---
title: "#jaljeevan | ജലജീവന്‍ കുഴിയടച്ചില്ല; മദ്രസ വലിയ പറമ്പ് റോഡില്‍ ദുരിത യാത്ര "
english_title: "jaljeevan; Misery trip on Madrasa Valiya Paramb road "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141281/jaljeevan-misery-trip-on-madrasa-valiya-paramb-road"
published_at: "2023-08-23T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5e24a3054f_1_road.jpg"
keywords: []
---

# #jaljeevan | ജലജീവന്‍ കുഴിയടച്ചില്ല; മദ്രസ വലിയ പറമ്പ് റോഡില്‍ ദുരിത യാത്ര 

> **Lead Summary:** **പേരാമ്പ്ര **: ചങ്ങരോത്ത് മദ്രസ വലിയ പറമ്പ് റോഡില്‍ ഇരട്ടക്കുളങ്ങര ഭാഗത്ത് മാസങ്ങള്‍ക്ക് മുമ്പ് ജലജീവന്‍ പൈപ്പിടാന്‍ വേണ്ടിയെടുത്ത കുഴി നികത്താത്തത് വന്‍ അപകട ഭീഷണിയുയര്‍ത്തുന്നതായി പരാതിയുയര്‍ന്നു.

## Article Content

**പേരാമ്പ്ര **: ചങ്ങരോത്ത് മദ്രസ വലിയ പറമ്പ് റോഡില്‍ ഇരട്ടക്കുളങ്ങര ഭാഗത്ത് മാസങ്ങള്‍ക്ക് മുമ്പ് ജലജീവന്‍ പൈപ്പിടാന്‍ വേണ്ടിയെടുത്ത കുഴി നികത്താത്തത് വന്‍ അപകട ഭീഷണിയുയര്‍ത്തുന്നതായി പരാതിയുയര്‍ന്നു.

കൊച്ചു വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡാണിത്. സ്‌കൂള്‍ ബസുകള്‍ പലപ്പോഴും ഈ കുഴിയൊഴിവാക്കിപ്പോകാന്‍ പെടാപ്പാട് പെടുകയാണ്.

മഴക്കാലത്ത് സമീപത്തെ കുളം നിറഞ്ഞ് പുറത്തേക്കൊഴുകുന്ന ജലം ഒഴുക്കിവിടാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ റോഡില്‍ ഇട്ട സിമിന്റ് പൈപ്പ് ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടയില്‍ പൊട്ടി തകര്‍ന്നിരുന്നു.

എന്നാല്‍ ജല ജീവന്‍ കരാറ്കാര്‍ ഈ പൊട്ടിയ ഭാഗം നന്നാക്കാതെ മണ്ണിട്ട് മൂടിയതിനെ തുടര്‍ന്ന് പൈപ്പ് ഹോള്‍ അടയുകയും വെള്ളമൊഴുക്ക് തടസപ്പെടുകയും ഇതോടെ കുളം നിറഞ്ഞ് കവിഞ്ഞൊഴുകുന്ന വെള്ളം റോഡിലൂടെ സമീപത്തെ പറമ്പുകളിലും, കിണറുകളിലും നിറഞ്ഞൊഴുകി കുടിവെളളം മലിനമാകാനും തുടങ്ങിയതോടെ നാട്ടുകാര്‍ പരാതിപ്പെട്ടു.

ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ മണ്ണിട്ട് മൂടിയ ഭാഗം മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്ത് ഒരു കിണര്‍ രൂപത്തില്‍ കുഴികുഴിച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ പലപ്പോഴും അപകടത്തില്‍പ്പെടാന്‍ സാദ്ധ്യതയേറെയാണ്.

കുഴി കാരണം സമീപത്തെ വീട്ടിലേക്കുള്ള വഴിയും അടഞ്ഞിരിക്കുകയാണ്. വ്യദ്ധരായ രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ വളഞ്ഞ വഴിയിലൂടെ വന്‍മതിലുകളടക്കം കയറിയിറങ്ങിപ്പോകേണ്ട അവസ്ഥയാണിപ്പോള്‍.

എത്രയും പെട്ടെന്ന് പൊട്ടിയ സിമന്റ് പൈപ്പുകള്‍ മാറ്റിസ്ഥാപിച്ച് വെള്ളമൊഴുകിപ്പോകാന്‍ സൗകര്യമൊരുക്കി കുഴി മൂടണമെന്നാണ് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141281/jaljeevan-misery-trip-on-madrasa-valiya-paramb-road)