---
title: "#reaction | ആരോപണം വ്യാജമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ "
english_title: "#perambra #sub-districteducation #officer said that the #allegation is false "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145253/perambra-sub-district-education-officer-said-that-the-allegation-is-false"
published_at: "2023-09-10T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fda52683462_1_prwthi.jpg"
keywords: []
---

# #reaction | ആരോപണം വ്യാജമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 

> **Lead Summary:** **‍ പേരാമ്പ്ര :** പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജആരോപണങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരെ ഉപജില്ലാ വിദ്യാഭ്യാസ സ്റ്റാഫ് കൗണ്‍സില്‍ ശക്തമായി പ്രതിഷേധിച്ചു.

## Article Content

**‍ പേരാമ്പ്ര :** പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജആരോപണങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരെ ഉപജില്ലാ വിദ്യാഭ്യാസ സ്റ്റാഫ് കൗണ്‍സില്‍ ശക്തമായി പ്രതിഷേധിച്ചു.

സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി ഏറ്റെടുത്ത് നടത്തുന്നതില്‍ വന്‍വിജയമാണ് പേരാമ്പ്ര സബ്ജി ല്ലയ്ക്ക് ഉണ്ടായതെന്നും പേരാമ്പ്ര ബിആര്‍സിയുമായി സംയോജിച്ചുകൊണ്ട് സമൃദ്ധം പദ്ധതി, ആകാശ് യാത്ര, വെര്‍ച്ച്വല്‍ ക്ലാസ് റൂം പദ്ധതി, എസ്ആര്‍ജി കണ്‍വീനര്‍മാര്‍ക്കുള്ള ശില്‍പ്പശാല, പിടിഎ പ്രസിഡണ്ടുമാര്‍ക്കുള്ള ശില്‍പ്പശാല, സ്‌കൂള്‍ മാനേജര്‍മാര്‍ക്കുള്ള ശില്‍പ്പശാല തുടങ്ങിയവയില്‍ ചിലതാണെന്നും ഉപജില്ലാ വിദ്യാഭ്യാസ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ചുകൊണ്ട് ഓരോ പഞ്ചായത്തിനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും അതോടൊപ്പം തന്നെ അധ്യാപക സംഗമങ്ങള്‍ നടക്കുകയും ചെയ്യുന്നവെന്നും പ്രഥമാധ്യാപകര്‍ക്കുള്ള ശാക്തീകരണ പദ്ധതിയായ ''വിനയനം എല്ലാ മാസവും മികവുകള്‍ തേടി വിവിധ വിദ്യാലയങ്ങളില്‍ നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

വിദ്യാലയ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ പേരാമ്പ്ര സബ്ജില്ലയ്ക്ക് തനതായ ഒരു ആസൂത്രണ പദ്ധതിയായ ''സീപ്പ്''-ന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് വിദ്യാലയങ്ങളില്‍ നടക്കുന്നത്. ഇങ്ങനെ തനതായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു കൊണ്ട് അധ്യാപക ശാക്തീകരണവും, രക്ഷാകര്‍തൃ ശാക്തീകരണവും, വിദ്യാര്‍ത്ഥി ശാക്തീകരണവും ഒരുമിച്ചു കൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം കൊടുക്കുന്നതെന്നും യോഗത്തില്‍ പറഞ്ഞു.

ഒരു വിദ്യാലയത്തില്‍ കുട്ടികളോട് പുലര്‍ത്തേണ്ട ജാഗ്രതക്കുറവ് ചൂണ്ടിക്കാണിക്കുകയും തസ്തിക നിര്‍ണ്ണയത്തിലുള്ള ക്രമക്കേടും, സര്‍ക്കാറിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പാഠപുസ്തക വിതരണത്തിലെ ക്രമക്കേടും നടന്നപ്പോള്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഭയന്ന് 3 മാസം മുമ്പ് നടന്ന സ്‌കൂള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വ്യാജ കഥകള്‍ ഉണ്ടാക്കി അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ക്കെതിരെയും സമഗ്രമായ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരനെതിരെ അക്രമണ സ്വഭാവത്തോടെ പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറോട് യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145253/perambra-sub-district-education-officer-said-that-the-allegation-is-false)