---
title: "ജനങ്ങളോടൊപ്പം നിന്ന നേതാവ് ; പ്രേംനാഥിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയര്‍പ്പിച്ച് കെ.കെ രമ എംഎല്‍എ "
english_title: "A leader who stood with the people; KK Rama MLA paid a tearful last tribute to Premnath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/149766/a-leader-who-stood-with-the-people-kk-rama-mla-paid-a-tearful-last-tribute-to-premnath"
published_at: "2023-09-29T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65168eaf7128d_1_premw.jpg"
keywords: []
---

# ജനങ്ങളോടൊപ്പം നിന്ന നേതാവ് ; പ്രേംനാഥിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയര്‍പ്പിച്ച് കെ.കെ രമ എംഎല്‍എ 

> **Lead Summary:** **പേരാമ്പ്ര:** ചിരിച്ച മുഖത്തോടെ ജനങ്ങളോടൊപ്പം നിന്ന വടകരയുടെ മുന്‍ എംഎല്‍എയും സോഷ്യലിസ്റ്റ് നേതാവുമായ അഡ്വ. എം.കെ പ്രേംനാഥിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയപ്പിച്ച് കെ.കെ രമ എംഎല്‍എ.

## Article Content

**പേരാമ്പ്ര:** ചിരിച്ച മുഖത്തോടെ ജനങ്ങളോടൊപ്പം നിന്ന വടകരയുടെ മുന്‍ എംഎല്‍എയും സോഷ്യലിസ്റ്റ് നേതാവുമായ അഡ്വ. എം.കെ പ്രേംനാഥിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയപ്പിച്ച് കെ.കെ രമ എംഎല്‍എ.

കടത്തനാട്ടിലെ ത്യാഗവരികളായ കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താവുന്ന സോഷ്യലിസ്റ്റ് പോരാളിയായിരുന്നു ഇന്ന് വടകരയുടെ രാഷ്ട്രീയ ഭൂമികയില്‍ നിന്ന് വിടപറഞ്ഞ അഡ്വ. എം.കെ പ്രേം നാഥെന്ന് ഇളംമുറയിലെ അധികമാര്‍ക്കും അറിയില്ലെന്നും കറകളഞ്ഞ സോഷ്യലിസ്റ്റും മനുഷ്യസ്‌നേഹിയും രാഷ്ട്രീയ നൈതികതയും പുലര്‍ത്തിയ അപൂര്‍വ വ്യക്തിത്വമായിരുന്നു പ്രേംനാഥനെന്നും അവര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി കാലം മുതല്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃപദവിയിലുണ്ടായ പ്രേംനാഥ് ജീവിതത്തിലുടനീളം രാഷ്ട്രീയ വിശുദ്ധി കാത്തുസൂക്ഷിച്ച വ്യക്തിയാണെന്നും രാഷ്ട്രീയമായി വ്യത്യസ്ത ധാരകളില്‍ നില്‍ക്കുമ്പോഴും എല്ലാ കാര്യങ്ങളും മറയില്ലാതെ സംവദിച്ച വ്യക്തിത്വമായിരുന്നെന്നും ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ വ്യക്തിപരമായും രാഷ്ട്രീയ പിന്തുണയോടെയും ഒപ്പം നിന്ന മനുഷ്യസ്‌നേഹിയായിരുന്നു അദേഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അടിയന്തരാവസ്ഥയുടെ ക്രൂരമര്‍ദനങ്ങളുടെ അവശേഷിപ്പ് ശരിരത്തില്‍ വേദനയുളവാക്കുമ്പോഴും ചിരിച്ച മുഖത്തോടെ ജനങ്ങളോടൊപ്പം നിന്ന പ്രിയപ്പെട്ട പ്രേംനാഥിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയര്‍പ്പിക്കുന്നതായും കെ.കെ രമ അനുശോചന കുറിപ്പില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/149766/a-leader-who-stood-with-the-people-kk-rama-mla-paid-a-tearful-last-tribute-to-premnath)