---
title: "#Peruvannamoozhyboatservice | നോക്കു കുത്തിയായി പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലെ വിനോദസഞ്ചാര ബോട്ടുകള്‍"
english_title: "Tourist boats at Peruvannamoozhi Tourist Center at Nok Kuthiai"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141090/tourist-boats-at-peruvannamoozhi-tourist-center-at-nok-kuthiai"
published_at: "2023-08-22T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4c43503af3_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #Peruvannamoozhyboatservice | നോക്കു കുത്തിയായി പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലെ വിനോദസഞ്ചാര ബോട്ടുകള്‍

> **Lead Summary:** ** പെരുവണ്ണാമൂഴി: **ഒട്ടനേകം സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലെ വിനോദ സഞ്ചാര ജല നൗകകള്‍ രണ്ടു മാസമായി റിസര്‍വോയര്‍ ജലാശയത്തില്‍ നങ്കൂരമിട്ട് നോക്കു കുത്തിയായി കിടക്കുന്നു.

## Article Content

** പെരുവണ്ണാമൂഴി: **ഒട്ടനേകം സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലെ വിനോദ സഞ്ചാര ജല നൗകകള്‍ രണ്ടു മാസമായി റിസര്‍വോയര്‍ ജലാശയത്തില്‍ നങ്കൂരമിട്ട് നോക്കു കുത്തിയായി കിടക്കുന്നു.

നിശ്ചിത ഫീസ് ഈടാക്കി ഒരു വര്‍ഷക്കാലമായി സര്‍വീസ് നടത്തിയിരുന്ന ബോട്ടുകളാണിത്. 60 ലക്ഷത്തോളം രൂപ വകയിരുത്തി ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കാണു പെരുവണ്ണാമൂഴി ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടായി ബോട്ട് സര്‍വീസ് ആരംഭിച്ചത്.

ടിക്കറ്റ് ഫീസിന്റെ 25 ശതമാനം ജലസേചന വകുപ്പിന് നല്‍കണമെന്നതാണു വ്യവസ്ഥ. സംസ്ഥാന ടൂറിസം - ജലസേചന വകുപ്പ് മന്ത്രിമാര്‍ യോജിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പെരുവണ്ണാമൂഴി അണക്കെട്ടു ജലാശയത്തില്‍ വിനോദ സഞ്ചാരത്തിനായി സോളാര്‍ ബോട്ടുകള്‍ ഓടിക്കാന്‍ തീരുമാനം കൈക്കൊണ്ടത്.

ലൈസന്‍സ് പുതുക്കി കിട്ടുന്നതിനായി ജലസേചന വകുപ്പിനു അപേക്ഷ കൊടുത്തതിന്‍മേല്‍ തീരുമാനമുണ്ടാകാത്തതാണു ഇപ്പോഴത്തെ പ്രതിസന്ധി എന്നറിയുന്നു.

മഴ മാറി കാലാവസ്ഥ അനുകൂലമായതോടെ സഞ്ചാരികളുടെ എണ്ണം പെരുവണ്ണാമൂഴിയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ഓണം ആവുമ്പോഴേക്കും സ്ഥിതി കൂടുതല്‍ മെച്ചപ്പെടും.

സപ്പോര്‍ട്ട് ഡാം നിര്‍മ്മാണത്തിന്റെ പേരില്‍ അണക്കെട്ട് ഭാഗം അടച്ചിട്ടിരിക്കുന്നതിനാല്‍ കാര്യമായി ഒന്നും കാണാന്‍ ഫീസ് നല്‍കി ടിക്കറ്റെടുത്ത് കേന്ദ്രത്തില്‍ പ്രവേശിക്കുന്ന സന്ദര്‍ശകര്‍ക്ക് സാധിക്കുന്നില്ലെന്ന പരാതി ശക്തമാണ്.

വിനോദ സഞ്ചാര ബോട്ട് സര്‍വീസാണു ഈ പരാതിക്ക് അല്പമെങ്കിലും ശമനം നല്‍കിയിരുന്നത്. സോളാര്‍ ബോട്ടുകള്‍ക്കുള്ള ലൈസന്‍സ് എത്രയും പെട്ടെന്ന് പുതുക്കി നല്‍കാന്‍ ജലസേചന വകുപ്പിന്റെ ഉന്നത ഘടകങ്ങള്‍ സത്വര നടപടി സ്വീകരിക്കണമെന്നു കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ല ജനറല്‍ സെക്രട്ടറിയും കൊയിലാണ്ടി താലൂക്ക് വികസന സമിതി അംഗവുമായ രാജന്‍ വര്‍ക്കി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141090/tourist-boats-at-peruvannamoozhi-tourist-center-at-nok-kuthiai)