---
title: "അശ്വന്തിന്റെ മരണം; പൊലീസിന് അനങ്ങാപാറ നയം - കെ.എം. അഭിജിത്ത് "
english_title: "Ashwant's death; Anangapara policy for police - KM Abhijit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15085/ashwants-death-anangapara-policy-for-police-km-abhijit"
published_at: "2021-12-08T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0859142a8a_0000 WATERMARK.jpg"
keywords: []
---

# അശ്വന്തിന്റെ മരണം; പൊലീസിന് അനങ്ങാപാറ നയം - കെ.എം. അഭിജിത്ത് 

> **Lead Summary:** **പേരാമ്പ്ര:** കണ്ണൂര്‍ ഗവ: പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി അശ്വന്ത് കോളജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കാര്യക്ഷമമല്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞു. അശ്വന്തിന്റെ വീട് അഭിജിത്ത് സന്ദര്‍ശിച്ചു.

## Article Content

**പേരാമ്പ്ര:** കണ്ണൂര്‍ ഗവ: പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി അശ്വന്ത് കോളജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കാര്യക്ഷമമല്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞു. അശ്വന്തിന്റെ വീട് അഭിജിത്ത് സന്ദര്‍ശിച്ചു.

മരണം നടന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടും രക്ഷിതാക്കളുടെ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. അശ്വന്തിന്റെ ഫോണ്‍ പൊലീസ് വാങ്ങിയിട്ടുണ്ടെങ്കിലും അതിലെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചിട്ടില്ല.

മരിക്കുന്ന ദിവസം അര്‍ദ്ധരാത്രി 1.30 ന് അശ്വന്ത് ഫോണ്‍ ചെയ്തതായി സഹപാഠികള്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. 1.56 വരെ ഓണ്‍ലൈനിലും ഉണ്ടായിരുന്നു. ആരുമായിട്ടാണ് അശ്വന്ത് സംസാരിച്ചതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബന്ധുക്കളെ അറിയിക്കാനുള്ള ഉത്തരവാദിത്വം പൊലീസിനുണ്ടെന്നും അഭിജിത്ത് ചൂണ്ടിക്കാട്ടി.

അശ്വന്തിനെ മരിച്ച നിലയില്‍ കാണപ്പെട്ട ഹോസ്റ്റലില്‍ പുറമെ നിന്ന് ആളുകള്‍ എത്തുന്നതടക്കമുള്ള റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ഹോസ്റ്റല്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ പ്രവര്‍ത്തനത്തെ കുറിച്ചും അന്വേഷണം വേണം. വീട്ടിലോ കോളജിലോ അശ്വന്ത് ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാഹചര്യവും നിലനില്‍ക്കുന്നില്ല.

മരണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്ക് നിരവധി സംശയങ്ങളുണ്ട്. ഈ സംശയങ്ങളെല്ലാം നിവാരണം ചെയ്യാന്‍ പൊലീസ് തയ്യാറാവണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. കെഎസ്‌യു സംസ്ഥാന സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ അര്‍ജുന്‍ പൂനത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് ഫായിസ് നടുവണ്ണൂര്‍ എന്നിവരും അഭിജിത്തിനൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15085/ashwants-death-anangapara-policy-for-police-km-abhijit)