---
title: "നിപ ഭീതി; ആളൊഴിഞ്ഞ് പേരാമ്പ്രയും സമീപപ്രദേശങ്ങളും; അക്ഷയ കേന്ദ്രങ്ങളില്‍പോലും അപേക്ഷകര്‍ വരുന്നില്ലെന്ന് "
english_title: "Nipah fear; Depopulated Perambra and surrounding areas; Applicants do not even come to Akshaya centers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146886/nipah-fear-depopulated-perambra-and-surrounding-areas-applicants-do-not-even-come-to-akshaya-centers"
published_at: "2023-09-16T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505d3d61a32e_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നിപ ഭീതി; ആളൊഴിഞ്ഞ് പേരാമ്പ്രയും സമീപപ്രദേശങ്ങളും; അക്ഷയ കേന്ദ്രങ്ങളില്‍പോലും അപേക്ഷകര്‍ വരുന്നില്ലെന്ന് 

> **Lead Summary:** **പേരാമ്പ്ര:** അടുത്ത കാലത്തായി വിവിധ ആവശ്യങ്ങളുമായെത്തുന്നവരുടെ തള്ളിക്കയറ്റം അനുഭവപ്പെടുന്ന അക്ഷയ കേന്ദ്രങ്ങള്‍ മിക്കവയും നിപ ഭീതിയുടെ പശ്ചാത്തലത്തില്‍ ആളൊഴിഞ്ഞ അവസ്ഥയില്‍.

## Article Content

**പേരാമ്പ്ര:** അടുത്ത കാലത്തായി വിവിധ ആവശ്യങ്ങളുമായെത്തുന്നവരുടെ തള്ളിക്കയറ്റം അനുഭവപ്പെടുന്ന അക്ഷയ കേന്ദ്രങ്ങള്‍ മിക്കവയും നിപ ഭീതിയുടെ പശ്ചാത്തലത്തില്‍ ആളൊഴിഞ്ഞ അവസ്ഥയില്‍.

തങ്ങള്‍ കാലത്ത് തന്നെ കേന്ദ്രത്തിലെത്തുന്നുണ്ടെങ്കിലും അപേക്ഷകര്‍ ആരും വരുന്നില്ലെന്നാണ് ജീവനക്കാരുടെ പ്രതികരണം. പേരാമ്പ്ര മേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ കൊവിഡ് ഭീതിയില്‍ നിന്ന് കരകയറി കച്ചവട നിലമെച്ചപ്പെട്ട് വന്നപ്പോഴാണ് ഇടിത്തീ പോലെ വീണ്ടും നിപയുടെ വരവ്.

2018 ല്‍ പേരാമ്പ്രക്കടുത്ത ചങ്ങരോത്ത് പഞ്ചായത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടയാണ് നാടിന്റെ ദുര്‍ഗതി ആരംഭിച്ചത്. ഇപ്പോള്‍ നിലവില്‍ മേഖലയിലെ നിപ നിയന്ത്രണങ്ങള്‍ മൂന്ന് ദിനങ്ങള്‍ പിന്നിടുകയാണ്.

പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലുമായി കല്യാണ മണ്ഡപങ്ങളിലും ടൗണ്‍ ഹാളിലുമായി കഴിഞ്ഞ ദിവസം നടന്ന വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ആരോഗ്യ വിഭാഗം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

പൊതു പരിപാടികള്‍ ഒഴിവാക്കേണ്ടി വന്നതും വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ ചുരുക്കേണ്ടിവരുന്നതും വ്യാപാര മേഖലയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ബസ് സര്‍വ്വീസും അവതാളത്തിലായതായി തൊഴിലാളികള്‍ പറയുന്നു. കൊവിഡ് കാലത്ത് ഏറെ പ്ര ശ്‌നങ്ങളെ അഭിമുഖീകരിച്ച ബസ് വ്യവസായ മേഖല വീണ്ടും ഇതേ അവസ്ഥയിലേക്ക് നീങ്ങുമോ എന്ന ആശങ്കയും ജീവനക്കാരും ബസ് ഉടമകളും പങ്കു വെക്കുന്നുണ്ട്.

അന്ന് നിര്‍ത്തിയ നിരവധി ബസുകള്‍ക്ക് പിന്നീട് സര്‍വിസ് പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഹോട്ടല്‍, മത്സ്യ-മാംസ വില്‍പന മേഖലയേയും നിപ കാര്യമായി ബാധിച്ചു.

കച്ചവടം പലയിടങ്ങളിലും വന്‍ തോതില്‍ കുറഞ്ഞു. മലഞ്ചരക്ക്, പലവ്യഞ്ജന വിപണിയും തളര്‍ച്ചയിലേക്കു നീങ്ങുന്നതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146886/nipah-fear-depopulated-perambra-and-surrounding-areas-applicants-do-not-even-come-to-akshaya-centers)