---
title: "പൊതു പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് "
english_title: "Perampra Gram Panchayat has imposed restrictions on public events"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146357/perampra-gram-panchayat-has-imposed-restrictions-on-public-events"
published_at: "2023-09-14T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650315c9d9474_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# പൊതു പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **ജില്ലയില്‍ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കരുതല്‍ നടപടികളുടെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പൊതു പരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

## Article Content

**പേരാമ്പ്ര: **ജില്ലയില്‍ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കരുതല്‍ നടപടികളുടെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പൊതു പരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

വിവാഹം, ഉത്സവങ്ങള്‍, പള്ളിപെരുന്നാള്‍, പൊതുയോഗങ്ങള്‍ കൂടാതെ മറ്റു ആഘോഷങ്ങള്‍ പരിപാടികള്‍ എന്നിവയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടപ്പിലാക്കേണ്ടതാണെന്ന് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും യോഗം തീരുമാനിച്ചു.

നിപ രോഗബാധയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസ് വകുപ്പ് നടപടി സ്വീകരിക്കും. നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലവും, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുകയും സന്ദര്‍ശിക്കുകയു ചെയ്ത പേരാമ്പ്ര പഞ്ചായത്തിലെ 11, 13 വാര്‍ഡുകളിലെ ചില വ്യക്തികള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

പട്ടണത്തില്‍ മാസ്‌ക്കിന് നേരിടുന്ന ദൗര്‍ലഭ്യം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വ്യാപാര സംഘടനകളോട് ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി.കെ. ശരിത്ത്കുമാര്‍, ടി.പി. കുഞ്ഞനന്തന്‍, രാജന്‍ മരുതേരി, സി.കെ. ബാബുരാജ്, സഫ മജീദ്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, കെ.എം. ബാലകൃഷ്ണന്‍, ഒ.പി. മുഹമ്മദ്, ബി.എം. മുഹമ്മദ്, ഇ. ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ കെ.എം റീന എന്നിവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്തംഗം മിനി പൊന്‍പറ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.എം. റീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146357/perampra-gram-panchayat-has-imposed-restrictions-on-public-events)