---
title: "#onam | മലയാളിക്ക് ഓണം എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മ ; രഘുനാഥ് പുറ്റാട് എഴുതുന്നു"
english_title: "Onam is always a nostalgic memory for Malayali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142216/onam-is-always-a-nostalgic-memory-for-malayali"
published_at: "2023-08-28T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec0e8476e02_1_raghunath.jpg"
keywords: []
---

# #onam | മലയാളിക്ക് ഓണം എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മ ; രഘുനാഥ് പുറ്റാട് എഴുതുന്നു

> **Lead Summary:** **രഘുനാഥ് പുറ്റാട് **

## Article Content

**രഘുനാഥ് പുറ്റാട് **

ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പൂവിളികളുമായി വീണ്ടുമൊരു ഓണമെത്തി. കള്ളവും ചതിയും എള്ളോളമില്ലാതെ കേരളനാട് ഭരിച്ചിരുന്ന മാവേലി തമ്പുരാനെ വരവേൽക്കാനായി ഓരോ മലയാളിയും കാത്തിരുന്ന ദിവസം.

പ്രാചീന കേരളത്തിന്റെ കാർഷിക സംസ്കൃതിയുടെ ഓർമ്മകൾ ഉണർത്തുന്ന ആഘോഷം കൂടിയായ ഓണത്തെപറ്റി ഒന്നിലധികം ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നതെങ്കിലും അതിൽ പ്രധാന്യമുള്ളത് മഹാബലിയെ പറ്റിയുള്ളതാണ്. ദേവന്മാരെ പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ സമ്പൽ സമൃദ്ധിയുടെ ഭരണകാലം.

മഹാബലിയുടെ ഈ നന്മകണ്ട് അസൂയമൂത്ത ദേവന്മാരുടെ രാജാവായ ദേവേന്ദ്രന്റെ ഗൂഡാലോചന നിമിത്തമാണ് മഹാവിഷ്ണു വാമനൻ എന്ന ബ്രാഹ്മണ ബാലനായി വേഷപ്പകർച്ച നടത്തി മഹാബലിയോട് മൂന്നടി മണ്ണ് ദാനം ചോദിച്ചത്.മൂന്നടി മണ്ണ് മഹാബലി വാഗ്ദാനം ചെയ്തപ്പോൾ വാമനൻ വിശ്വരൂപം കൊള്ളുകയും രണ്ടടി കൊണ്ട് മൂന്ന് ലോകവും അളന്നെടുക്കുകയും ചെയ്തു.മൂന്നാമത്തെ അടി വെക്കുവാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചു കൊടുത്തു.

എന്നാൽ മൂന്നാമത്തെ അടി മഹാബലിയുടെ ശിരസ്സിൽവെക്കുന്നതിനു മുൻപ് എന്തു വരം വേണമെന്ന് വാമനൻ ചോദിച്ചപ്പോൾ വർഷത്തിലൊരിക്കൽ എന്റെ പ്രജകളെ കാണാനുള്ള അനുവാദമാണ് മഹാബലി ആ വ്യശ്യപ്പെട്ടത്.അതിനാൽ എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണദിനത്തിൽ മഹാബലിതന്റെ പ്രജകളെ കണാൻ വന്നെത്തുമെന്നാണ് വിശ്വാസം.

മാനുഷ്യരെല്ലാരു മൊന്നുപോലെ ജീവിച്ചിരുന്ന ആ നല്ല കാലത്തിന്റെ ഓർമ്മകളാണ് ഇന്നും ലോകത്തിൽ എവിടെയുമുള്ള മലയാളികൾ ആഘോഷിക്കുന്നത്. ഓണത്തിലെ ഒരു പ്രധാന വിനോദമാണ് ഓണപ്പൂക്കളമെരുക്കൽ .

അത്തം നാൾ മുതൽ തിരുവോണം വരെ പത്തു തരത്തിലുള്ള പൂക്കളായിരുന്നു ഇടുക. തൊടികളിലും പറമ്പുകളിലും നിറഞ്ഞു നിൽക്കുന്ന തുമ്പപ്പൂവും കാക്കപ്പൂവും മുക്കുറ്റിയും അരിപ്പൂവും തെച്ചിയും ശങ്കു പുഷ്പവും മുല്ലയുമെല്ലാം ഇറുത്തെടുത്തായിരുന്നു

മുറ്റത്തെ ചാണകം മെഴുകിയ തറയിൽ പൂക്കളമൊരുക്കിയിരുന്നത്. എന്നാൽ ഇന്ന് പൊന്നുംവില കൊടുത്തു വാങ്ങുന്ന തോവാള പൂക്കളായ ജമന്തിയും, വാടാമല്ലിയും അരുളിയും ചെണ്ടുമല്ലിയുമെല്ലാം ഉപയോഗിച്ച് മാർ ബിളേ ,ഗ്രാനെയ്റ്റോ വിരിച്ച വീടിന്റെ അകത്തോ ഉമ്മറ കോലായിലോ പൂക്കളം തീർക്കുന്നവരായി മാറിയിരിക്കുന്നു.

തിരുവോണ നാളിൽ പൂക്കളത്തിനു മുൻപിൽ കണിമണ്ണിൽ മെനഞ്ഞെടുത്ത ഓണത്തപ്പന്റെ സങ്കൽപ്പരൂപത്തിനു മുന്നിൽ മാവ് ഒഴിച്ച് പൂക്കുല നിരത്തി പൂവട നിവേദിക്കുന്ന പഴയ ഓണത്തിന്റെ ചടങ്ങ് പോലും ഇന്ന് അന്യം നിന്നിരിക്കുന്നു.ഈ ചടങ്ങിനു ശേഷമായിരുന്നു കുടുംബത്തിലെ കാരണവർ കുടുംബാഗങ്ങളായ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടിക്കും ഓണക്കോടിനൽകിയിരുന്നത്.

എന്നാൽ പണ്ടത്തെ കൂട്ടുകുടുംബസമ്പ്രദായത്തിൽ നിന്നും അണുകുടുംബത്തിലേക്ക് കേരളീയരുടെ കുടുംബ ബന്ധങ്ങളിൽ വ്യതിയാനം സംഭവിച്ചതോടെ വയോതികരായ മാതാപിതക്കാൾ കുടുംബ വീടുകളിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന വർത്തമാനകാലമാണ് ഇന്നുള്ളത്.

തിരുവോണ നാളിലെ മറ്റൊരു വിശേഷമായിരുന്നു ഉച്ചയ്ക്ക് ഉണ്ടാവുന്ന വിഭവസമൃദ്ധമായ സദ്യ. 'ഉണ്ടറിയണം ഓണം 'എന്നാണ് ചൊല്ല്.ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ, ഓലൻ, എരിശ്ശേരി, എന്നിവയായിരുന്നു ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ.

അവിയലും സാമ്പാറും നാലൂകൂട്ടം ഉപ്പിലിട്ടത്. ഇടത്തരം പപ്പടം. നലു വിധം ഉപ്പേരി .ശർക്കര പുരട്ടിയതും പഴം നുറുക്കും പഴവും പാലടയും പ്രഥമനും നാക്കിലയിൽ തന്നെ വിളമ്പി വീട്ടിലുള്ളവർ എല്ലാവരും ഒന്നിച്ച് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കുന്നതായിരുന്നു അന്നത്തെ ഓണം.

എന്നാൽ തിരക്കുള്ള ജീവിത രീതിയും ഫാസ്റ്റ്ഫുഡ് ജീവിതത്തിന്റെ ശീലമായി മാറിയതും പലർക്കും ഇന്ന് സദ്യയോടുള്ള ഇഷട്ടക്കുറവിന് കാരണമായിട്ടുണ്ട്. ഇത്തരക്കാർ ഹോട്ടലിൽ നിന്നും വരുത്തുന്ന ബിരിയാണിയും കുഴിമന്തിയും, ഫ്രൈ ഡ്റൈസും ചിക്കനും ബീഫും മട്ടനുമെല്ലാം അടങ്ങിയ വിഭവങ്ങൾ വരുത്തിയാണ് വീട്ടിൽ ഓണമുണ്ണുന്നത്.

പഴകാലത്ത് നാട്ടിൻ പുറങ്ങളിൽ ഓണക്കളികളായ കൈകൊട്ടിക്കളി, ആട്ടക്കളം കുത്തൽ, ഓണംകളി,തലപ്പന്തുകളി, കമ്പിത്തായംകളി ,തലപ്പന്ത് കളി, ഓച്ചിറകളി തുടങ്ങി ധാരാളം ഓണക്കളികളും ഉണ്ടായിരുന്നു.

എന്നാൽ വീട്ടിൽ സദാ നേരവും തുറന്നിടുന്ന ടെലിവിഷന്റെ മുന്നിൽ സമയം ചിലവഴിക്കുന്നവർക്ക് ഇത്തരം കളികളോടുള്ള താൽപര്യവും കുറയാൻ കാരണമായിട്ടുണ്ട്. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയതും നാട്ടിൻ പുറങ്ങളിൽ സാധാരക്കാർ നെഞ്ചോട് ചേർത്തതുമായ ഒരു ഓണവിനോദമായിരുന്നുഓണത്തല്ല്.

ചാണകം മെഴുകിയ ആട്ടക്കളത്തിൽ രണ്ടു ചേരികളിലായി ആളുകൾ പിരിഞ്ഞിരുന്ന് ഉപചാരം ചെല്ലി ഗുരുവന്ദനം നടത്തിയാണ് ആരംഭിക്കുന്നത്. ഒരാൾ പോർവിളി നടത്തി കളത്തിലിറങ്ങും.എതിരാളി ഇതുകേട്ട് ചാടിയിറങ്ങും രണ്ടുപേരും കളംതൊട്ട് വന്ദിച്ച് ഒറ്റകുതിപ്പിന് കളത്തിൽ കോർക്കുന്നു. ഇരു കൈകളും കോർത്തു മുകളിലേക്ക് വലിക്കും. ആഞ്ഞ് താഴെക്കും വലിക്കും.

പിന്നീട് ഓണത്തല്ല് തുടങ്ങും. കൈപരത്തി മാത്രമെ അടിക്കാൻ പാടുള്ളു.മുഷ്ടി ചുരുട്ടുകയോ കുത്തുകയോ ഇടിക്കാനോ പാടില്ല. ഒരു തവണ ഇറങ്ങിയാൽ ഒരാളെങ്കിലും വിജയം കാണാതെ കളം വിടാറില്ല.ഇതാണ് ഓണത്തല്ലിലെ നിയമം.എന്നാൽ ഓണനാളിൽ മൂക്കറ്റം മദ്യം കഴിച്ച് വഴക്കുണ്ടാക്കി ഓണത്തല്ല് നടത്തുന്ന കാഴ്ചയാണ് ഇന്നുള്ളത്.

> ഓണവുമായി ബന്ധപ്പെട്ട് ധാരളം ചൊല്ലുകൾ കേരളത്തിലുടനീളം നിലനിൽക്കുന്നുണ്ട്. " കാണം വിറ്റും ഓണം ഉണ്ണണം." ഉള്ളതു കൊണ്ട് ഓണം പോലെ " " ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര'' എന്നിവ ചെല്ലുകളിൽ ചിലതാണ്. എന്നാൽ ജീവിതദുരിതം പേറുന്ന മലയാളിക്ക് കുശാലായ ഓണമുണ്ണാൻ കഴിയാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ധാരാളം ഓണപ്പാട്ടുകളും പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലായാളത്തിന് ഓണം സമ്മാനിച്ചിട്ടുണ്ട്.

കാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുത്തവയാണ്. എന്നാൽ പുതുതലമുറ ചെവിയിൽ തിരുകിയ ഹെഡ്സെറ്റിലൂടെ കേൾക്കാനും പാടാനും ഇഷ്ട്ടം സിനിമ ഗാനങ്ങളാണ്.

> ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന "മാവേലിനാട് വാണീടുംകാലം മാനുഷ്യരെല്ലാരുമൊന്നുപോലെ.. " എന്നു തുടങ്ങുന്ന ഓണപ്പാട്ട് ഒരിക്കലെങ്കിലും പാടിയ പുതുതലമുറ ഇന്നു ഉണ്ടാവണമെന്നില്ല. ഇന്റർനെറ്റിലും കമ്പ്യൂട്ടറിലും ലാപ് ടോപ്പിലും മൊബൈലിലും ഏതു നേരവും സമയം ചിലവഴിക്കുന്നവരായി അവർ മാറിയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142216/onam-is-always-a-nostalgic-memory-for-malayali)