---
title: "#busstand| ബസ് സ്റ്റാന്റിലെ ഓവു ചാലിനുള്ളിൽ കുടുങ്ങിയ പശുവിനെ രക്ഷിച്ചു"
english_title: "A #cow trapped in the Ovu canal at the #perambra #busstand was rescued"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135633/a-cow-trapped-in-the-ovu-canal-at-the-bus-stand-was-rescued"
published_at: "2023-08-01T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8f7f38a907_1_acow.JPG"
keywords: []
---

# #busstand| ബസ് സ്റ്റാന്റിലെ ഓവു ചാലിനുള്ളിൽ കുടുങ്ങിയ പശുവിനെ രക്ഷിച്ചു

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഓവു ചാലിനുള്ളിൽ കുടുങ്ങിയ പശുവിനെ രക്ഷിച്ചു. ഞായറാഴ്ച ചന്തയിൽ വില്പനക്കായി എത്തിച്ച വെച്ചൂരി ഇനത്തിൽ പെട്ട പശുവാണ് ഓവിനുള്ളിൽ കുടുങ്ങിയത്.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഓവു ചാലിനുള്ളിൽ കുടുങ്ങിയ പശുവിനെ രക്ഷിച്ചു. ഞായറാഴ്ച ചന്തയിൽ വില്പനക്കായി എത്തിച്ച വെച്ചൂരി ഇനത്തിൽ പെട്ട പശുവാണ് ഓവിനുള്ളിൽ കുടുങ്ങിയത്.

ചന്ത നടക്കുന്ന സ്ഥലത്തു നിന്നും ഓടിയ പശു മരക്കാടി തോടിനുള്ളിലൂടെ ഓടി ഓടയിൽ കുടുങ്ങുകയായിരുന്നു. ബസ് സ്റ്റാന്റിനോട് ചേർന്ന ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർ കെ.എം ബാലനാണ് ഇന്ന് 3.30 ഓടെ പശുവിനെ കണ്ടത്.

ഓടയുടെ മുകളിലുള്ള കമ്പി ഗ്രില്ലിനുള്ളിലൂടെ ഓടയിൽ നിന്ന് എന്തോ ഇളകുന്നത് കണ്ടപ്പോൾ ശ്രദ്ധിച്ചപ്പോഴാണ് പശുവാണെന്ന് അറിഞ്ഞത്.

ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീഷിന്റെ നേതൃത്വത്തിലുളള സേന എത്തി സ്റ്റാന്റിലെ കോൺക്രീറ്റ് പൊളിച്ചാണ് പശുവിനെ രക്ഷിച്ചത്.

സേനാംഗങ്ങൾ ഡിമോളിഷിങ്ങ് ഹാമർ , ഹൈഡ്രോളിക്ക് സ്പ്രഡർ എന്നിവ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നടത്തിയ കഠിനശ്രമത്തിന് ശേഷം കോൺക്രീറ്റ് സ്ലാബ് മുറിച്ച് മാറ്റിയാണ് പശുവിനെ രക്ഷപ്പെടുത്തിയത്.

പൂനൂര്‍ സ്വദേശി റഷീദിന്റെ ഉടമസ്ഥയിലുള്ള പശുവിനെ വില്‍പ്പനക്കായ് കന്നുകാലിചന്തയില്‍ കൊണ്ടുവന്നപ്പോള്‍ അവിടെ നിന്നും വിരണ്ടോടി കാണാതാവുകയായിരുന്നു

സേനാംഗങ്ങളായ കെ. ബൈജു , എം. ഹരീഷ്, വി.കെ സിധീഷ് , എൻ.എം. ലതീഷ്, എസ്.കെ റിതിൻ, ആർ. ജിനേഷ് , രഗിനേഷ് , ഐ. ബിനീഷ് കുമാർ, കെ. അജേഷ്, മുരളി, അജീഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135633/a-cow-trapped-in-the-ovu-canal-at-the-bus-stand-was-rescued)