---
title: "പേരാമ്പ്രയില്‍ ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവം; ഉപരോധവുമായി ഡിവൈഎഫ്ഐ "
english_title: "Housewife dies after being hit by a bus in Perampra; DYFI with sanctions"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151091/housewife-dies-after-being-hit-by-a-bus-in-perampra-dyfi-with-sanctions"
published_at: "2023-10-04T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d78e047ace_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# പേരാമ്പ്രയില്‍ ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവം; ഉപരോധവുമായി ഡിവൈഎഫ്ഐ 

> **Lead Summary:** **പേരാമ്പ്ര : **കഴിഞ്ഞ ദിവസം പേരാമ്പ്ര ലാസ്റ്റ് കല്ലോട് സംസ്ഥാന പാതയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അമിത വേഗതയില്‍ എത്തിയ ബസിടിച്ച് കടിയങ്ങാട് സ്വദേശിനിയായ വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ റോഡ് ഉപരോധിച്ചു.

## Article Content

**പേരാമ്പ്ര : **കഴിഞ്ഞ ദിവസം പേരാമ്പ്ര ലാസ്റ്റ് കല്ലോട് സംസ്ഥാന പാതയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അമിത വേഗതയില്‍ എത്തിയ ബസിടിച്ച് കടിയങ്ങാട് സ്വദേശിനിയായ വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ റോഡ് ഉപരോധിച്ചു.

ഉപരോധ സമരത്തിന് ശേഷം പ്രതിഷേധക്കാരും ബസ് ജീവനക്കാരും തമ്മില്‍ ചെറിയ സംഘര്‍ഷവും നടന്നു. രണ്ട് പേര്‍ക്ക് പരുക്കേറ്റു.

കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നടത്തുന്ന ബസുകളെ നിലയ്ക്കു നിര്‍ത്തുക, ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക, മനുഷ്യ ജീവനുകള്‍ക്ക് വിലകല്പിക്കാത്ത മത്സര ഓട്ടങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്റ് പരിസരത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയേറ്റ് അംഗം എം.എം. ജിജേഷ് ഉദ്ഘാടനം ചെയ്തു.

എസ്എഫ്ഐ ഏരിയ സെക്രട്ടറി ആര്‍.എസ്. അമല്‍ജിത്ത് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വി.കെ. അമര്‍ ഷാഹി, ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗം സി.കെ. രൂപേഷ്, എം.എം. അതുല്‍ദാസ്, ആര്‍. ബിനില്‍രാജ്, അക്ഷയ് മനോജ് എന്നിവര്‍ സംസാരിച്ചു.

ഏറെ നേരം സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ കെ. ജിതിന്‍ വ്യാസ്, പേരാമ്പ്ര ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ പി. സുനീഷ് എന്നിവര്‍ സമര നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസുകള്‍ കടത്തിവിടുന്നതിനിടയില്‍ ബസ് ജീവനക്കാരും സമരക്കാരും വാക്വാദങ്ങള്‍ ഉണ്ടാവുകയും അത് ചെറിയ സംഘര്‍ഷത്തിലേക്ക് നയിക്കുകയുമായിരുന്നു.

ഇതില്‍ പരുക്കേറ്റ ബസ് ജീവനക്കാരായ അഖില്‍ (30), അശ്വിന്‍ രാജ് (26) എന്നിവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151091/housewife-dies-after-being-hit-by-a-bus-in-perampra-dyfi-with-sanctions)