---
title: "#PeruvaccheryGLPSchool | പെരുവച്ചേരി ജി എല്‍ പി സ്‌കൂളില്‍ ഓണാഘോഷ പരിപാടിയും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു"
english_title: "An Onam celebration program and farewell meeting was organized at Peruvacchery GLP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142001/an-onam-celebration-program-and-farewell-meeting-was-organized-at-peruvacchery-glp-school"
published_at: "2023-08-27T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eaa420e4589_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #PeruvaccheryGLPSchool | പെരുവച്ചേരി ജി എല്‍ പി സ്‌കൂളില്‍ ഓണാഘോഷ പരിപാടിയും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

> **Lead Summary:** **കോട്ടൂര്‍: **പെരുവച്ചേരി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടിയും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സ്‌കൂളില്‍ നിന്ന് പടിയിറങ്ങുന്ന അമ്മദ് കുട്ടി മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ ഉത്സവമായി മാറി.

## Article Content

**കോട്ടൂര്‍: **പെരുവച്ചേരി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടിയും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സ്‌കൂളില്‍ നിന്ന് പടിയിറങ്ങുന്ന അമ്മദ് കുട്ടി മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ ഉത്സവമായി മാറി.

സ്‌കൂളില്‍ ഒരുക്കിയ ഓണസദ്യ മതസൗഹാര്‍ദ്ദത്തിന്റെ സദ്യയായി മാറി. വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെയും കായിക പരിപാടികളും സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും സ്‌കൂള്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ പൂക്കളം തീര്‍ത്തു.

പരിപാടിയുടെ ഉദ്ഘാടനം കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.പി മനോഹരന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഹെഡ് മാസ്റ്റര്‍ എ.ഡി ഷിനീദ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു.

സര്‍വീസില്‍ നിന്നും വിരമിച്ച നാഗത്ത് അമ്മദ് കുട്ടി മാസ്റ്റര്‍ക്ക് പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ബിനോയ് കുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു.

സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കെ.കെ ശ്രീകേഷ് പിടിഎ കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം സമര്‍പ്പിച്ചു. വിദ്യാലയത്തിലേക്ക് പ്രിന്റര്‍ വാങ്ങുവാന്‍ ആവശ്യമായ തുക നാഗത്ത് അമ്മദ് കുട്ടി മാസ്റ്റര്‍ ചടങ്ങില്‍ വെച്ച് ഹെഡ് മാസ്റ്റര്‍ക്ക് കൈമാറി.

എല്‍എസ്എസ് വിജയി സഹ എ., സബ് ജില്ലാ മത്സരം സ്വാതന്ത്ര്യസമര ക്വിസ് ഒന്നാം സ്ഥാനം നേടിയ ഷാരോണ്‍ എസ് ഷൈജു എന്നിവര്‍ക്ക് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സിജിത്ത് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

എസ് എം സി ചെയര്‍പേഴ്‌സണ്‍ അശ്വതി ദിലീപ്, എം പി ടി.എ പ്രസിഡന്റ് നീഷ്മ ബിജു, എസ് എം സി വൈസ് ചെയര്‍മാന്‍ വി.കെ ഇസ്മയില്‍, ഇ .ഗോവിന്ദന്‍, പി.കെ വിശ്വന്‍, ഉമേഷ് നടുവത്ത്, ബഷീര്‍ ഫിര്‍ദൗസ്, സന്തോഷ് പെരവച്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .

സ്വാഗതസംഘം ചെയര്‍മാന്‍ വിശ്വന്‍ പെരുവച്ചേരി സ്‌കൂള്‍ തല മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ലിനിത കുമാരി നന്ദി പറഞ്ഞു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും നടത്തിയ ആവേശം നിറഞ്ഞ ഓണക്കളികളും ഓണാഘോഷം ഗംഭീരമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142001/an-onam-celebration-program-and-farewell-meeting-was-organized-at-peruvacchery-glp-school)