---
title: "ഫാനും ടിവിയും ഉണ്ട്; ചക്കിട്ടപാറ പകല്‍ വീട്ടില്‍ വൈദ്യുതി മാത്രം ഇല്ല "
english_title: "Has fan and TV; There is no electricity in Chakkittapara daytime house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140385/has-fan-and-tv-there-is-no-electricity-in-chakkittapara-daytime-house"
published_at: "2023-08-20T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e16f92a8bab_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഫാനും ടിവിയും ഉണ്ട്; ചക്കിട്ടപാറ പകല്‍ വീട്ടില്‍ വൈദ്യുതി മാത്രം ഇല്ല 

> **Lead Summary:** **ചക്കിട്ടപാറ: **വയോജനങ്ങള്‍ക്കായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ വകയിരുത്തി നിര്‍മ്മിച്ച പകല്‍ വീട് ഉപയോഗ ശൂന്യം. ടിവിയും ഫാനും ഫര്‍ണിച്ചറുകളും ഒരുക്കിയിട്ടുണ്ടെങ്കിലും ആറു വര്‍ഷമായി സ്ഥാപനത്തിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല.

## Article Content

**ചക്കിട്ടപാറ: **വയോജനങ്ങള്‍ക്കായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ വകയിരുത്തി നിര്‍മ്മിച്ച പകല്‍ വീട് ഉപയോഗ ശൂന്യം. ടിവിയും ഫാനും ഫര്‍ണിച്ചറുകളും ഒരുക്കിയിട്ടുണ്ടെങ്കിലും ആറു വര്‍ഷമായി സ്ഥാപനത്തിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല.

2017 ജൂണ്‍ 15നാണ് ഇതിന്റെ ഉദ്ഘാടനം അന്നത്തെ പ്രസിഡണ്ട് ഷീജ ശശി നിര്‍വഹിച്ചത്. ആദ്യ ഘട്ടത്തില്‍ ഒരു സൗകര്യവും ഈ കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.

പിന്നീടാണ് വൈദ്യുതി ഉപകരണങ്ങളും ഫര്‍ണിച്ചറുകളും എത്തിച്ചത്. ജലം പഞ്ചായത്ത് സിഡിഎസ് നടത്തുന്ന ഭക്ഷണശാലയില്‍ നിന്ന് പൈപ്പിട്ടു നല്‍കിയിട്ടുണ്ട്. ഇവര്‍ക്കു അവധിയുള്ള ദിവസങ്ങളില്‍ പകല്‍ വീട്ടില്‍ വെള്ളം ഉണ്ടാവുകയില്ല.

മോട്ടോറിന്റെ സ്വിച്ച് ഭക്ഷണ ശാലയുടെ ഉള്ളിലാണ്. ചക്കിട്ടപാറയിലെ വയോജന കൂട്ടായ്മ അംഗങ്ങള്‍ ഇവിടെ ഒത്തുകൂടാന്‍ ശ്രമിക്കുമെങ്കിലും വൈദ്യുതിയുടെ അഭാവം കാരണം വേഗം സ്ഥലം വിടേണ്ട ദുര്‍ഗതിയാണ് ഉള്ളത്.

ഏതാനും മാസം അന്യ സംസ്ഥാന തൊഴിലാളികളെ ഇവിടെ പാര്‍പ്പിച്ചിരുന്നു. അപ്പോള്‍ കെട്ടിടത്തില്‍ കരണ്ട് എത്തിയിരുന്നു അവര്‍ ഒഴിഞ്ഞു പോയപ്പോള്‍ വൈദ്യുതി ഇല്ലാതായി.

വൃദ്ധര്‍ പലതവണ പഞ്ചായത്ത് അധികാരികളുടെ പക്കല്‍ അപേക്ഷ നല്‍കിയെങ്കിലും പകല്‍ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ 6 വര്‍ഷം പിന്നിട്ടിട്ടും നടപടി എടുത്തിട്ടില്ല.

31 കസേരകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ആറെണ്ണമേ ഇവിടെ ശേഷിക്കുന്നുള്ളൂ. കസേര നല്‍കിയവര്‍ തന്നെ ഓരോ കാരണങ്ങള്‍ പറഞ്ഞ് എടുത്തു കൊണ്ടു പോവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140385/has-fan-and-tv-there-is-no-electricity-in-chakkittapara-daytime-house)