---
title: "#Karate| ജക്കാര്‍ത്തയില്‍ ത്രിവര്‍ണ്ണ പതാക പാറിച്ച് കല്പത്തൂര്‍ സ്വദേശിനി റിത്വിക റാം"
english_title: "Ritwika Ram, a native of Kalpathur, hoisted the tricolor flag in Jakarta"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148649/ritwika-ram-a-native-of-kalpathur-hoisted-the-tricolor-flag-in-jakarta"
published_at: "2023-09-24T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ffa9e6ce05_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# #Karate| ജക്കാര്‍ത്തയില്‍ ത്രിവര്‍ണ്ണ പതാക പാറിച്ച് കല്പത്തൂര്‍ സ്വദേശിനി റിത്വിക റാം

> **Lead Summary:** ** പേരാമ്പ്ര :** ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച പേരാമ്പ്ര കല്പത്തൂര്‍ സ്വദേശിനി പി.എം. റിത്വിക റാം മിന്നുന്ന പ്രകടനം കാഴ്ച വെച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി ത്രിവര്‍ണ്ണ പതാക പാറിച്ചു.

## Article Content

** പേരാമ്പ്ര :** ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച പേരാമ്പ്ര കല്പത്തൂര്‍ സ്വദേശിനി പി.എം. റിത്വിക റാം മിന്നുന്ന പ്രകടനം കാഴ്ച വെച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി ത്രിവര്‍ണ്ണ പതാക പാറിച്ചു.

ജക്കാര്‍ത്തയില്‍ നടന്ന പത്താമത് ഷിറ്റോ റ്യൂ കരാട്ടെ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ ഷിപ്പിലാണ് രാജ്യത്തിന് വേണ്ടി വലിയ നേട്ടം കൈവരിക്കാന്‍ വാല്യക്കോട് പ്രവര്‍ത്തിക്കുന്ന സെന്‍ ഷിറ്റോ റ്യൂ കരാട്ടെ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായ പി.എം. റിത്വിക റാമിന് കഴിഞ്ഞത്.

പെണ്‍കുട്ടികളുടെ 8-9 വിഭാഗത്തില്ലാണ് വാല്യക്കോട് എയുപി സ്‌ക്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിത്വിക റാം വെള്ളി മെഡല്‍ കരസ്ഥമാക്കി രാജ്യത്തിനും നാടിനും അഭിമാനമായത്.

ഈ വിഭാഗത്തില്‍ റഷ്യയുടെ കിബേരവ അലക്‌സാഡ്ര സ്വര്‍ണ്ണവും ഫിലിപൈന്‍സിലെ ലൊറൈനേ ഗ്രേസ് ബി റഗനിലും , ഇന്തോനേഷ്യയുടെ കിനാര അറാഫയും വെങ്കലവും നേടി.

കല്പത്തൂര്‍ പുനത്തില്‍ മീത്തല്‍ രമിലിന്റെയും വാല്യക്കോട് എയുപി സ്‌ക്കൂള്‍ അധ്യാപിക അനുശ്രീയുടെയും മകളാണ് റിത്വിക. ജൂലായില്‍ മൈസുരുവില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയാണ് അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത കുറിച്ചത്.

കഴിഞ്ഞ വര്‍ഷം ജില്ല സംസ്ഥാന തലങ്ങളില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്. വാല്യക്കോട് സെന്‍ ഷിറ്റോ റ്യൂ കരാട്ടെ സ്‌ക്കൂളിലെ കെ.എം. ലാല്‍ജിത്തിന്റെ കീഴിലാണ് റിത്വിക പരിശീലനം നടത്തി വരുന്നത്.

കൊറോണയുടെ അവസാന നാളുകളിലാണ് വാല്യക്കോട് ആക്കൂപറമ്പ് സ്വദേശിയും കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ഐടി ജീവനക്കാരനുമായ ലാല്‍ജിത്ത് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കായ് കരാട്ടെ പരിശീലനം ആരംഭിച്ചത്.

ലാല്‍ജിത്തിന്റെ ശിഷ്യരായ തന്മയ, അഭയ് ലാല്‍, എന്നിവരും അന്താരാഷ്ട്ര ചാമ്പ്യഷിപ്പില്‍ മത്സരിച്ചിരുന്നു. തങ്ങളുടെ മക്കള്‍ക്ക് സ്വയം പ്രതിരോധത്തിന് ആവശ്യമായ കര്യങ്ങള്‍ സ്വായത്തമാക്കാന്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് രക്ഷിതാക്കള്‍ കുട്ടികളെ ക്ലാസിനയച്ചു തുടങ്ങിയത്.

എന്നാല്‍ ഇന്ന് അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഈ കുരുന്ന്. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148649/ritwika-ram-a-native-of-kalpathur-hoisted-the-tricolor-flag-in-jakarta)