---
title: "#suspended | അധ്യാപകനെ സസ്‌പെന്റ് ചെയ്തു "
english_title: "The teacher was suspended at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145498/the-teacher-was-suspended-at-perambra"
published_at: "2023-09-11T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fef46a3b394_0000_ATTACH_saspent.jpg"
keywords: []
---

# #suspended | അധ്യാപകനെ സസ്‌പെന്റ് ചെയ്തു 

> **Lead Summary:** **പേരാമ്പ്ര : **വൃന്ദാവനം എയുപി സ്‌കൂള്‍ അധ്യാപകനും കെപിഎസ്ടിഎ നേതാവുമായ കെ സജീഷിനെ സസ്‌പെന്റ് ചെയ്തു.

## Article Content

**പേരാമ്പ്ര : **വൃന്ദാവനം എയുപി സ്‌കൂള്‍ അധ്യാപകനും കെപിഎസ്ടിഎ നേതാവുമായ കെ സജീഷിനെ സസ്‌പെന്റ് ചെയ്തു.

പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍ ആണ് ഇയാളെ സസ്പന്റ് ചെയ്തത്. ഇതോടെ കെപിഎസ്ടിഎയും എഇഒയും തമ്മില്‍ കുറച്ച് കാലമായി തുടരുന്ന തര്‍ക്കം രൂക്ഷമായി.

ഉപജില്ലയിലെ ഒരു എയുപി സ്‌കൂളില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ എഇഒ പ്രധാനാധ്യാപികയോടും അധ്യാപികയോടും കയര്‍ത്ത് സംസാരിച്ചെന്ന് പരാതി ഉണ്ടായിരുന്നു.

ഇതു സംബന്ധിച്ച് വനിതാ കമ്മീഷനുള്‍പ്പെടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് എതിരെ പരാതി നല്‍കിയിരുന്നു. സംഭവ വിഷയവുമായി പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിയ സജീഷ് ഉള്‍പ്പെടെയുള്ളവര്‍ അവിടെയുള്ള ക്ലര്‍ക്കുമായി വാക്ക് തര്‍ക്കമുണ്ടായതായി പറയുന്നു.

ക്ലര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അധ്യാപകനെതിരെ നടപടി എടുത്തത്.

അധ്യാപകനെതിരെ പ്രതികാര നടപടിയാണ് കൈക്കൊണ്ടതെന്നാരോപിച്ച് കെപിഎസ്ടിഎ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ആദ്യ പടിയായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

കലാ കായിക മേളകളുമായി സഹകരിക്കില്ലെന്ന നിലപാട് ഉള്‍പ്പെടെ സ്വീകരിക്കാനുളള തയ്യാറെടുപ്പിലാണ് സംഘടന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145498/the-teacher-was-suspended-at-perambra)