചൂട്ട് പന്തമാക്കും, പിന്നെ കലിയാ കലിയാ .... എന്ന് ഉച്ചത്തില്‍ ആര്‍പ്പ് വിളിച്ച് എല്ലാവര്‍ക്കും ഐശ്വര്യവും സമൃദ്ധിയും കൊണ്ടത്തരാന്‍ പ്രാര്‍ത്ഥിക്കും. അതോടെയാണ് ഇവരുടെ കലിയന് കൊടുക്കല്‍ ചടങ്ങ് അവസാനിക്കുന്നത്.

അതിന് ശേഷം എല്ലാവര്‍ക്കും കഴിക്കാന്‍ പായസവും ഇവര്‍ നല്‍കുന്നു. കാര്‍ഷിക വൃത്തിയുടെ പ്രതീകങ്ങളായ കലിയന് കൊടുക്കല്‍ ആചാരം ഇന്ന് വിപുലമായി ഇല്ലെങ്കിലും ഒരു കാലത്ത് മലയാളിയ്ക്ക് പലതും നഷ്ടമായ കൂട്ടത്തില്‍ അന്യം നിന്നുപോയ ഈ ആചാരത്തെ പത്തു വര്‍ഷമായിട്ട് വലിയ ആഘോഷത്തോടെയാണ് ഇവിടെത്തെ നാട്ടുകാര്‍ നെഞ്ചേറ്റുന്നത്.

ഈ വര്‍ഷത്തെ കലിയനെ വരവേറ്റ് നടത്തിയ ഘോഷയാത്രക്ക് കൂനിയത്ത് നാരായണന്‍ കിടാവ്, സുനില്‍ ഓടയില്‍, പി.സി കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.പി കനകദാസ് ,എം.പി കേളപ്പന്‍, സി. കുഞ്ഞിരാമന്‍, കീഴലാട്ട് സുധാകരന്‍, ശിവദാസ് ശിവപുരി, ഒ.രാജീവന്‍, കെ.കെ രാജേഷ് എന്നിവരാണ് നേതൃത്വം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131082/locals-celebrated-the-ceremony-kaliyanu-kodukkal-at-perambra)