---
title: "ചെറുവണ്ണൂര്‍ ബാങ്ക് ക്രമക്കേട്: മുയിപ്പോത്ത് ശാഖയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് മുസ്ലീം ലീഗ് കമ്മിറ്റി "
english_title: "Cheruvannur Bank Irregularity: Muslim League Committee organizes march to Muipoth branch"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151102/cheruvannur-bank-irregularity-muslim-league-committee-organizes-march-to-muipoth-branch"
published_at: "2023-10-04T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d82301277d_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ബാങ്ക് ക്രമക്കേട്: മുയിപ്പോത്ത് ശാഖയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് മുസ്ലീം ലീഗ് കമ്മിറ്റി 

> **Lead Summary:** **മുയിപ്പോത്ത് : **ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുയിപ്പോത്ത് ശാഖയില്‍ നടന്ന ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുയിപ്പോത്ത് ശാഖയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**മുയിപ്പോത്ത് : **ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുയിപ്പോത്ത് ശാഖയില്‍ നടന്ന ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുയിപ്പോത്ത് ശാഖയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുക, നിക്ഷേപകരുടെ ആശങ്കകള്‍ അകറ്റുക, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് ബാങ്ക് കവാടത്തില്‍ മേപ്പയ്യൂര്‍ പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദ്, സബ്ബ് ഇന്‍സ്പക്ടര്‍ പി.കെ. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

സിപിഎം നേതൃത്വം നല്‍കുന്ന സഹകരണ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ സമരവുമായി രംഗത്ത് വരുമ്പോള്‍ സിപിഎമ്മിന്റെ പ്രതികരണം ബിജെപി കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനും വിഴുങ്ങാനും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും അതിന് ആക്കം കൂട്ടുന്ന നടപടികളാണ് യുഡിഎഫും ലീഗും സ്വീകരിക്കുന്നതെന്നുമാണ്.

ബിജെപി ഈ രാജ്യം മുച്ചൂടും കൊള്ളയടിക്കുകയാണെന്നും ആ ബിജെപി കേരളക്കരയെ ലക്ഷ്യം വെക്കുമ്പോള്‍ സഹകരണമേഖലയെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അതിശക്തമായി സമര രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെല്ലായിടത്തും സഹകരണ പ്രസ്ഥാനങ്ങള്‍ ആരംഭിച്ചത് സിപിഎം അല്ലെന്നും ചെറുവണ്ണൂര്‍ ഉള്‍പ്പെടെ എല്ലായിടത്തും സഹകരണസ്ഥാപനങ്ങള്‍ സിപിഎം പിടിച്ചെടുത്തതാണെന്നും പാറക്കല്‍ കുറ്റപ്പെടുത്തി.

സഹകരണ മേഖലയെ കൊള്ളയടിക്കാമെന്നാണ് സിപിഎം വ്യാമോഹിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും അതിന് അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുവണ്ണൂര്‍ സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേട് ആക്ഷേപമോ ആരോപണമോ അല്ല, അഴിമതി നടന്നതായി ബാങ്ക് ചെയര്‍മാനും ഡയറക്ടര്‍മാരും വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞതാണ്.

ഈ വിഷയത്തില്‍ അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു. മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.വി. മുനീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ. നൗഫല്‍, ഒ. മമ്മു, സി.പി. കുഞ്ഞമ്മദ്, കെ.പി. അഫ്സല്‍, ആര്‍.എം. താഹിറ, പി. മുംതാസ്, ഇ.കെ. സുബൈദ തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ചിന് കെ.ടി.കെ. കുഞ്ഞമ്മദ്, പാച്ചിലേടത്ത് കുഞ്ഞമ്മദ് ഹാജി, ബി.എം. ഇല്യാസ്, എം. ബക്കര്‍, ബി.എം. മൂസ്സ, കെ.കെ. മജീദ്, എം.കെ. ഇബ്രാഹിം, പി. മൂസ്സ, എന്‍.കെ. അബ്ദുറഹ്മാന്‍, സി. ഷാഹിന, കെ. സലീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151102/cheruvannur-bank-irregularity-muslim-league-committee-organizes-march-to-muipoth-branch)