---
title: "നിപ പ്രതിരോധം; ചങ്ങരോത്ത് ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നു "
english_title: "Nipa resistance; A meeting of the Changaroth Disaster Management Committee was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146103/nipa-resistance-a-meeting-of-the-changaroth-disaster-management-committee-was-held"
published_at: "2023-09-13T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501cb08a47d4_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# നിപ പ്രതിരോധം; ചങ്ങരോത്ത് ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നു 

> **Lead Summary:** ** പേരാമ്പ്ര **: സമീപ പഞ്ചായത്തുകളില്‍ നിപ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

## Article Content

** പേരാമ്പ്ര **: സമീപ പഞ്ചായത്തുകളില്‍ നിപ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഭീതിയുടെ ആവശ്യമില്ലെന്നും യോഗം അറിയിച്ചു. 2018ല്‍ ഇന്ത്യയില്‍ ആദ്യമായി നിപ രോഗം കണ്ടെത്തിയത് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പിക്കടയിലായിരുന്നു.

അന്ന് ഒരു കുടുംബത്തിലെ നാലുപേരാണ് ഇവിടെ മരിച്ചത്. ജില്ലയില്‍ മൂന്നാം തവണയും നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കുമായി ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സമിതി യോഗം വിളിച്ച് ചേര്‍ത്തത്.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. കടകളില്‍ സാനിറ്റൈസര്‍ വെക്കണം. രോഗലക്ഷണമുള്ളവര്‍ സ്വയം ചികിത്സ നടത്തരുതെന്നും അത്യവശ്യമുള്ളവര്‍ മാത്രം ആശുപത്രി സന്ദര്‍ശനം നടത്താവൂ എന്നും യോഗം അറിയിച്ചു.

സമ്പര്‍ക്കം ഒഴിവാക്കുക, അടുത്തിടപഴകരുത്, പൊതുഇടങ്ങളില്‍ അനാവശ്യ കൂടിച്ചേരലുകള്‍ പാടില്ല, വിവാഹം മറ്റ് ചടങ്ങുകള്‍ എന്നിവയില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ജിയ നിര്‍ദ്ദേശങ്ങളാണ് യോഗം ജനങ്ങള്‍ക്ക് നല്‍കിയത്.

നിപ ആദ്യമായി കണ്ടെത്തിയത് ചങ്ങരോത്ത് പഞ്ചായത്തിലാണ്. ഇപ്പോള്‍ സമീപ പഞ്ചായത്തുകളില്‍ നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദഗ്ദരെ കൊണ്ട് പഠനം നടത്തി രോഗകാരണം കണ്ടെത്താവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.വി. ആനന്ദന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി.എം.സ്റ്റീഫന്‍, പേരാമ്പ്ര പെരുവണ്ണാമൂഴി എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146103/nipa-resistance-a-meeting-of-the-changaroth-disaster-management-committee-was-held)