---
title: "വി.വി ദക്ഷിണാമൂര്‍ത്തി ദിനചാരണവും റാലിയും സംഘടിപ്പിച്ചു"
english_title: "VV Dakshinamurthy organized the day celebration and rally at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142872/vv-dakshinamurthy-organized-the-day-celebration-and-rally-at-perambra"
published_at: "2023-08-31T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0ccd927680_1_cpm.jpg"
keywords: []
---

# വി.വി ദക്ഷിണാമൂര്‍ത്തി ദിനചാരണവും റാലിയും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര** : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി മുന്‍ പത്രാധിപനും എംഎല്‍എ യുമായിരുന്ന വി.വി. ദക്ഷിണാമൂര്‍ത്തിയുടെ 7-ാം ചരമവാര്‍ഷികം ആചരിച്ചു.

## Article Content

**പേരാമ്പ്ര** : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി മുന്‍ പത്രാധിപനും എംഎല്‍എ യുമായിരുന്ന വി.വി. ദക്ഷിണാമൂര്‍ത്തിയുടെ 7-ാം ചരമവാര്‍ഷികം ആചരിച്ചു.

സിപിഐ (എം) പന്തിരിക്കര പാലേരി ലോക്കല്‍ കമ്മിറ്റികളുടെ അഭിമുഖ്യത്തിലാണ് വി.വി ദക്ഷിണാമൂര്‍ത്തി ദിനചാരണവും റാലിയും സംഘടിപ്പിച്ചത്. പാലേരിയില്‍ നടന്ന റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

ദിനാചരണം സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഒരു മനുഷ്യായുസ് മുഴുവന്‍ പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി ജീവിച്ച വ്യക്തിയാണ് അദ്ദേഹം. സിപിഎമ്മിനെ പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എകെജിയുടെയും ഇഎംഎസിന്റെയും ജീവിതം പകര്‍ത്തിയ വ്യക്തിയാണ് മൂര്‍ത്തി മാഷ്.

നേതാവ് എന്നത് നോട്ടീസിലും പോസ്റ്ററിലും പേരിന്റെ വലതുവശത്ത് എഴുതി ചേര്‍ക്കുന്ന അലങ്കാരമല്ല, അത് ഇവര്‍ക്കാര്‍ക്കും ആവശ്യമുണ്ടായിരുന്നില്ല. അവര്‍ ജീവിക്കുന്നത് ജനങ്ങളുടെ മനസിലാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ അന്തരീക്ഷത്തില്‍ സന്തോഷകരമായ ജീവിതം ഉണ്ടായി കേരളം മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പരാധീനത കാരണം ഇക്കൊല്ലത്തെ ഓണം പ്രയാസത്തില്‍ ആകുമെന്നു പറഞ്ഞവര്‍ നാണിച്ച അവസ്ഥയാണ്. കേരള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ കെട്ടുറപ്പ് കാരണം അത് കൃത്യമായി പാലിക്കാന്‍ കഴിഞ്ഞപ്പോള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഐശ്വര്യ പൂര്‍ണമായ ഓണം ആഘോഷിക്കാന്‍ കഴിയുകയും ചെയ്തു. ഇത് രണ്ടാം പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.

മുഖ്യമന്ത്രിക്കെതിരെ അപവാദങ്ങള്‍ മാത്രമാണ് പറയുന്നത്. അതിന് ബിജെപിയും കോണ്‍ഗ്രസും മത്സരിക്കുമ്പോള്‍ മാധ്യമങ്ങള്‍ കൂട്ടുപിടിക്കുകയാണ്. എല്ലാത്തിനെയും വളച്ചൊടിക്കുന്നത് കേരളത്തിലെ മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തെഴിലില്ലായ്മയും പട്ടിണിയും ഇത്താതാകുകയാണ്.

പട്ടിണിയുടെ തോത് 0.5 ശതമാനമായി മാറി. 3 വര്‍ഷം കൊണ്ട് കേരളം ദരിദ്രര്‍ ഇല്ലാത്ത നാടാകുമെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.

പി.എസ്. പ്രവീണ്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ സെക്രട്ടറി പി.മോഹനന്‍, ടി.പി രാമകൃഷ്ണന്‍ എംഎല്‍എ. മുന്‍ എംഎല്‍എമാരായ എ.കെ പത്മനാഭന്‍, കെ. കുഞ്ഞമ്മദ്, ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ്, എന്‍.പി. ബാബു, എ.കെ. ബാലന്‍, എസ്.കെ. സജീഷ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142872/vv-dakshinamurthy-organized-the-day-celebration-and-rally-at-perambra)