---
title: "#Dialysis | ഡയാലിസിസ് സെന്റര്‍ തറക്കല്ലിടല്‍ കര്‍മ്മം ആഗസ്റ്റ് 5ന് "
english_title: "#Dialysis center foundation stone laying ceremony on 5th August"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136202/dialysis-center-foundation-stone-laying-ceremony-on-5th-august"
published_at: "2023-08-03T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb96a023114_1_atha2.JPG"
keywords: []
---

# #Dialysis | ഡയാലിസിസ് സെന്റര്‍ തറക്കല്ലിടല്‍ കര്‍മ്മം ആഗസ്റ്റ് 5ന് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ചേനോളി റോഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ദയ തണല്‍ ഡയാലിസിസ് സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം 2023 ആഗസ്റ്റ് 5ന് ശനിയാഴ്ച്ച നടക്കും.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ചേനോളി റോഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ദയ തണല്‍ ഡയാലിസിസ് സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം 2023 ആഗസ്റ്റ് 5ന് ശനിയാഴ്ച്ച നടക്കും.

പേരാമ്പ്ര ദയ പെയിന്‍ & പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് നിലവില്‍ ചെയ്തുവരുന്ന പരിചരണങ്ങള്‍ക്ക് പുറമെ ജനകീയ പങ്കാളിത്തത്തോടെ ദയ-തണല്‍ ഡയാലിസിസ് സെന്റര്‍ എന്ന ഒരു പുണ്യസ്ഥാപനത്തിന്റെ പ്രവൃത്തികൂടി ഏറ്റെടുത്ത് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൃക്കരോഗികളുടെ എണ്ണം നമ്മുടെ പ്രദേശത്ത് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന വര്‍ത്തമാനകാല സാഹചര്യത്തിലാണ് ഒരു ഡയാലിസിസ് സെന്ററിനെപ്പറ്റി ദയ പ്രവര്‍ത്തകര്‍ക്ക് ആലോചിക്കേണ്ടിവന്നത്.

മുയിപ്പോത്ത്, അരിക്കുളം, കടിയങ്ങാട്, ഉള്ളരി തുടങ്ങിയ അയല്‍ പ്രദേശങ്ങളില്‍ ഇപ്പോള്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും ഈ പ്രദേശങ്ങളിലെ ധാരാളം പാവപ്പെട്ട രോഗികള്‍ ഇപ്പോഴും കോഴിക്കോട്ടും വടകരയിലുമുള്ള സ്വകാര്യ ആശുപത്രികളെയാണ് ജീവന്‍ നിലനിര്‍ത്താന്‍ ആശ്രയിക്കുന്നത്.

വാഹന ചെലവടക്കം വലിയ ഒരു തുക കണ്ടെത്തേണ്ടിവരുന്നു എന്നത് മാത്രമല്ല, ദൂരയാത്രയിലുണ്ടാവുന്ന ശാരീരിക പ്രശ്‌നങ്ങളും ഇത്തരക്കാര്‍ നേരിടേണ്ടിവരുന്നുണ്ട്. ഇവര്‍ക്ക് ഒരു പരിധിവരെ ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടുകൂടി ദയ-തണല്‍ ഡയാലിസിസ് സെന്ററിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ഇവിടെ തുടക്കം കുറിക്കുകയാണ്.

രാവിലെ 11 മണിക്ക് പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടി കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് എംപി അഹമ്മദ് മുഖ്യാതിഥിയായിരിക്കും.

വടകര തണല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഇദ്രീസിന്റെ സാന്നിദ്ധ്യത്തില്‍ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍, ജനപ്രതിനിധികള്‍, മറ്റ് മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ എന്നിവരും പങ്കെടുക്കുന്നു.

ദയ ചെയര്‍മാന്‍ കെ. ഇമ്പിച്ചാലി, ജനറല്‍ സെക്രട്ടറി എ.കെ. തറുവയ് ഹാജി, എന്‍.കെ. മജീദ്, വി.സി. നാരായണന്‍ നായര്‍, വി.പി. മുഹമ്മദ് ഷാഫി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136202/dialysis-center-foundation-stone-laying-ceremony-on-5th-august)