---
title: "ചക്കിട്ടപാറ ഇനി കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇന്‍ഷൂറന്‍സ് ഗ്രാമപഞ്ചായത്ത് "
english_title: "Chakkittapara is now the first fully insured gram panchayath in Kerala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140004/chakkittapara-is-now-the-first-fully-insured-gram-panchayath-in-kerala"
published_at: "2023-08-18T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df61f9dd0b9_1_apanjayath.jpg"
keywords: []
---

# ചക്കിട്ടപാറ ഇനി കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇന്‍ഷൂറന്‍സ് ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **കോഴിക്കോട്:** ചക്കിട്ടപാറ ഇനി സമ്പൂര്‍ണ ഇന്‍ഷൂറന്‍സ് ഗ്രാമപഞ്ചായത്ത്. സുരക്ഷാ ചക്ര പദ്ധതിയിലൂടെ മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തിയാണ് കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇന്‍ഷൂറന്‍സ് ഗ്രാമപഞ്ചായത്തായി ചക്കിട്ടപാറ ചരിത്രം കുറിച്ചത്.

## Article Content

**കോഴിക്കോട്:** ചക്കിട്ടപാറ ഇനി സമ്പൂര്‍ണ ഇന്‍ഷൂറന്‍സ് ഗ്രാമപഞ്ചായത്ത്. സുരക്ഷാ ചക്ര പദ്ധതിയിലൂടെ മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തിയാണ് കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇന്‍ഷൂറന്‍സ് ഗ്രാമപഞ്ചായത്തായി ചക്കിട്ടപാറ ചരിത്രം കുറിച്ചത്.

ജില്ലാ കലക്ടര്‍ എ ഗീത ചക്കിട്ടപാറ പഞ്ചായത്തിനെ സമ്പൂര്‍ണ ഇന്‍ഷൂറന്‍സ് ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കും ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് സുരക്ഷാ ചക്ര പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയത്.

സുരക്ഷാ ചക്ര പദ്ധതിയിലൂടെ പഞ്ചായത്തിലെ 18 വയസിനും 70 വയസിനും ഇടയിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ആദ്യം പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സാമൂഹ്യ സാമ്പത്തിക സര്‍വേ നടത്തി. സര്‍വേയില്‍ ഒരു ഇന്‍ഷൂറന്‍സിലും ഭാഗമല്ലാത്തവരെ കണ്ടെത്തി ഇന്‍ഷൂറന്‍സ് ഇല്ലാത്ത ആളുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികളാണ് പിന്നീട് സ്വീകരിച്ചത്.

പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനയിലൂടെയാണ് ഇവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കിയത്.

വന്യമൃഗങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും ഭീഷണിയുടെ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന ജനതക്ക് ആശ്വാസം പകരാന്‍ ഈ പദ്ധതിക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്  കെ സുനില്‍ അധ്യക്ഷത വഹിച്ചു.

ചക്കിട്ടപാറ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്  പി.പി രഘുനാഥ്, വൈസ് പ്രസിഡന്റ്  കെ.കെ നൗഷാദ്, ജനറല്‍ ഇന്‍ഷൂറന്‍സ് സ്ട്രാറ്റജിസ്റ്റ് ഡോ. ടി രവി ശേഷാദ്രി, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രതിനിധികളായ ഡോ. ടോമി കെ കല്ലറക്കല്‍, ബിജു ടോംസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140004/chakkittapara-is-now-the-first-fully-insured-gram-panchayath-in-kerala)