---
title: "വീടിന് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണ് വീട് തകര്‍ന്നു "
english_title: "Trees fell on top of the house and the house collapsed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133337/trees-fell-on-top-of-the-house-and-the-house-collapsed-at-perambra"
published_at: "2023-07-24T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be6a266323d_IMG-20230724-WA0094.jpg"
keywords: []
---

# വീടിന് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണ് വീട് തകര്‍ന്നു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര പൈതോത്ത് റോഡില്‍ വീടിന് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണ് വീട് തകര്‍ന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 5 ാം വാര്‍ഡില്‍ മീറങ്ങാട്ട് സി.എം. ജയപ്രകാശിന്റെ വീടാണ് തകര്‍ന്നത്.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര പൈതോത്ത് റോഡില്‍ വീടിന് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണ് വീട് തകര്‍ന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 5 ാം വാര്‍ഡില്‍ മീറങ്ങാട്ട് സി.എം. ജയപ്രകാശിന്റെ വീടാണ് തകര്‍ന്നത്.

സമീപത്തെ പറമ്പിലെ പന, തെങ്ങ്, പൂമരം, കവുങ്ങ് തുടങ്ങിയ മരങ്ങള്‍ കടപുഴകി ഈ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗവും വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച വിറക് പുരയുമാണ് തകര്‍ന്നത്.

വീടും വിറക് പുരയും കോണ്‍ക്രീറ്റ് കെട്ടിടമാണെങ്കിലും മരങ്ങള്‍ പതിച്ചതോടെ വിറക് പുര പൂര്‍ണ്ണമായും വീടിന്റെ പാരപ്പറ്റും കുളിമുറിയും വാട്ടര്‍ ടാങ്കും പ്ലംബിംഗും തകര്‍ന്നു.

ഈ സമയം ജയപ്രകാശിന്റെ ഭാര്യ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയതിനാല്‍ ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, വില്ലേജ് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഏകദേശം 7 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് മരങ്ങള്‍ വെട്ടിമാറ്റുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133337/trees-fell-on-top-of-the-house-and-the-house-collapsed-at-perambra)