---
title: "വിനോദ സഞ്ചാര കേന്ദ്രമാകാന്‍ ഒരുങ്ങി ചേര്‍മല; ടൂറിസം പദ്ധതിക്ക് 3.59 കോടി അനുവദിച്ചു"
english_title: "Chermala ready to become a tourist destination; 3.59 crore has been sanctioned for the tourism project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15001/chermala-ready-to-become-a-tourist-destination-359-crore-has-been-sanctioned-for-the-tourism-project"
published_at: "2021-12-08T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b038d1c0f32_kk.jpg"
keywords: []
---

# വിനോദ സഞ്ചാര കേന്ദ്രമാകാന്‍ ഒരുങ്ങി ചേര്‍മല; ടൂറിസം പദ്ധതിക്ക് 3.59 കോടി അനുവദിച്ചു

> **Lead Summary:** ** പേരാമ്പ്ര:** സഞ്ചാരികളുടെ കണ്ണുകള്‍ക്ക് ദൃശ്യവിരുന്നേകാന്‍ ഇനി ചേര്‍മലയും. ചേര്‍മലയില്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ 3.59 കോടി രൂപയുടെ ഭരണാനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

## Article Content

** പേരാമ്പ്ര:** സഞ്ചാരികളുടെ കണ്ണുകള്‍ക്ക് ദൃശ്യവിരുന്നേകാന്‍ ഇനി ചേര്‍മലയും. ചേര്‍മലയില്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ 3.59 കോടി രൂപയുടെ ഭരണാനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

പൊതുജനങ്ങള്‍ക്ക് സായാഹ്നങ്ങള്‍ ചെലവിടാന്‍ പാര്‍ക്കുകളൊന്നും നിലവിലില്ലാത്ത പേരാമ്പ്രയിലെ ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ് ഈ പദ്ധതി. നേരത്തേ, ഡി.ടി.പി.സി. നേതൃത്വത്തില്‍ ആറുകോടിയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പദ്ധതിക്കായ് 3.59 കോടി അനുവദിച്ചത്.

ഓപ്പണ്‍ എയര്‍ തിയേറ്റര്‍ ഉള്‍പ്പെടെ പാര്‍ക്കിനാവശ്യമായ അടിസ്ഥാനവികസനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുക. സ്ഥലത്തിന്റെ ലാന്‍ഡ് സ്‌കേപ്പിങ് നടത്തി പാര്‍ക്കൊരുക്കല്‍, കരകൗശലവസ്തുക്കളുടെ വില്‍പ്പനയ്ക്കായി വര്‍ക്ക് ഷെഡ്, നടപ്പാത, സഞ്ചാരികള്‍ക്കായി പ്രാഥമിക സൗകര്യങ്ങളൊരുക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

ചേര്‍മലയിലും സമീപത്തെ നരിക്കിലാപുഴ കേന്ദ്രീകരിച്ചും ടൂറിസം പദ്ധതി നടപ്പാക്കാന്‍ ആലോചന തുടങ്ങിയത്. പേരാമ്പ്ര പഞ്ചായത്തിലെ ഈ കുന്നിന്‍പ്രദേശം മേഖലയിലെ ഉയര്‍ന്നഭാഗമായതിനാല്‍ സഞ്ചാരികള്‍ക്ക് കണ്ണിനു കുളിര്‍മയേകുന്ന കാഴ്ച്ചയേകുന്ന പേരാമ്പ്ര മുഴുവനായി കാണാന്‍ കഴിയുന്ന വിദൂര ദൃശ്യം വശ്യമനോഹരമാണ്.

നരിനഞ്ചയെന്ന ചെങ്കല്‍ ഗുഹയും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തില്‍ ഗുഹയുടെ കുറച്ചുഭാഗത്ത് പരിശോധന നടത്തുകയും മണ്ണ് നീക്കം ചെയ്തിട്ടുള്ളതിനാല്‍ ഗുഹക്കുള്ളിലൂടെയും സഞ്ചരിക്കാവുന്നതാണ്. മനോഹരമായ സൂര്യഗ്രഹണമുള്‍പ്പെടെ പ്രകൃതിഭംഗിയും ആസ്വദിക്കാനാകും. 

നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്നു കഴിയുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ചേര്‍മല. നിരവധി പേര്‍ ഇപ്പോഴും ദിനം പ്രതി ഇവിടെ കാഴ്ച്ചകള്‍ കാണാന്‍ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15001/chermala-ready-to-become-a-tourist-destination-359-crore-has-been-sanctioned-for-the-tourism-project)