---
title: "കെഎസ്എഫ്ഇ ഏജന്റുമാര്‍ അനിശ്ചിതകാല സമരത്തില്‍ "
english_title: "KSFE agents on indefinite strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151244/ksfe-agents-on-indefinite-strike"
published_at: "2023-10-05T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e68e3074a5_1_k_press.jpg"
keywords: []
---

# കെഎസ്എഫ്ഇ ഏജന്റുമാര്‍ അനിശ്ചിതകാല സമരത്തില്‍ 

> **Lead Summary:** **പേരാമ്പ്ര: ** കെഎസ്എഫ്ഇ ഏജന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഏജന്റുമാരുടെ അനിശ്ചിതകാല നിസ്സഹകരണ സമരം ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: ** കെഎസ്എഫ്ഇ ഏജന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഏജന്റുമാരുടെ അനിശ്ചിതകാല നിസ്സഹകരണ സമരം ആരംഭിച്ചു.

കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയും, ആകാരണമായി നിലവില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഏജന്റുമാരെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ പോകുന്ന കെഎസ്എഫ്ഇ മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നിലപാടിനെതിരെയുമാണ് ഏജന്റുമാരുടെ നിസ്സഹകരണ സമരം നടത്തുന്നത്.

കൂടാതെ ഏജന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏജന്റിന്റെ ഒപ്പ് പോലും സ്വീകരിക്കാതെ ഏജന്റിന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി ഏജന്റ് മഴയത്തും വെയിലത്തും ജോലി ചെയ്തുണ്ടാക്കുന്ന വേതനത്തില്‍ നിന്നും 5 ശതമാനം ഈ അക്കൗണ്ടിലേക്ക് മാറ്റി പിടിച്ചു വെക്കുന്ന തൊഴിലാളി ദ്രോഹ നിലപാടിനെതിരെയുമാണ് നിസ്സഹകരണ സമരം നടത്തുന്നതെന്ന്  നേതാക്കള്‍ പറഞ്ഞു.

സ്ഥാപനത്തിന്റെ മുന്‍കാല മാനേജ്മെന്റുകള്‍ സ്ഥാപനം വളര്‍ത്താന്‍ വേണ്ടി എല്ലാ തൊഴിലാളികളെയും ഒരുമിച്ചു നിര്‍ത്തി മുന്‍പോട്ട് പോയി വളരെ ലാഭത്തിലാക്കുന്ന സമീപനമാണ് ഇത് വരെ സ്വീകരിച്ചു പോന്നിരുന്നത്. എന്നാല്‍ ഈ മാനേജ്‌മെന്റ്  വന്നതിന് ശേഷം ശതമാനത്തിന്റെ പേര് പറഞ്ഞു തൊഴിലാളികളെ പിരിച്ചു വിട്ട് സ്ഥാപനത്തെ തകര്‍ക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

ഇതിനെതിരെ ശക്തമായ സമരവുമായി മുന്‍പോട്ട് പോകുമെന്നും, എന്ത് വില കൊടുത്തും ഏജന്റുമാരെയും കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലയിലുള്ള ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ യെ സംരക്ഷിക്കുമെന്നും ഏജന്റ്‌സ് അസോസിയേഷന്‍ (CITU) സംസ്ഥാന ട്രെഷറര്‍ കെ.ടി യൂസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം വിനീഷ്, കെ.ടി ധര്‍മ്മന്‍, ടി. ജിനീഷ്, ജില്ലാ ട്രെഷറര്‍ അജയകുമാര്‍, സിറ്റി മേഖല സെക്രട്ടറി യു ബിജു തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151244/ksfe-agents-on-indefinite-strike)