---
title: "#chendumalliflowersKayanna | ഓണത്തിന് പൂക്കളമൊരുക്കാന്‍ കായണ്ണയില്‍ നിന്നുള്ള ചെണ്ടുമല്ലി പൂക്കളും "
english_title: "And chendumalli flowers from Kayanna to make flower arrangements for Onam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141097/and-chendumalli-flowers-from-kayanna-to-make-flower-arrangements-for-onam"
published_at: "2023-08-22T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4cae5b7600_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #chendumalliflowersKayanna | ഓണത്തിന് പൂക്കളമൊരുക്കാന്‍ കായണ്ണയില്‍ നിന്നുള്ള ചെണ്ടുമല്ലി പൂക്കളും 

> **Lead Summary:** **കായണ്ണ: **കായണ്ണയിലെ ഗ്രാമങ്ങള്‍ ചെണ്ടുമല്ലി പൂവ് കൊണ്ട് വസന്തം തീര്‍ത്തപ്പോള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു. ഇനി തമിഴ്‌നാട്ടില്‍ നിന്നും വരുന്ന പൂക്കളെ കാത്ത് കായണ്ണക്കാരും സമീപപ്രദേശത്തുകാരും ഇരിക്കേണ്ട.

## Article Content

**കായണ്ണ: **കായണ്ണയിലെ ഗ്രാമങ്ങള്‍ ചെണ്ടുമല്ലി പൂവ് കൊണ്ട് വസന്തം തീര്‍ത്തപ്പോള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു. ഇനി തമിഴ്‌നാട്ടില്‍ നിന്നും വരുന്ന പൂക്കളെ കാത്ത് കായണ്ണക്കാരും സമീപപ്രദേശത്തുകാരും ഇരിക്കേണ്ട.

പൂത്തുലഞ്ഞ് കണ്ണിനു കുളിര്‍മ്മയേകി പഞ്ചായത്തിന്റെ പതിമൂന്ന് വാര്‍ഡുകളിലും ചെണ്ടുമല്ലിപൂവ് സുലഭം. ഓണത്തിന് പൂക്കളമൊരുക്കാന്‍ കായണ്ണയില്‍ നിന്നുള്ള ചെണ്ടുമല്ലി പൂക്കളും ഇനിയുണ്ടാകും.

കായണ്ണയിലെ നാട്ടുവഴിയോരങ്ങളില്‍ ചെണ്ടുമല്ലിപൂവ് കാണാം. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പത്ത് ഏക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തത്.

കുടുംബശ്രീ അംഗങ്ങള്‍ കര്‍ഷക കൂട്ടായ്മയിലൂടെയാണ് പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ചെണ്ടുമല്ലി കൃഷി നടത്തിയത്.

പൂകൃഷിയുടെ വിളവെടുപ്പ് കെ.എം സച്ചിന്‍ദേവ് എം.എല്‍.എ നിര്‍വഹിച്ചു. 2023- 24 വാര്‍ഷിക പദ്ധതിയിലൂടെ കുടുംബശ്രീകള്‍ വഴി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂകൃഷി തുടങ്ങിയത്.

കൃഷിഭവന്‍ മുഖേന ലഭിച്ച 35000 ഹൈബ്രിഡ് തൈകളാണ് കൃഷിക്കായി നട്ടുപിടിപ്പിച്ചത്. ഒരു ഗ്രൂപ്പിന് 320 തൈകളായിരുന്നു വിതരണം ചെയ്തത്. കായണ്ണ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണചന്തയാണ് മുഖ്യ വിപണന കേന്ദ്രം.

പേരാമ്പ്രയിലും സമീപ പഞ്ചായത്തുകളിലും പൂക്കള്‍ വിതരണത്തിനായി വിപണിയിലെത്തിക്കും. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാണ് വിപണിയിലെത്തിക്കുന്നത്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി ബിന്‍ഷ, പഞ്ചായത്തംഗങ്ങളായ ബിജി സുനില്‍കുമാര്‍, സി.കെ ഗാന എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141097/and-chendumalli-flowers-from-kayanna-to-make-flower-arrangements-for-onam)