---
title: "കടന്തറ പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചില്‍ മേഖലയില്‍ ആശങ്ക പടര്‍ത്തി "
english_title: "Unexpected mountain flood in Kadanthara river has spread concern in the region"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138194/unexpected-mountain-flood-in-kadanthara-river-has-spread-concern-in-the-region"
published_at: "2023-08-11T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d60b3165b30_1_ariver.jpg"
keywords: []
---

# കടന്തറ പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചില്‍ മേഖലയില്‍ ആശങ്ക പടര്‍ത്തി 

> **Lead Summary:** **

## Article Content

**

പേരാമ്പ്ര :** കടന്തറ പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചില്‍ മേഖലയില്‍ ആശങ്ക പടര്‍ത്തി. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് പുഴയില്‍ ജലാധിക്യവും ശക്തമായ ഒഴുക്കും അനുഭവപ്പെട്ടത്.

സാധാരണ ഗതിയില്‍ സായാഹ്ന സമയങ്ങളില്‍ പുഴയില്‍ അലക്കാനും കുളിക്കാനുമായെത്തുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരും മത്സ്യ ബന്ധനത്തിനെത്തുന്നവരും പുഴയോരങ്ങളിലുണ്ടാകാറുണ്ടെന്നതാണ് ആശങ്ക സൃഷ്ടിച്ചത്.

യാതൊരുവിധ അസാധാരത്വവുമില്ലാതെ ശാന്തമായി ഒഴുകിയ പുഴയില്‍ പെട്ടെന്ന് ജലാധിക്യവും ശക്തമായ ഒഴുക്കും അനുഭവപ്പെടുകയായിരുന്നുവെന്ന് പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങള്‍ പറഞ്ഞു.

അര മണിക്കൂര്‍ നേരം പൂഴിത്തോട് മലയില്‍ പെയ്ത മഴയാണ് കടന്തറ പുഴയിലെ കുത്തൊഴുക്കിനിടയാക്കിയത്. അഞ്ച് വര്‍ഷം മുമ്പ് ഇതേപോലെയുണ്ടായ മലവെള്ളപ്പാച്ചലില്‍, ഈ സമയം പുഴയില്‍ കുളിക്കുകയായിരുന്ന ആറ് യുവാക്കളുടെ ജീവന്‍ അപഹരിച്ചിരുന്നു.

ഇന്നലെ ചെമ്പനോടയിലെ സ്‌കൂള്‍ പിടിഎ യോഗത്തിനെത്തിയവര്‍ മലയില്‍ മഴ പെയ്യുന്നത് കണ്ടതോടെ കടന്തറ പുഴയില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത് അപകട സാധ്യത കുറക്കാന്‍ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138194/unexpected-mountain-flood-in-kadanthara-river-has-spread-concern-in-the-region)