---
title: "#oommanchandy| ട്രെയിന്‍ യാത്രയിലെ രസകരമായ സൗഹൃദത്തിന്റ കുഞ്ഞു കാഴ്ച്ച "
english_title: "A #glimpse of a fun #friendship on a #train #journey with #oommanchandy at #kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133304/a-glimpse-of-a-fun-friendship-on-a-train-journey-at-kozhikkode"
published_at: "2023-07-24T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be49aed4e72_1_umman.jpg"
keywords: []
---

# #oommanchandy| ട്രെയിന്‍ യാത്രയിലെ രസകരമായ സൗഹൃദത്തിന്റ കുഞ്ഞു കാഴ്ച്ച 

> **Lead Summary:** **പേരാമ്പ്ര: **ഒരു ട്രെയിന്‍ യാത്രയിലെ രസകരമായ സൗഹൃദത്തിന്റ കാഴ്ച്ച ഇപ്പോള്‍ ലോകമെങ്ങും ജനശ്രദ്ധ നേടിയിരിക്കുന്നു.

## Article Content

**പേരാമ്പ്ര: **ഒരു ട്രെയിന്‍ യാത്രയിലെ രസകരമായ സൗഹൃദത്തിന്റ കാഴ്ച്ച ഇപ്പോള്‍ ലോകമെങ്ങും ജനശ്രദ്ധ നേടിയിരിക്കുന്നു.

2022 മെയ് 20 ന് ആലപ്പുഴയിലെ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കുമാരനാശന്‍ സ്മാരക മന്ദിരത്തിന് അടുത്തുള്ള അഞ്ജനാലയിത്തില്‍ നിന്നും അഞ്ജനയും കോഴിക്കോട് പേരാമ്പ്രയിലെ വാളൂര്‍ വെള്ളറത്താഴയിലെ ഭര്‍ത്താവ് സ്വരൂപ് ലാലും ഒന്നിച്ച് നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഒപ്പമുള്ള അവരുടെ ഒന്നര വയസുള്ള മകന്‍ സിയോണ്‍സെന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടപ്പോള്‍ മൊട്ടിട്ട സൗഹൃദമാണ് ഇപ്പോള്‍ ലോകമാകെ വൈറലായിരിക്കുകയാണ്.

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബുക്ക് ചെയ്ത ട്രെയിനിലെ സെക്കന്റ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലെ സീറ്റിലിരിക്കാന്‍ ചെല്ലുന്നതിനിടയിലായിരുന്നു പിന്‍സീറ്റില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന ഉമ്മന്‍ ചാണ്ടിയെ നോക്കി കുഞ്ഞ് ചിരിച്ചത്. തന്നോട് ഇഷ്ട്ടം തോന്നിയ കുഞ്ഞിനോട് തിരിച്ച് അദ്ദേഹവും ഇഷ്ട്ടം കൂടുകയായിരുന്നു.

അവിടെ തുടങ്ങിയ മൂന്നു മണിക്കൂര്‍ സൗഹൃദമാണ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഞങ്ങള്‍ രണ്ടു പേരും അറിയാതെയാണ് കുഞ്ഞ് പിന്‍സീറ്റിലിരിക്കുന്ന ഉമ്മന്‍ ചാണ്ടിയുമായി വലിയ സൗഹൃദത്തിലായതെന്ന് അച്ഛന്‍ സ്വരൂപ് ലാലും അമ്മ അഞ്ജനയും പറയുന്നു.

സമയം ഏറെ കടന്നു പോയപ്പോയാണ് അമ്മ അഞ്ജന കുഞ്ഞു കളിക്കുന്നത് ആരോടാണെന്ന് നോക്കിയത്. അപ്പോള്‍ കണ്ട കഴ്ച്ച ശരിക്കും എന്നെ അമ്പരപ്പിച്ചിരുന്നു. അറിയാതെ ഉമ്മന്‍ ചാണ്ടി സാര്‍ എന്ന് വിളിച്ചു പോയി.

അപ്പോള്‍ അതെ എന്ന മറുപടി അദ്ദേഹം പറഞ്ഞെന്നും അഞ്ജന ഓര്‍ത്തെടുത്തു. അപ്പോഴാണ് ഉമ്മന്‍ ചാണ്ടി സാറാണ് കുഞ്ഞിനോട് ഇതുവരെ കളിച്ചു കൊണ്ടിരുന്നതെന്ന് ഭര്‍ത്താവ് സ്വരൂപ് ലാലിനും മനസ്സിലാവുന്നത്.

അതോടെ പേടിയും ബഹുമാനത്തോടുകൂടിയും മെല്ലെ ഒന്നിച്ചിരുന്നൊരു ഫോട്ടോ എടുത്തോട്ടെ എന്നവര്‍ ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചു. പെട്ടെന്ന് വിളിച്ച് അടുത്ത് ഇരുത്തുകയും മതിയാകുംവരെ ഫോട്ടോക്ക് നിന്നു തരുകയുമായിരുന്നു അദ്ദേഹം.

ആ വലിയ മനുഷ്യന്‍ അത്ര എളിമയോടു കൂടിയാണ് തങ്ങളോട് പെരുമാറിയത്. അതാണ് ഞാന്‍ ഉമ്മന്‍ ചാണ്ടി എന്ന നേതാവില്‍ കണ്ട മഹത്വമെന്ന് സ്വരൂപ് ലാല്‍ അദ്ദേഹത്തെക്കുറിച്ച് പങ്കുവെച്ചു.

മൂന്നു മണിക്കൂറോളം കുഞ്ഞും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ കളിച്ചിരുന്നു. അതിനിടയില്‍ വീഡിയോയും പകര്‍ത്തിയിരുന്നു. ആ കൊച്ചു വീഡിയോയാണ് ഇപ്പോള്‍ വലിയ ശ്രദ്ധ നേടിയത്.

മൂന്ന് മണിക്കുറിലെ സൗഹൃദത്തിനിടയില്‍ സാര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ ഷൊര്‍ണ്ണുരില്‍ ഒരു ഉദ്ഘാടനത്തിന് പോകുകയാണെന്നും തങ്ങളോട് ഒരുപാട് കാര്യങ്ങള്‍ തിരക്കിയിരുന്നെന്നും ദമ്പതികള്‍ പറഞ്ഞു.

യാത്ര പറഞ്ഞ് എഴുന്നേറ്റപ്പോഴും കുഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ കൈവിരല്‍ വിടാതെ പിടിച്ചിരുന്നു. അത് ഉപേക്ഷിച്ച് പോകാന്‍ അദ്ദേഹവും തയ്യാറായിരുന്നില്ല.

അവസാനം കുഞ്ഞു കളി നിര്‍ത്തിയതിനു ശേഷമാണ് എല്ലാവരോടും യാത്ര പറഞ്ഞു അദ്ദേഹം പുറത്തിറങ്ങിയപ്പോയതെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ നിരവധി പ്രവര്‍ത്തകരും പൊലീസുകാരുമെല്ലാം പുറത്ത് കാത്തിരിക്കുന്നതും അവര്‍ കണ്ടിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള വാര്‍ത്തകള്‍കണ്ടപ്പോഴാണ് അതു വരെ ഫോണില്‍ സൂക്ഷിച്ച ഫോട്ടോയും വീഡിയോയും അവര്‍ സ്റ്റാറ്റസ് ആക്കിയത്. ഇത് കണ്ട് ഇഷ്ട്ടം തോന്നിയവര്‍ കൈമാറി കൈമാറിയാണ് ലോകത്തിന്റെ പല കോണിലും എന്നിയത്.

ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോ കാണിച്ച് ആരാണിതെന്ന് ഇന്ന് കുഞ്ഞു മിടുക്കനോട് ചോദിച്ചാല്‍ ഉമ്മന്‍ ചാണ്ടി അപ്പൂപ്പനാണെന്ന് മറുപടി നല്‍കും.

ഈ കൊച്ചുമകനെയും കൊണ്ട് ഉമ്മന്‍ ചാണ്ടിയെന്ന വലിയ മനുഷ്യന്റെ പുതുപ്പള്ളിയിലുള്ള വീട്ടില്‍ പോയി കൂടുംബത്തെ കാണണമെന്ന തീരുമാനവും ഇവര്‍ പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133304/a-glimpse-of-a-fun-friendship-on-a-train-journey-at-kozhikkode)