---
title: "#KrishnaAshtami  | കനത്ത മഴയെ തുടർന്ന് പലയിടത്തും കൃഷ്ണാഷ്ടമി ശോഭയാത്ര നടന്നില്ല"
english_title: "Krishna Ashtami Shobha Yathra was not held in many places due to heavy rain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144400/krishna-ashtami-shobha-yathra-was-not-held-in-many-places-due-to-heavy-rain"
published_at: "2023-09-06T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8b7da45ddb_1_shobha.jpg"
keywords: []
---

# #KrishnaAshtami  | കനത്ത മഴയെ തുടർന്ന് പലയിടത്തും കൃഷ്ണാഷ്ടമി ശോഭയാത്ര നടന്നില്ല

> **Lead Summary:**  **പേരാമ്പ്ര :** ഇന്ന് വൈകിട്ട് പരക്കെ പെയ്ത ശക്തമായ മഴ കൃഷ്ണാഷ്ടമി ശോഭയാത്രയുടെ ശോഭ കെടുത്തി.

## Article Content

 **പേരാമ്പ്ര :** ഇന്ന് വൈകിട്ട് പരക്കെ പെയ്ത ശക്തമായ മഴ കൃഷ്ണാഷ്ടമി ശോഭയാത്രയുടെ ശോഭ കെടുത്തി.

കർക്കിടകത്തിൽ മാറി നിന്ന മഴ ചിങ്ങത്തിലും പെയ്യാതിരുന്നത് ജനങ്ങളിൽ ആശങ്ക പരത്തിയിരുന്നു. പുഴകളും തണ്ണീർതടങ്ങളും വറ്റി തുടങ്ങിയപ്പോഴാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി മലബാർ മേഖലയിൽ മഴ എത്തിയത്.

ശക്തമായ മഴക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥ അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു. ഇന്ന് കാലത്ത് മുതൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാൽ വൈകിട്ടോടെ മഴ ആരംഭിക്കുകയും പിന്നീട് ശക്തിപ്രാപിക്കുകയുമായിരുന്നു.

പ്രധാന ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് അഷ്ടമി രോഗിണി ശോഭയാത്രക്കുളള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു .

പാലേരി, കടിയങ്ങാട് , പേരാമ്പ്ര, ആവള, കായണ്ണ , മുയിപ്പോത്ത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഹാശോഭയാത്രകൾ നടക്കേണ്ടതായിരുന്നു.

മഴ ഘോഷയാത്രകൾക്ക് തടസ്സം സൃഷ്ടിച്ചു. ജന്മാഷ്ടമിക്ക് കൃഷ്ണ വേഷധാരികളായും ഗോപികമാരായും വേഷമിട്ട പിഞ്ചു പൈതങ്ങളും ഘോഷയാത്ര കാണാനെത്തിയ ഭക്തജനങ്ങളും നിരാശരായി മടങ്ങി.

കടിയങ്ങാട്, പേരാമ്പ്ര, കായണ്ണ എന്നിവിടങ്ങളിൽ പേരിന് ശോഭയാത്രകൾ നടത്തി. രാധാ കൃഷ്ണന്മാർക്ക് കുടയായി ടാർ പോളിൻ ഉപയോഗിച്ചും മുത്തുകുടകൾ ചൂടി വാഹനങ്ങളിലുമായും ശോഭയാത്രകൾ നടത്തി.

നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ഘോഷയാത്രകളിൽ വിരലിലെണ്ണാവുന്നവർ മാത്രമായി. വൈകിട്ട് തുടങ്ങിയ മഴ രാത്രിയും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144400/krishna-ashtami-shobha-yathra-was-not-held-in-many-places-due-to-heavy-rain)