---
title: "#VehiclePropagandaRally | വെല്‍ഫെയര്‍ പാര്‍ട്ടി വാഹന പ്രചരണ ജാഥ "
english_title: "Welfare Party Vehicle Propaganda Rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142827/welfare-party-vehicle-propaganda-rally"
published_at: "2023-08-31T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f094b257d90_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #VehiclePropagandaRally | വെല്‍ഫെയര്‍ പാര്‍ട്ടി വാഹന പ്രചരണ ജാഥ 

> **Lead Summary:** **പേരാമ്പ്ര **: വിലക്കയറ്റം കൊടുമുടി കയറുമ്പോള്‍ അധികാരികള്‍ എന്തെടുക്കുകയാണ് എന്ന മുദ്രാവാക്യമുയര്‍ത്തി കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഖാസിം നയിക്കുന്ന വാഹന പ്രചരണ ജാഥ ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര **: വിലക്കയറ്റം കൊടുമുടി കയറുമ്പോള്‍ അധികാരികള്‍ എന്തെടുക്കുകയാണ് എന്ന മുദ്രാവാക്യമുയര്‍ത്തി കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഖാസിം നയിക്കുന്ന വാഹന പ്രചരണ ജാഥ ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജാഥ പന്തീരിക്കരയില്‍ നിന്ന് ആരംഭിച്ച് ചെറിയകുമ്പളത്ത് അവസാനിക്കും. സംസ്ഥാനത്ത് പൊതു വിപണിയില്‍ അവശ്യ സാധനങ്ങള്‍ക്കുള്‍പ്പെടെ എല്ലാ ഇനങ്ങള്‍ക്കും വന്‍ വിലക്കയറ്റമാണ്.

നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീത വിലക്കയറ്റത്തിലൂടെ ജനജീവിതം ദു:സഹമായിട്ടും വില നിയന്ത്രണത്തിന് നടപടികള്‍ സ്വീകരിക്കുമെന്ന പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതിനപ്പുറം സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

നിഷ്‌ക്രിയ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കേരളത്തിലെ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്സിഡി ഇനങ്ങള്‍ക്കടക്കം ക്ഷാമം രൂക്ഷമാണന്നും ഇവര്‍ ആരോപിച്ചു.

ഓഗസ്റ്റ് 12നകം സ്റ്റോക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നായിരുന്നു ഭക്ഷ്യ മന്ത്രി നിയമസഭയില്‍ നല്‍കിയ അവസാനത്തെ ഉറപ്പ്. ഇപ്പോഴും ആവശ്യത്തിന് സാധനങ്ങള്‍ സ്റ്റോക്കില്ലെന്ന യാഥാര്‍ഥ്യത്തെ കണ്ടില്ലെന്ന് നടിച്ച് വിഷയത്തെ നിസാരവത്കരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

കേരളത്തിലെ വിലക്കയറ്റത്തെ കുറിച്ചു സൂചിപ്പിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വിരല്‍ ചൂണ്ടി ന്യായീകരണം കണ്ടെത്തുന്ന സമീപനം ജനങ്ങളോടുള്ള കൊഞ്ഞനം കുത്തലാണ്.

രൂക്ഷമായ വിലവര്‍ധന നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ അടിയന്തിര ഇടപെടല്‍ നടത്തണം. നികുതി വര്‍ദ്ധന നടപ്പാക്കിയും പിഴകള്‍ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് തങ്ങളുടെ ദൗത്യം എന്നാണ് ഇടതു സര്‍ക്കാര്‍ കരുതുന്നത്. റേഷന്‍ വിഹിതം വെട്ടിക്കുറച്ചും സബ്സിഡി ഇല്ലാതാക്കിയും കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്.

വിപണിയില്‍ ഇടപെടുവാനുള്ള യാതൊരു നീക്കവും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ല. കോര്‍പ്പറേറ്റുകളുടെ പ്രശ്‌നങ്ങള്‍ക്ക് മാത്രം ചെവി കൊടുക്കുന്ന ഏജന്‍സിയുടെ റോള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.

ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം കൂടുതലുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി കൂടുതല്‍ സാധനങ്ങള്‍ വിപണിയിലേക്ക് എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ കൂടുതല്‍ സാധനങ്ങള്‍ കൂടുതല്‍ അളവില്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നതിന് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കണം.

ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യ സാധനങ്ങളും നിയന്ത്രിത വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ് , സപ്ലൈകോ എന്നിവയുടെ താല്‍ക്കാലിക മൊബൈല്‍ ഔട്ട്‌ലെറ്റുകള്‍ എല്ലാ പഞ്ചായത്തിലും ആരംഭിക്കണം.

സര്‍ക്കാര്‍ തുടരുന്ന നിരുത്തരവാദ നിലപാടിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ചങ്ങരോത്ത് പഞ്ചായത്തില്‍ വാഹന ജാഥ നടത്തുന്നത്.

പന്തീരിക്കരയില്‍ വൈകീട്ട് 3.30 ന് ജില്ലാ സമിതിയംഗം ഷംസുദ്ധീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്യും. കടിയങ്ങാട്, കടിയങ്ങാട് പാലം, വടക്കുമ്പാട്, പാലേരി, പാറക്കടവ് എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഏഴ് മണിക്ക് ചെറിയകുമ്പളത്ത് സമാപിക്കും.

സമാപന സമ്മേളനത്തില്‍ ജില്ലാ സമിതിയംഗം ഷഫീഖ് പരപ്പുമ്മല്‍ സംസാരിക്കും. വി.എം. മൊയ്തു,മൂസ്സ മംഗലശ്ശേരി വി.പി. അസീസ്, എം.കെ. ഫാത്തിമ, അനില തരിപ്പിലോട് എന്നിവര്‍ നേതൃത്വം നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

വാര്‍ത്തസമ്മേളനത്തില്‍ എം.കെ.ഖാസിം, വി.എം. മൊയ്തു, വി.പി. അസീസ്, സെഡ്.എ .സല്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142827/welfare-party-vehicle-propaganda-rally)