---
title: "#Garbagedumped |ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പുഴയില്‍ മാലിന്യം തള്ളിയ നിലയില്‍ "
english_title: "Garbage dumped in the river near Changaroth Family Health Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147810/garbage-dumped-in-the-river-near-changaroth-family-health-centre"
published_at: "2023-09-20T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650b10fe6dc5f_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #Garbagedumped |ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പുഴയില്‍ മാലിന്യം തള്ളിയ നിലയില്‍ 

> **Lead Summary:** **പേരാമ്പ്ര :** കടിയങ്ങാട് ചെറുപുഴയില്‍ മാലിന്യം തള്ളിയ നിലയില്‍. ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുറകിലായാണ് പുഴയോരത്ത് പ്ലാസ്റ്റിക് ചാക്കുകളിലായി മാലിന്യം തള്ളിയത്. ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കോവുമ്മന്‍ താഴ ഭാഗത്താണ് മാലിന്യ നിക്ഷേപമുള്ളത്.

## Article Content

**പേരാമ്പ്ര :** കടിയങ്ങാട് ചെറുപുഴയില്‍ മാലിന്യം തള്ളിയ നിലയില്‍. ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുറകിലായാണ് പുഴയോരത്ത് പ്ലാസ്റ്റിക് ചാക്കുകളിലായി മാലിന്യം തള്ളിയത്. ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കോവുമ്മന്‍ താഴ ഭാഗത്താണ് മാലിന്യ നിക്ഷേപമുള്ളത്.

വീടുകളിലെ മാലിന്യമാണിതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ചാക്കുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ചെരുപ്പുകള്‍ തുടങ്ങിയ മാലിന്യങ്ങളുമാണുള്ളത്.

നാട്ടുകാര്‍ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗം എം. മുബഷിറയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഗ്രാമപഞ്ചായത്തില്‍ വീടുകളില്‍ നിന്നും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ എംസിഎഫില്‍ എത്തിച്ച് തരം തിരിച്ച് മാലിന്യം ശേഖരിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറും. ഹരിത കര്‍മ്മ സ്വീകരിക്കുന്ന മാലിന്യങ്ങള്‍ക്ക് അളവിനനുസരിച്ച് നിശ്ചിത ചാര്‍ജ്ജ് നല്‍കണം.

എന്നാല്‍ ചിലയിടങ്ങളില്‍ ചെറിയ ചാര്‍ജ് നല്‍കാതെ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് നല്‍കാതെ പൊതു ഇടങ്ങളില്‍ നിക്ഷേപിക്കുന്നതായി പരാതിയുണ്ട്.

ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടിയങ്ങാട് ചെറുപുഴയോരത്ത് ലഹരി ഉപയാഗം വര്‍ദ്ധിച്ചു വരുന്നതായും അസമയത്ത് പോലും യുവാക്കള്‍ ഇവിടെ എത്തിച്ചേരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147810/garbage-dumped-in-the-river-near-changaroth-family-health-centre)