---
title: "നിരുത്തരവാദപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക; പേരാമ്പ്രയിലെ വ്യാപാര മേഖലയെ തകര്‍ക്കാതിരിക്കുക! "
english_title: "Avoid spreading irresponsible news; Don't destroy the trading area in Perambra!"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146002/avoid-spreading-irresponsible-news-dont-destroy-the-trading-area-in-perambra"
published_at: "2023-09-13T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65016fcc6d96f_1_nippa.jpg"
keywords: []
---

# നിരുത്തരവാദപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക; പേരാമ്പ്രയിലെ വ്യാപാര മേഖലയെ തകര്‍ക്കാതിരിക്കുക! 

> **Lead Summary:** **പേരാമ്പ്ര: **നിപ്പ രോഗ സംശയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാധ്യമ ന്യൂസ് ചാനല്‍ പുറത്തുവിട്ട വാര്‍ത്ത പേരാമ്പ്രയിലെ വ്യാപാരികളില്‍ അസ്വസ്ഥതയും ആശങ്കയും ഉളവാക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി.

## Article Content

**പേരാമ്പ്ര: **നിപ്പ രോഗ സംശയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാധ്യമ ന്യൂസ് ചാനല്‍ പുറത്തുവിട്ട വാര്‍ത്ത പേരാമ്പ്രയിലെ വ്യാപാരികളില്‍ അസ്വസ്ഥതയും ആശങ്കയും ഉളവാക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി.

2018 ല്‍ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ നിപ്പാരോഗം സ്ഥിരീകരിച്ചപ്പോള്‍ പേരാമ്പ്രപട്ടണം ആണ് പ്രഭവ കേന്ദ്രം എന്ന നിലയില്‍ ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും തുടര്‍ന്ന് മാസങ്ങളോളം പേരാമ്പ്ര പട്ടണവും പരിസര പ്രദേശങ്ങളും വിജനമാകുകയും വ്യാപാരമേഖല കടുത്ത പ്രതിസന്ധിയില്‍ ആവുകയും ചെയ്തത് കച്ചവടക്കാര്‍ മറന്നു പോയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സമാനമായ സ്ഥിതിവിശേഷത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ ഉരുതിരിഞ്ഞു വരുന്നത്. നിപ്പാ രോഗത്താല്‍ മരണം നടന്നത് നാദാപുരം നിയോജകമണ്ഡലത്തിലെ മരുതോങ്കരയിലാണെന്നും അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമായാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഈ വിഷയത്തെ കാണുന്നതെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും പ്രദേശത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മറ്റ് നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

എന്നാല്‍ ഈ സംഭവം പേരാമ്പ്രയില്‍ ആണ് നടന്നത് എന്ന നിലയില്‍ മുകളില്‍ പറഞ്ഞ ചാനല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നതാണ് പ്രദേശത്തെ വ്യാപാരികളെയും പൊതുജങ്ങളെയും ആകുലപ്പെടുത്തുന്നത്.

അഞ്ചുവര്‍ഷം മുമ്പ് നടന്ന അനുഭവത്തിന്റെ തനി ആവര്‍ത്തനമാകും ഇതെന്ന് സ്വാഭാവികമായും ഭയപ്പെടുന്നു. ആയതിനാല്‍ വീഴ്ച മനസ്സിലാക്കി ആവശ്യമായ തിരുത്തല്‍ വരുത്തണമെന്നും യാഥാര്‍ത്ഥ്യങ്ങള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മേല്‍ മാധ്യമ സ്ഥാപനത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്നതായി ഭാരവാഹികള്‍ പറഞ്ഞു.

  ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്ത ബോധത്തോടെയും ജാഗ്രതയോടെയും വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് മാധ്യമ സുഹൃത്തുക്കളോടുള്ള ബഹുമാനവും ആദരവും നിലനിര്‍ത്തിക്കൊണ്ട് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നുവെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146002/avoid-spreading-irresponsible-news-dont-destroy-the-trading-area-in-perambra)