---
title: "#streetlight | ചങ്ങരോത്ത് പഞ്ചായത്തിലെ നിലാവ് പദ്ധതി ബള്‍ബുകള്‍ നോക്കുകുത്തി "
english_title: "The #Nilav #Project in #Changaroth #Panchayat has looked at the #bulbs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132970/the-nilav-project-in-changaroth-panchayat-has-looked-at-the-bulbs"
published_at: "2023-07-23T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcede7d3725_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #streetlight | ചങ്ങരോത്ത് പഞ്ചായത്തിലെ നിലാവ് പദ്ധതി ബള്‍ബുകള്‍ നോക്കുകുത്തി 

> **Lead Summary:** **പേരാമ്പ്ര :** നിലാവ് പദ്ധതി പ്രകാരം ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡരികില്‍ രണ്ട് മാസം മുമ്പ് സ്ഥാപിച്ച തെരുവ് ബള്‍ബുകള്‍ നോക്കുകുത്തിയായി മാറി.

## Article Content

**പേരാമ്പ്ര :** നിലാവ് പദ്ധതി പ്രകാരം ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡരികില്‍ രണ്ട് മാസം മുമ്പ് സ്ഥാപിച്ച തെരുവ് ബള്‍ബുകള്‍ നോക്കുകുത്തിയായി മാറി.

കടിയങ്ങാട് - കുറ്റ്യാടി സംസ്ഥാന പാതയില്‍ കടിയങ്ങാട് മുതല്‍ പാലേരി ഭാഗത്തേക്കുള്ളതും പന്തിരിക്കര ഒറ്റക്കണ്ടം റോഡിലും, പന്തിരിക്കര കടിയങ്ങാട് റോഡിലും, പന്തിരിക്കര മുതല്‍ പട്ടാണിപ്പാറ വരെയുള്ള ബള്‍ബുകളാണ് രണ്ടു മാസമായിട്ടും കത്താത്തത്.

ഇതിനെക്കുറിച്ച് വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ പഞ്ചായത്തുമായി ബന്ധപ്പെടണമെന്നുള്ള മറുപടിയാണ് ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

കാലവര്‍ഷം ശക്തി പ്രാപിച്ചതും, റോഡുകള്‍ പലതും പൊട്ടിത്തകര്‍ന്ന് കുണ്ടും കുഴിയുമായി കാല്‍നടയാത്ര പോലും ദുഷ്‌കരമായിരിക്കുന്ന ഈ അവസ്ഥയില്‍ രാത്രി സമയങ്ങളില്‍ കട്ടു ജീവികളുടെയും തെരുവ് നായകളുടെയും ശല്യം രൂക്ഷമായ ഈ അവസരത്തില്‍ തെരുവ് വിളക്കുകള്‍ കത്താത്തത് യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

പന്തിരിക്കര വരയാലന്‍ കണ്ടി റോഡിലും, കോക്കാട് റോഡിലും, മദ്രസ വലിയ പറമ്പ് റോഡിലും ബള്‍മ്പുകള്‍ തെളിഞ്ഞെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ചില സ്ഥലണ്ടളിലെ ബള്‍മ്പുകള്‍ കണ്ണടക്കുകയും ചെയ്തു.

എത്രയും പെട്ടെന്നു തന്നെ ഈ പ്രദേശങ്ങളിലെ ബള്‍ബുകള്‍ തെളിയിക്കാന്‍ നടപടി സ്വീകരിക്കണമെന്നാന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പ്രധാന പാതകളില്‍ പ്രത്യകം ലൈനുകള്‍ വലിച്ചാണ് നിലാവ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അറിയിച്ചു.

സ്ട്രീറ്റ് മെയില്‍ ലൈനുകള്‍ വലിക്കുന്നതിനായ് ഗ്രാമ പഞ്ചായത്ത് ചക്കിട്ടപ്പാറ പേരാമ്പ്ര സബ്ബ് ഡിവിഷനുകളിലായി 14 ലക്ഷം രൂപ അടച്ചതാണെന്നും സൂപ്പര്‍ വിഷന്‍ ചാര്‍ജ് കൂടി അടച്ചാല്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാവുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

വൈദ്യുതി ബോര്‍ഡ് സൂപ്പര്‍ വിഷന്‍ ചാര്‍ജ് എത്രയെന്ന് അറിയിച്ചാല്‍ മാത്രമേ തുക അടക്കാന്‍ കഴിയുകയുള്ളൂ. കെ എസ് ഇ ബിയുമായി ഇക്കാര്യത്തില്‍ നിരന്തരം ബന്ധപ്പെട്ടുവരുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം ബള്‍ബുകള്‍ പ്രകാശിപ്പിക്കാന്‍ കഴിയുമെന്നും പ്രസിഡന്റ് അറിയിച്ചു.

ഉള്‍പ്രദേശങ്ങളില്‍ നിലവിലുള്ള ലൈനുകളിലാണ് തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവ രാത്രികാലങ്ങളില്‍ സ്വയം പ്രകാശിക്കുന്ന തരത്തില്‍ ക്രമീകരണം നടത്തിയതിനാല്‍ ഇപ്പോള്‍ ഇവിടങ്ങളില്‍ ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ട്.

സ്ടീറ്റ് മെയിന്‍ ലൈനുകളില്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഓട്ടോമാറ്റിക് സിസ്റ്റം സ്ഥാപിച്ചാണ് നിലാവ് പദ്ധതി നടപ്പിലാക്കുക

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132970/the-nilav-project-in-changaroth-panchayat-has-looked-at-the-bulbs)