---
title: " പുതിയ ചുവടുവെപ്പുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ കടുവ സഫാരി പാര്‍ക്ക്"
english_title: "Tiger Safari Park in Chakittipara Gram Panchayat with a new step"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150339/tiger-safari-park-in-chakittipara-gram-panchayat-with-a-new-step"
published_at: "2023-10-01T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651995349f65e_safari.jpg"
keywords: []
---

#  പുതിയ ചുവടുവെപ്പുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ കടുവ സഫാരി പാര്‍ക്ക്

> **Lead Summary:** **ചക്കിട്ടപാറ: **കടുവ സഫാരി പാര്‍ക്ക് ചക്കിട്ടപാറ പഞ്ചായത്തില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇതിന്റെ നിയമാവലിയും വ്യവസ്ഥകളും വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു.

## Article Content

**ചക്കിട്ടപാറ: **കടുവ സഫാരി പാര്‍ക്ക് ചക്കിട്ടപാറ പഞ്ചായത്തില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇതിന്റെ നിയമാവലിയും വ്യവസ്ഥകളും വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു.

ഡിഎഫ്ഒസി അബ്ദുള്‍ ലത്തീഫ് വിഷയം വിശദീകരിച്ചു.കടുവ സഫാരി പാര്‍ക്ക് സംരക്ഷിത പ്രദേശമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അഞ്ച് മീറ്റര്‍ ഉയരത്തില്‍ ചുറ്റുമതില്‍ സ്ഥാപിച്ച് അതിനുള്ളിലാണ് കടുവകളെ പാര്‍പ്പിക്കുക. മിനിമം 40 ഹെക്ടര്‍ സ്ഥലമാണു ഇതിനു വേണ്ടത്. പെരുമണ്ണാമൂഴിയില്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.

നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളുടെ പ്രാഥമിക പരിശോധന മാത്രമാണ് നടന്നത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള മേല്‍ഘടക സംവിധാനങ്ങളുടെ പരിശോധനകള്‍ കഴിഞ്ഞ് അനുകൂല തീരുമാനം ഉണ്ടായാല്‍ മാത്രമേ സഫാരി പാര്‍ക്കിന്റെ അന്തിമ രൂപം കൈ വരുകയുള്ളൂ.

മൃഗശാലകളുടെ മറ്റൊരു പതിപ്പ് മാത്രമാണ് കടുവ സഫാരി പാര്‍ക്ക്. ടൂറിസം വികസനമാണ് പ്രധാന ലക്ഷ്യം. പ്രവേശന ഫീസ് ഏര്‍പ്പെടുത്തി കവചിത വാഹനങ്ങളില്‍ സന്ദര്‍ശകരെ പാര്‍ക്കിനുള്ളില്‍ യാത്ര ചെയ്യിച്ച് കടുവകളെ കാണാനുള്ള അവസരം ഒരുക്കുന്ന പദ്ധതിയാണിത്.

ബഫര്‍സോണ്‍ പോലുള്ള നിയമ പ്രശ്‌നങ്ങള്‍ ഇതില്‍ ഉണ്ടാവുകയില്ല. ഇതിന്റെ നടത്തിപ്പ് പൂര്‍ണമായും സംസ്ഥാന വനം വന്യജീവി വകുപ്പിനാണ്. അതേസമയം യോഗത്തില്‍ സംബന്ധിച്ച ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചില നിബന്ധനകള്‍ മുന്നോട്ടു വച്ചു.

വനാതിര്‍ത്തി മേഖലയില്‍ നിലവില്‍ ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിനു അറുതി വരുത്തണം. വനം വകുപ്പിന്റെ എതിര്‍പ്പ് കാരണം തടസ്സപ്പെട്ടിരിക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് പൂര്‍ത്തിയാക്കണം.

കക്കയം പെരുവണ്ണാമൂഴി റോഡും ഫലപ്രാപ്തി യിലെത്തിക്കണം. ഈ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ നയത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു. വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് 18 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സോളാര്‍ ഹാങ്ങിങ് വൈദ്യുതി വേലി നിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു. മലയോര ഹൈവേയുടെ റൂട്ട് മരുതോങ്കരയില്‍ നിന്ന് ചെമ്പനോട വഴിയാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു.

വയനാട് ബദല്‍ റോഡ് വിഷയത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. വ്യത്യസ്ത കമ്മിറ്റികള്‍ ഏകോപിപ്പിച്ച് ഒരു കമ്മിറ്റിയായി പ്രവര്‍ത്തിക്കാനുള്ള വേദിയൊരുക്കും.

ഇതിനായി അടുത്തമാസം 17ന് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ കണ്‍വെന്‍ഷന്‍ ചേരും.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ പി ബാബു, ജെയിംസ് മാത്യു, ബാബു പുതുപ്പറമ്പില്‍, രാജീവ് തോമസ്, ആവള ഹമീദ്, ബേബി കാപ്പുകാട്ടില്‍, പി.എം ജോസഫ്, ബോസ് താതകുന്നേല്‍, ബിജു ചെറുവത്തൂര്‍, പി.സി സുരാജന്‍, രാജന്‍ വര്‍ക്കി, കെഎ ജോസുകുട്ടി, ജിതേഷ് മുതുകാട്, പി വാസു, എ ജി ഭാസ്‌കരന്‍, ബിന്ദുവത്സന്‍, ഇ എം ശ്രീജിത്ത്, റെജി കോച്ചേരി, അമ്മത് പെരിഞ്ചേരി, ആലീസ് പുതിയേടത്ത്, ബിന്ദു സജി, വിനിഷ ദിനേശ്, വിനീത മനോജ് പങ്കെടുത്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് സ്വാഗതവും വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. കെ ശശി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150339/tiger-safari-park-in-chakittipara-gram-panchayat-with-a-new-step)