---
title: "# skyjourney | കൂട്ടുകാര്‍ക്കൊപ്പം ആകാശ യാത്രക്കൊരുങ്ങി പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂള്‍ "
english_title: "Perampra Welfare School prepares for sky journey with friends"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138978/perampra-welfare-school-prepares-for-sky-journey-with-friends"
published_at: "2023-08-14T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da42199345f_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# # skyjourney | കൂട്ടുകാര്‍ക്കൊപ്പം ആകാശ യാത്രക്കൊരുങ്ങി പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര:** അടിമുടി മാറ്റത്തിനൊരുങ്ങി പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂള്‍. കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി കൂട്ടുകാര്‍ക്കൊപ്പം ഒരു ആകാശ യാത്ര എന്ന പേരില്‍ പഠന വിനോദയാത്ര സംഘടിപ്പിക്കുകയാണ്.

## Article Content

**പേരാമ്പ്ര:** അടിമുടി മാറ്റത്തിനൊരുങ്ങി പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂള്‍. കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി കൂട്ടുകാര്‍ക്കൊപ്പം ഒരു ആകാശ യാത്ര എന്ന പേരില്‍ പഠന വിനോദയാത്ര സംഘടിപ്പിക്കുകയാണ്.

പൊതുവിദ്യാഭ്യാസ വകുപ്പ്, പേരാമ്പ്ര വിദ്യാഭ്യാസ ഉപജില്ല, സമഗ്ര ശിക്ഷ കേരള കോഴിക്കോട്, ബി ആര്‍ സി പേരാമ്പ്രയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 15ന് പേരാമ്പ്ര ഗവ: വെല്‍ഫയര്‍ സ്‌കൂളില്‍ എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും.

വിമാന മാര്‍ഗ്ഗം തിരുവനന്തപുരത്തെത്തി നിയമസഭ മന്ദിരം, മാജിക് പ്ലാനറ്റ് എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങളും, സ്ഥലങ്ങളും സന്ദര്‍ശിച്ച് ഓഗസ്റ്റ് 18ന് തിരിച്ചെത്തുന്നു.

പൊതു സമൂഹത്തിലെ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിദ്യാലയത്തെ മെച്ച പ്പെടുത്താനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമാവുകയാണ്. സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഉള്‍പ്പെടുന്ന 25 അംഗം സംഘം ആണ് യാത്രയില്‍ ഉള്ളത്.

എ ഇ ഒ, ബി പി സി, വാര്‍ഡ് മെമ്പര്‍, ബി ആര്‍ സി പ്രവര്‍ത്തകര്‍, പേരാമ്പ്ര ഇമ്പ്‌ലീമെന്റിങ് ഓഫീസര്‍ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കും. സ്‌കൂളിനെ പൊതുസമൂഹം ആകര്‍ഷിക്കുന്ന തരത്തിലേക്ക് മാറ്റുവാനും, എല്ലാ വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെയും ഈ സ്‌കൂളിലേക്ക് എത്തിക്കുന്നതിനും വേണ്ടി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

പേരാമ്പ്ര ഗവണ്മെന്റ് വെല്‍ഫയര്‍ എല്‍ പി സ്‌കൂള്‍ തുറന്നപ്പോള്‍ സാംബവ വിഭാഗത്തില്‍പ്പെടുന്ന 6 കുട്ടികള്‍ മാത്രമാണ് പഠിക്കാന്‍ എത്തിയത്.

എല്ലാ സര്‍ക്കാര്‍ സ്‌കൂളിലെയും പോലെ എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട്.

പഠന പാഠ്യേതര വിഷയങ്ങളുടെ നിലവാരത്തില്‍ കുട്ടികള്‍ എല്ലാം മുന്‍ നിരയില്‍ തന്നെ ആണ്. ആദ്യകാലങ്ങളില്‍ എല്ലാവരും ഒന്നിച്ചു പഠിച്ച സ്‌കൂളാണ് ക്രമേണ സാംബവ വിഭാഗത്തില്‍ പെടുന്നവര്‍ മാത്രമായി മാറിയത്.

ഇവരെ ചേര്‍ത്ത് നിര്‍ത്തി ഒരു വിഭാഗം കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയം എന്നതില്‍ നിന്ന് എല്ലാ വിഭാഗം കുട്ടികളും പഠിക്കുന്ന മികച്ച വിദ്യാലയം ആക്കി മാറ്റാനുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്.

ഈ ഒരു ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടാണ് പേരാമ്പ്ര ബി.ആര്‍.സിയും, പേരാമ്പ്ര ഗ്രാമ പഞ്ചായത്തും സംയുക്തമായി സമൃദ്ധം പദ്ധതി നടപ്പിലാക്കിയത്.

ഇത് വഴി രുചികരവും പോഷക സമൃദ്ധവും ആയ ഭക്ഷണം മൂന്ന് നേരവും കുട്ടികള്‍ക്ക് ലഭിക്കുന്നു. ഇതിന് പിന്നാലെയാണ് ആകാശയാത്രയും ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138978/perampra-welfare-school-prepares-for-sky-journey-with-friends)