---
title: "നിപയെ ചെറുക്കാന്‍ ചങ്ങരോത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി "
english_title: "Changaroth tightened restrictions to fight Nipah"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146821/changaroth-tightened-restrictions-to-fight-nipah"
published_at: "2023-09-16T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65058a64c5988_1_achangaroth.jpg"
keywords: []
---

# നിപയെ ചെറുക്കാന്‍ ചങ്ങരോത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി 

> **Lead Summary:** പേരാമ്പ്ര : ജില്ലയിലും സമീപ പഞ്ചായത്തുകളിലും നിപ മരണങ്ങളും രോഗ സ്ഥിരീകരണവും ഉണ്ടായ സാഹചര്യത്തില്‍ നിപയെ ചെറുക്കാന്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വീണ്ടും അവേലാകന യോഗം വിളിച്ചു ചേര്‍ത്തു.

## Article Content

പേരാമ്പ്ര : ജില്ലയിലും സമീപ പഞ്ചായത്തുകളിലും നിപ മരണങ്ങളും രോഗ സ്ഥിരീകരണവും ഉണ്ടായ സാഹചര്യത്തില്‍ നിപയെ ചെറുക്കാന്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വീണ്ടും അവേലാകന യോഗം വിളിച്ചു ചേര്‍ത്തു.

കേരളത്തില്‍ ആദ്യമായി നിപ രോഗം റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്ത് എന്ന നിലക്ക് വീണ്ടും ഈ മഹാമാരി ഇവിടേക്ക് കടന്നു വരാതിരിക്കാനാവശ്യമായ മുന കരുതലുകള്‍ എടുക്കുക എന്ന ലക്ഷ്യത്തോടെയണ് വീണ്ടും യോഗം ചേര്‍ന്നത്. ഗ്രാമപഞ്ചായത്തിലെ 26 പേര്‍ സമ്പര്‍ക്ക പട്ടികയിലുള്ള പശ്ചാത്തലത്തില്‍ മൂന്ന് വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇവിടെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ജനപ്രതിനിധികളും മറ്റ് സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ശക്തമായ മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിവരുകയാണ്.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന മരുതോങ്കര കുറ്റ്യാടി ഭാഗങ്ങളില്‍ ജില്ല ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് സ്ഥലം എംഎല്‍എ ടി.പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ്, പൊലീസ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

കണ്ടയിന്‍മെന്റ്  സോണായി പ്രഖ്യാപിച്ച വാര്‍ഡുകളില്‍ നിലവിലുള്ള നിന്ത്രണങ്ങള്‍ തുടരുകയും അവ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. കണ്ടയിന്‍മെന്റ് സോണില്‍ നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. ഇവിടങ്ങളില്‍ ഉള്ളവര്‍ പുറത്തേക്ക് പോവാനോ പുറത്തുള്ളവര്‍ ഇവിടേക്ക് വരാനോ പാടില്ല. പൊലീസ് നിരീക്ഷണം ശക്തമാക്കും.

2018 നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലം എന്ന നിലക്ക് വളരെ ഗൗരവത്തോടെ ഇതിനെ കാണാനും മുഴുവന്‍ വാര്‍ഡുകളിലും ആര്‍ആര്‍ടി പ്രവര്‍ത്തനം ശക്തമാക്കും. പനി തുടങ്ങിയ രോഗ ലക്ഷണമുള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കേണ്ടതും ഇവര്‍ക്ക് ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കണ്ടയിന്‍മെന്റ് സോണില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ ദൗര്‍ബല്യം ഉണ്ടാകാതിരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. അങ്ങാടികളില്‍ അനാവശ്യമായി ആളുകള്‍ കൂടാന്‍ പാടില്ല ഇത് തടയാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

ഗ്രാമപഞ്ചായത്തിലെ കടകള്‍ 24 ാം തിയ്യതി വരെ രാത്രി 9 മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ പോലുള്ള ചടങ്ങുകള്‍ ആളുകളുടെ എണ്ണം കുറച്ച് കൊണ്ട് നടത്തണം. രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളും പൊതുപരിപാടികള്‍ ഒഴിവക്കണമെന്നും യോഗത്തില്‍ തീരുമാനമായി.

തോട്ടങ്ങളില്‍ നിന്ന് അടക്ക ശേഖരിക്കുന്ന കര്‍ഷകര്‍ ഗ്ലൗസ് ഉപയോഗിക്കുകയും സാനിറ്റെസര്‍ ഉപയോഗിച്ച് കൈകള്‍ കഴുകുകയും ചെയ്യേണ്ടതാണ്. പൊതു ഇടങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കാനും, പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും ഇത് പരിശോധിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കണ്ടയിന്‍മെന്റ് സോണുകളില്‍ തൊഴിലുറപ്പ് നിര്‍ത്തിവെക്കാനും മറ്റിടങ്ങളില്‍ തൊഴിലുറപ്പ് സംഘടനകളുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കാനും യോഗത്തില്‍ തീരുമാനമായി. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ് ഇതിന് ആവശ്യമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ എം. അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.വി. ആനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എ.ടി. പ്രമീള, പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ ബിനു തോമസ്, പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ ആര്‍.സി. ബിജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി.എം. സ്റ്റീഫന്‍, പി.എസ്. പ്രവീണ്‍, വി.പി. ഇബ്രാഹിം, ആനേരി നസീര്‍, ഇ.ടി. ബാലന്‍, കെ.പി. ബാലകൃഷ്ണന്‍, കെ.ജി. രാമനാരാണന്‍, എം.കെ. ഖാസിം, ഇബ്രാഹിം മാക്കൂല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146821/changaroth-tightened-restrictions-to-fight-nipah)