---
title: "#mudfootball  | രണ്ടാമത് ജില്ലാതല മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഐക്കോണിക്‌സ് എഫ് സി ജേതാക്കള്‍ "
english_title: "Iconics FC Winners of 2nd District Mud Football Tournament"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142715/iconics-fc-winners-of-2nd-district-mud-football-tournament"
published_at: "2023-08-31T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f01d99be972_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #mudfootball  | രണ്ടാമത് ജില്ലാതല മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഐക്കോണിക്‌സ് എഫ് സി ജേതാക്കള്‍ 

> **Lead Summary:** **പേരാമ്പ്ര:** വേദവ്യാസ ലൈബ്രറി ആന്റ് റീഡിംഗ് റൂം ഐക്കോണിക്‌സ് എഫ് സി, വെങ്ങപ്പറ്റ സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഐക്കോണിക്‌സ് എഫ് സി ജേതാക്കളായി.

## Article Content

**പേരാമ്പ്ര:** വേദവ്യാസ ലൈബ്രറി ആന്റ് റീഡിംഗ് റൂം ഐക്കോണിക്‌സ് എഫ് സി, വെങ്ങപ്പറ്റ സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഐക്കോണിക്‌സ് എഫ് സി ജേതാക്കളായി.

ഒന്നിന് എതിരെ മൂന്നു ഗോളിന് പൈറൈറ്റ്‌സ് എഫ് സി ആവളയെയാണ് പരാജയപ്പെടുത്തിയത്. താഴപ്പള്ളിയില്‍ പ്രത്യേകം സജ്ജമാക്കിയ പി.സി സുധാകരന്‍ സുചരിതാസ് മെമ്മോറിയല്‍ മഡ് കോര്‍ട്ടില്‍ ആയിരുന്നു മത്സരം.

നമ്പിത്തൂര്‍ ഹംസ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി, അന്നപ്പിള്ള ടീച്ചര്‍ മെമ്മോറിയല്‍ ക്യാഷ് പ്രൈസ് മണി ഒന്നാം സമ്മാനമായും കണിയാം കണ്ടികൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി, പി.സി സുധാകരന്‍ സുചരിതാസ് മെമ്മോറിയല്‍ ക്യാഷ് പ്രൈസ് മണി രണ്ടാം സമ്മാനമായും നല്‍കുന്ന മത്സരത്തില്‍ ജില്ലയിലെ പതിനാല് ടീമുകള്‍ പങ്കെടുത്തു.

ആലപ്പുഴയിലെ ഫുട്‌ബോള്‍ താരമായ അഭിരാജാണ് മത്സരം നിയന്ത്രിച്ചത്. 32 മീറ്റര്‍ നീളവും 22 മീറ്റര്‍ വീതിയുമുള്ള മഡ് കോര്‍ട്ടില്‍ 14 മിനിറ്റാണ് ഒരു മത്സരത്തിന്റെ സമയം.

അനുവദിച്ച സമയത്തിനുള്ളില്‍ വിജയികളാവതെ മത്സരിച്ച ടീമുകള്‍ തമ്മില്‍ തുല്യത പാലിച്ചാല്‍ പെനാല്‍ട്ടിയിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

പെനാല്‍ട്ടി എടുക്കുന്നത് ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നാണ്. ടീമിലെ ഒരു കളിക്കാരന്‍ പന്ത് കാലുകൊണ്ട് വായുവിലേക്ക് ഉയര്‍ത്തി കൊടുക്കുമ്പോള്‍ മറ്റൊരു കളിക്കാരന്‍ ഗോളിയില്ലാത്ത പോസ്റ്റിലേക്ക് കാലുകൊണ്ട് കിക്ക് എടുത്ത് ഗോളാക്കുന്ന രീതിയിലാണ് നടന്നത്.

പെനാല്‍റ്റിയും തുല്യമായപ്പോള്‍ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി. ആതിഥേയരായ ഐക്കോണിക്‌സ് എഫ് സിയും, പൈറൈറ്റ്‌സ് എഫ് സി ആവളയും തമ്മിലായിരുന്നു ഫൈനല്‍ മത്സരം.

ഒന്നിന് എതിരെ മൂന്നു ഗോളിന് ഐക്കോണിക്‌സ് എഫ് സി വിജയിച്ചു. സമാപന ചടങ്ങ് സന്തോഷ് ട്രോഫി താരം അര്‍ജുന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ ആദര്‍ശ് അധ്യക്ഷനായി.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് മെമ്പര്‍ പ്രിയേഷ് മുഖ്യ അതിഥിയായി. ശരത്ത്, അമിത് മനോജ് എടാണി, ആദര്‍ശ് ഇടിയോട്ടില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142715/iconics-fc-winners-of-2nd-district-mud-football-tournament)