---
title: "#LPGGas | സപ്ലൈ വാല്‍വിലെ വാതകചോര്‍ച്ച; എല്‍പിജി ഗുണഭോക്താക്കളില്‍ ആശങ്ക ഉയര്‍ത്തുന്നു "
english_title: "Gas leakage in supply valve; Concerns are raised among LPG beneficiaries"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143833/gas-leakage-in-supply-valve-concerns-are-raised-among-lpg-beneficiaries"
published_at: "2023-09-04T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5f1f9a893f_1_gas.jpg"
keywords: []
---

# #LPGGas | സപ്ലൈ വാല്‍വിലെ വാതകചോര്‍ച്ച; എല്‍പിജി ഗുണഭോക്താക്കളില്‍ ആശങ്ക ഉയര്‍ത്തുന്നു 

> **Lead Summary:** **പേരാമ്പ്ര : **ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സിലിണ്ടറുകള്‍ സ്റ്റൗവില്‍ കണക്റ്റ് ചെയ്യുന്നതിനിടയില്‍ സപ്ലൈ വാല്‍വില്‍ നിന്നും വാതകം ചോരുന്ന കേസുകള്‍ വര്‍ദ്ധിക്കുന്നത് എല്‍പിജി ഗുണഭോക്താക്കളില്‍ ആശങ്ക വളര്‍ത്തുന്നു.

## Article Content

**പേരാമ്പ്ര : **ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സിലിണ്ടറുകള്‍ സ്റ്റൗവില്‍ കണക്റ്റ് ചെയ്യുന്നതിനിടയില്‍ സപ്ലൈ വാല്‍വില്‍ നിന്നും വാതകം ചോരുന്ന കേസുകള്‍ വര്‍ദ്ധിക്കുന്നത് എല്‍പിജി ഗുണഭോക്താക്കളില്‍ ആശങ്ക വളര്‍ത്തുന്നു.

ലീക്ക് തടയുന്നതിന് സുരക്ഷാകേപ്പ് ഉപയോഗിക്കുന്നതിനെകുറിച്ചുള്ള ധാരണകുറവും പേടിയുമാണ് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നത്.

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ ഇന്നലെ രാത്രിയില്‍ ഇത്തരം രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്ര കല്ലോട് ചാമകുന്നുമ്മല്‍ അനില്‍കുമാറിന്റെ വീട്ടിലും, തുറയൂര്‍ പഞ്ചായത്തിലെ പാലച്ചുവട് പാടിക്കുന്നുമ്മല്‍ രാജന്റെ വീട്ടിലും സമാനരീതിയില്‍ ഗ്യാസ് ലീക്കായത് സമീപവാസികളില്‍ പരിഭ്രാന്തി പടര്‍ത്തി.

അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്വത്തില്‍ സേന സ്ഥലത്തെത്തി ലീക്ക് അവസാനിപ്പിക്കുമ്പോഴേയ്ക്കും പുതുതായി വാങ്ങിയ സിലിണ്ടര്‍ പകുതിയില്‍ കൂടുതല്‍ ലീക്കായിരുന്നു.

സേനയുടെ നിര്‍ദ്ദശ പ്രകാരം വീട്ടുകാര്‍ സിലിണ്ടറുകള്‍ വീടിനു വെളിയിലെ തുറസ്സായ സ്ഥലത്തേക്ക് മാറ്റിയതിനാലാണ് അപകടം ഇല്ലാതായത്.

എല്‍പിജി ഉപഭോക്താക്കള്‍ സിലിണ്ടര്‍ കണക്റ്റ് ചെയ്യുന്നതിന് മുമ്പ് വാല്‍വില്‍ ലീക്കില്ലെന്നുറപ്പാക്കേണ്ടതും ലീക്ക് കാണുന്നപക്ഷം സിലിണ്ടറിലെ സുരക്ഷാകേപ്പ് ഇട്ട ശേഷം കെട്ടിടത്തിനുവെളിയിലേക്ക് മാറ്റേണ്ടതും , ഏജന്‍സിയേയും അഗ്‌നിരക്ഷാസേനയേയും വിവരം അറിയിക്കേണ്ടതുമാണെന്ന് സേനാവൃത്തങ്ങല്‍ പറഞ്ഞു.

ഈ വര്‍ഷം ഇതുവരെയായി ഇരുപതോളം എല്‍പിജി കേസുകള്‍ പേരാമ്പ്ര നിലയത്തില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്തതായും സേന അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143833/gas-leakage-in-supply-valve-concerns-are-raised-among-lpg-beneficiaries)