---
title: "'സമ്പൂര്‍ണ്ണ വെര്‍ച്വല്‍ ക്ലാസ് റൂം' പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്തു "
english_title: "Complete Virtual Classroom' inaugurated at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140279/complete-virtual-classroom-inaugurated-at-perambra"
published_at: "2023-08-19T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0acf9802ed_1_avertual.jpg"
keywords: []
---

# 'സമ്പൂര്‍ണ്ണ വെര്‍ച്വല്‍ ക്ലാസ് റൂം' പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ഉപജില്ലയും പേരാമ്പ്ര ബിആര്‍സിയും സംയുക്തമായി നടപ്പിലാക്കുന്ന 'സമ്പൂര്‍ണ്ണ വെര്‍ച്വല്‍ ക്ലാസ് റൂം' പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ഉപജില്ലയും പേരാമ്പ്ര ബിആര്‍സിയും സംയുക്തമായി നടപ്പിലാക്കുന്ന 'സമ്പൂര്‍ണ്ണ വെര്‍ച്വല്‍ ക്ലാസ് റൂം' പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ഉപജില്ലയിലെയും പേരാമ്പ്ര ബിആര്‍സി പരിധിയിലെയും കിടപ്പിലായ മുഴുവന്‍ കുട്ടികളെയും പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതിനായി ക്ലാസ് റൂം അന്തരീക്ഷം വീട്ടില്‍ സംജാതമാക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വെര്‍ച്വല്‍ ക്ലാസ്സ് റൂമിന്റെ സബ്ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എംഎല്‍എ ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ശാരീരികമായും മാനസികമായും വിവിധ പ്രയാസങ്ങളാല്‍ സ്‌കൂളില്‍ എത്തി പഠിക്കാന്‍ കഴിയാത്ത / ക്ലാസ് റൂം അനുഭവം ലഭിക്കാത്ത എഡ്യൂക്കേബിള്‍ വിഭാഗത്തിലുള്ള കുട്ടികള്‍ ഉണ്ട്. ഈ വിഭാഗത്തിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് റൂം അനുഭവം സാധ്യമാക്കുന്നതിന് വേണ്ടി ' സമ്പൂര്‍ണ്ണ വെര്‍ച്വല്‍ ക്ലാസ്' എന്ന മഹത്തായ ആശയം സാധ്യമാവാന്‍ പോവുകയാണ്.

ഇതിനായി പേരാമ്പ്ര ഉപജില്ലയും, പേരാമ്പ്ര ബിആര്‍സിയും, സബ്ജില്ലയിലെ വിവിധ സ്‌കൂളുകളും കൈകോര്‍ക്കുകയാണ്. ഇത് സാധ്യമാകുന്നതിലൂടെ കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്ന് അധ്യാപകരെയും, സഹപാഠികളെയും കാണുവാനും, ക്ലാസ് തല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും, അവരുമായി സംവദിക്കുന്നതിനും സാധിക്കും.

പേരാമ്പ്ര ഉപജില്ലയും, പേരാമ്പ്ര ബിആര്‍സിയുടെയും നേതൃത്വത്തില്‍ അതത് സ്‌കൂളുകളാണ് ടാബും / ലാപ്‌ടോപ്പും ക്ലാസ് മുറിയില്‍ ക്യാമറയും സ്ഥാപിച്ചു നല്‍കുന്നത്.

കുട്ടികളുടെ കൈയ്യിലിരിക്കുന്ന ടാബില്‍ / ലാപ്‌ടോപ്പില്‍ വിരലുകള്‍ ഉപയോഗിച്ച് ക്ലാസ് റൂമിലെ ക്യാമറ ആവശ്യാനുസരണം ഏതു ദിശയിലേക്കും ചലിപ്പിക്കാനും സാധിക്കുന്നു. അതിലൂടെ ക്ലാസ്സ് എടുക്കുന്ന ടീച്ചര്‍ ക്ലാസ് റൂമില്‍ ഏത് ഭാഗത്തേക്ക് നീങ്ങിയാലും ലൈവ് ഓഡിയോ സംവിധാനമുള്ള ഈ ക്യാമറയും ചലിപ്പിക്കാം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി ബാബു മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍ പദ്ധതി വിശദീകരിച്ചു. 

പിടിഎ പ്രസിഡന്റ് ആര്‍.കെ രജീഷ് കുമാര്‍ വെര്‍ച്വല്‍ ക്ലാസ് റൂമിനു ആവശ്യമായ ഉപകരണങ്ങള്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സഗിതയ്ക്ക് കൈമാറി. 

പഞ്ചായത്ത് അംഗങ്ങളായ സി.എം സജു, അര്‍ജുന്‍ കറ്റയാട്ട്, പ്രിന്‍സിപ്പാള്‍ കെ നിഷിത, പ്രധാനധ്യാപകന്‍ സുനില്‍കുമാര്‍, കെ ഷാജിമ, പി രാമചന്ദ്രന്‍, പി സുനില്‍ കുമാര്‍, പുതുക്കുടി അബ്ദുറഹ്മാന്‍, സഫ മജീദ്, കെ.വി ബാലന്‍ സംസാരിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് സ്വാഗതം പറഞ്ഞ ചഡങ്ങില്‍ ബ്ലോക്ക് പ്രൊജക്റ്റ് കോ -ഓര്‍ഡിനേറ്റര്‍ വി.പി നിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140279/complete-virtual-classroom-inaugurated-at-perambra)