---
title: "ജില്ലയിലെ കായികാധ്യാപകരും കായിക താരങ്ങളും പ്രതിസന്ധിയില്‍"
english_title: "Sports teachers and sports players in the district are in crisis"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147289/sports-teachers-and-sports-players-in-the-district-are-in-crisis"
published_at: "2023-09-18T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65082b634d0f7_1_SPORTS.jpg"
keywords: []
---

# ജില്ലയിലെ കായികാധ്യാപകരും കായിക താരങ്ങളും പ്രതിസന്ധിയില്‍

> **Lead Summary:** **പേരാമ്പ്ര: **ജില്ലയിലെ കായികാധ്യാപകരും കായിക താരങ്ങളും പ്രതിസന്ധിയില്‍. നിപ വൈറസ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍, കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ, ഒട്ടുമിക്ക വാര്‍ഡുകളും, കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, ജില്ലയിലെ സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ മാത്രമല്ല, മിക്ക ഉപജില്ലകളിലും മിക്കവാറും ഗെയിമുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല.

## Article Content

**പേരാമ്പ്ര: **ജില്ലയിലെ കായികാധ്യാപകരും കായിക താരങ്ങളും പ്രതിസന്ധിയില്‍. നിപ വൈറസ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍, കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ, ഒട്ടുമിക്ക വാര്‍ഡുകളും, കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, ജില്ലയിലെ സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ മാത്രമല്ല, മിക്ക ഉപജില്ലകളിലും മിക്കവാറും ഗെയിമുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല.

നാല്‍പതിന് അടുത്ത് ഗെയിംസ് മത്സരങ്ങളാണ് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വേണ്ടി ഉപജില്ലകളില്‍, റവന്യൂ ജില്ലാ മത്സരങ്ങള്‍ക്ക് മുന്നോടിയായി നടത്തി തീര്‍ക്കേണ്ടത്.

നിപ വൈറസിന്റെ സാന്നിധ്യം വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  മരുതോങ്കര ഉള്‍പ്പെടെയുള്ള പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് കുന്നുമ്മല്‍ ഉപജില്ല. ഇവിടെ ഗെയിംസ് മത്സരങ്ങളില്‍ ആദ്യ ഇനമായ വോളീബോള്‍, പവര്‍ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് എന്നീ ഇനങ്ങള്‍, നടന്നു എന്നതൊഴിച്ചാല്‍ ഹാന്‍ന്റ്  ബോള്‍, ഫുട്‌ബോള്‍ തുടങ്ങിയ ഗെയിമുകള്‍ നടക്കാന്‍ ബാക്കിയാണ്.

മിക്കവാറും എല്ലാ ഉപജില്ലകളിലും ഇതാണ് അവസ്ഥ എന്നിരിക്കെ, സംസ്ഥാന മത്സരങ്ങളുടെ കലണ്ടറിന് അനുസൃതമായി, ഈ മാസം 14, 15, 16 ന് വടകര ശ്രീ നാരായണ സ്‌കൂള്‍ , ഐ പി എം ഇന്റോര്‍ സ്റ്റേഡിയം, എന്നിവിടങ്ങളില്‍ നടക്കേണ്ടിയിരുന്ന ജില്ലാ സ്‌കൂള്‍ വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പ് കലക്ടറുടെ ഓര്‍ഡറിനെ തുടര്‍ന്ന് നിര്‍ത്തി വെക്കുകയായിരുന്നു.

15, 16 ന് താമരശ്ശേരി വെക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ നടക്കേണ്ടിയിരുന്ന ജില്ലാ സ്‌കൂള്‍ ഹാന്റ്‌ബോള്‍ മത്സരങ്ങളും മാറ്റി വെച്ചു. മരുതോങ്കര സെന്റ്  മേരീസ് ഹൈസ്‌കൂളില്‍ നടത്താനിരുന്ന കുന്നുമ്മല്‍ ഉപജില്ലാ ഹാന്റ് ബോള്‍ മത്സരങ്ങള്‍, ഉപജില്ലയിലെ തന്നെ മറ്റൊരു സ്ഥാപനമായ കായക്കൊടി കെ പി ഇ എസ് ഹൈസ്‌കൂളിലേക്ക് റവന്യൂ മാറ്റി തീരുമാനിച്ചെങ്കിലും, അവസാന ഘട്ടം സ്‌കൂള്‍ അധികൃതര്‍ അവിടെ നടത്താന്‍ വിസമ്മതിക്കുകയായിരുന്നു എന്ന്  ഉപജില്ലാ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ എം ഷഫീഖ് അറിയിച്ചു.

കായികാധ്യാപകര്‍, കണ്ടെയ്ന്‍മെന്റ്  സോണുകളില്‍ അകപ്പെട്ട് പോയതും തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് , നിയമപാലകര്‍ എന്നിവരുടെ അനുമതി ലഭിക്കാത്തതും  നാട്ടുകാരുടെയും , രക്ഷിതാക്കളുടെയും എതിര്‍പ്പും മത്സര നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്ന സ്ഥിതി വിശേഷമാണ് ജില്ലയില്‍ ഇന്ന് നിലനില്‍ക്കുന്നതെന്നും ,ജില്ലാ അത് ലറ്റിക്‌സ് അസോസിയഷന്‍, നടത്തിയ സിലക്ഷന്‍ ട്രയന്‍ , നിയമപാലകരും നാട്ടുകാരും ഇടപ്പെട്ട് നിര്‍ത്തലാക്കുകയും , ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ പേരില്‍ , കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരിക്കുന്നുവെന്നും ഷഫീഖ് അറിയിച്ചു.

റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് വേണ്ടി ഒക്ടോബര്‍ 12, 13, 14 തീയ്യതികളില്‍ ജില്ലാ മത്സര കലണ്ടര്‍ തയ്യാറാക്കിയിരുന്നെങ്കിലും, മഹാമാരിയുടെ പാശ്ചാത്തലത്തില്‍, ഒരു ഉപജില്ലയിലും മത്സരങ്ങള്‍ സമയബന്ധിതമായി നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് കായികാധ്യാപകര്‍.

മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയ ജില്ലയാണ് കോഴിക്കോട്. കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മൂന്നാം സ്ഥാനം നേടിയ ജില്ലയാണ് കോഴിക്കോട്.

സംസ്ഥാനത്ത് മറ്റ് ജില്ലകള്‍ക്ക് വിലക്കുകള്‍ നിലവിലില്ല എന്നിരിക്കെ, സംസ്ഥാന മത്സരങ്ങള്‍ സമയത്ത് തന്നെ സംഘടിപ്പിക്കുമ്പോള്‍ മഹാമാരിയില്‍ പ്രയാസപ്പെടുന്ന  കോഴിക്കോട് ജില്ലയിലെ , മാസങ്ങള്‍ക്ക് മുന്‍പ് പരിശീലനം നടത്തി ഗെയിംസ് & അത് ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് തയ്യാറെടുത്ത കായിക താരങ്ങള്‍ക്ക് തങ്ങളുടെ വിലയേറിയ അവസരങ്ങളാണ് നഷ്ടപ്പെടാന്‍ പോകുന്നത്.

ആയത് കൊണ്ട് സംസ്ഥാന മത്സരങ്ങളുടെ തീയ്യതികളില്‍, മാറ്റം വരുത്തിക്കൊണ്ട് കോഴിക്കോട് ജില്ലയിലെ കായിക താരങ്ങള്‍ക്കും , അവരുടെ അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുവാന്‍ അവസരം, സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് , പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍, സംസ്ഥാന കായികാധ്യാപക സംഘടന എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കായികാധ്യാപക സംഘടനയുടെ ജില്ലാ നേതൃത്വം. ജില്ലാ പ്രസിഡണ്ട് ദിലീപ് കുമാര്‍ , സെക്രട്ടറി ഷമീം, ട്രഷറര്‍ എം ഷഫീഖ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147289/sports-teachers-and-sports-players-in-the-district-are-in-crisis)